കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് മേഖലയിലെ അവാര്‍ഡ്: റിനെറ്റ് സെബാസ്റ്റ്യന്‍ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു
May 30, 2025
യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് മേഖലയിലെ മികവിന് വനിതകള്‍ക്ക് നല്കപ്പെടുന്ന പ്രധാന അംഗീകാരങ്ങളിലൊന്നായ, വിമന്‍ ഇന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് (WICE) അവാര്‍ഡ്സ് 2025ല്‍ റിനെറ്റ് സെബാസ്റ്റ്യന്‍, കണ്‍സ്ട്രക്ഷന്‍ പ്ലാനര്‍ വിഭാഗത്തില്‍ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ ജെ. മര്‍ഫി&സണ്‍സ് ലിമിറ്റഡില്‍ പ്ലാനിംഗ് & പ്രോജക്ട് കണ്ട്രോള്സ് മാനേജരായ റിനെറ്റ്, യുകെയിലെ ഏറ്റവും സങ്കീര്‍ണ്ണമായ ചില കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്കുന്നതില് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാങ്കേതിക മികവും തന്ത്രപരമായ കാഴ്ചപ്പാടും മാത്രമല്ല, പരമ്പരാഗതമായി പുരുഷാധിപത്യമുള്ള ഒരു മേഖലയില്‍ നിര്‍ണ്ണായകമായ പ്രോജക്ടുകളെ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള സുപ്രധാന പങ്കാളിത്തവും അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന് കാരണമായി.
യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളില്‍ നേതൃത്വം പാടവം, നവീന ആശയങ്ങള്‍, സ്വാധീനശേഷി എന്നിവ പ്രകടമാക്കുന്ന നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളില്‍ ഒന്നാണ് ( WICE) അവാര്‍ഡ്സ്. യൂറോപ്പിലെ മുന്‍നിര എഞ്ചിനീയറിഗ് കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിക്കുന്നതില്‍ നിന്നും ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെടുക എന്നുള്ളത് അസാധാരണമായ നേട്ടമാണ്. കണ്‍സ്ട്രക്ഷന്‍ – എഞ്ചിനീയറിംഗ് മേഖലയിലുടനീളം വനിതകള്‍ നല്കുന്ന സുപ്രധാന സംഭാവനകളെ അംഗീകരിക്കുകയും അതില്‍ മാതൃകയാവുന്നവരെ ആദരിച്ച് വരും തലമുറയിലെ വനിതകളെ പ്രചോദിപ്പിക്കുകയുമാണ് (WICE) അവാര്‍ഡുകളുടെ ലക്ഷ്യം.
എഞ്ചിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍ രംഗത്തെ യു.കെയിലെ മുന്‍നിര കമ്പനികളിലൊന്നായ ജെ. മര്‍ഫി & സണ്‍സില്‍, രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലെ വലിയ തോതിലുള്ള പദ്ധതികളുടെ സുഗമമായ ഏകോപനം ഉറപ്പാക്കിക്കൊണ്ട്, പ്രോജക്ട് ഷെഡ്യൂളുകളുടെ രൂപീകരണത്തിനും നിര്‍വ്വഹണത്തിനും റിനെറ്റ് നേതൃത്വം നല്കുന്നു. സമയപരിധിയ്ക്കുള്ളില്‍ വെല്ലുവിളികളെ നേരിട്ട് പദ്ധതികളുടെ ആസൂത്രണം മുതല്‍ നിര്‍വ്വഹണം വരെയുള്ള നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും സംഘടിപ്പിക്കുന്നത് ഏറെ ശ്രമകരമാണ്. വിശദമായ പ്രോജക്റ്റ് ഷെഡ്യൂളുകള്‍ സൃഷ്ടിക്കുക, വിവിധ വിഷയങ്ങളിലെ ടീമുകളെ വിന്യസിക്കുക, അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ലഘൂകരിക്കുന്നതിനുള്ള നടപടികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയനുസരിച്ച് സമയാസമയങ്ങളില്‍ പദ്ധതികള്‍ ക്രമീകരിക്കുക, സമയപരിധി, ബജറ്റുകള്‍, ഗുണനിലവാരം എന്നിവ സന്തുലിതമാക്കുക എന്നിവ ഒരു കണ്‍സ്ട്രക്ഷന്‍ പ്ലാനര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളാണ്.
രണ്ട് പതിറ്റാണ്ട് പിന്നിട്ട തന്റെ എഞ്ചിനീയറിംഗ് കരിയറില്‍, യു.കെയിലെ ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളില്‍ റിനെറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനിലെ തേംസ് നദിയെ ശുദ്ധമാക്കാനുള്ള £900 മില്യണ്‍ പൗണ്ട്-പദ്ധതിയായ തെയിംസ് ടൈഡ്വേ ടണല്‍, യു.കെയിലെ ഊര്‍ജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നിര്‍ണായകമായ ഐല്‍ ഓഫ് ഗ്രെയിന്‍ ഗ്യാസ് ഫെസിലിറ്റി, 10,000-ത്തിലധികം വീടുകളിലേക്ക് വൈദ്യുതി വിതരണത്തിനായുള്ള ബാര്‍ക്കിങ് 132 കെ.വി സ്വിച്ച് ഗിയര്‍ റീപ്ലേസ്മെന്റ് പ്രോജക്റ്റ്, റിന്യൂവബള്‍ എനര്‍ജി പ്രൊജക്ടായ ഷെഫീല്‍ഡ് മെഡോഹാള്‍ ഇ-ഓണ്‍ പ്ലാന്റ് എന്നിവ അവയില്‍ ചിലതാണ്.
ജെ. മര്‍ഫി & സണ്‍സ് ലിമിറ്റഡില്‍ സീനിയര്‍ പ്ലാനര്‍, ലെയിംഗ് ഒ’റൂര്‍ക്ക് കമ്പനിയില്‍ പ്രോജക്റ്റ് പ്ലാനര്‍, എഇകോം ഡിസൈന്‍ ബില്‍ഡ് (യുകെ)ല്‍ പ്ലാനിംഗ് എഞ്ചിനീയര്‍ എന്നിങ്ങനെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ സുള്ള്യ കെവിജി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ റിനറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ഇന്ത്യ)യില്‍ പ്ലാനിംഗ് എഞ്ചിനീയറായി ജോലി ചെയ്ത ശേഷമാണ് 2007ല്‍ യു.കെയിലെത്തുന്നത്. ജെ. മര്‍ഫി & സണ്‍സ് ലിമിറ്റഡില്‍ ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായുള്ള നേതൃത്വ പരിശീലനവും തുടരുന്നു.
കണ്ണൂര്‍ എടൂര്‍ പാറേക്കുന്നേല്‍ പി.ജെ സെബാസ്റ്റ്യന്‍-മാര്‍ഗ്രറ്റ് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് കോട്ടയം കുറവിലങ്ങാട് കണ്ണംകുളം അഡ്വ. എബി കെ. സെബാസ്റ്റ്യന്‍ (യുക്മ ദേശീയ പ്രസിഡന്റ്).
ഏട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ; തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോർജ്ജ്കുട്ടി പുന്നമട, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ തുടങ്ങിയവർ…… /
click on malayalam character to switch languages