വാഷിങ്ടൺ: യു.എസിലെ ഇസ്രായേൽ എംബസി ജീവനക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയത് ഫലസ്തീനും ഗസ്സക്കും വേണ്ടിയാണെന്ന് പിടിയിലായ യുവാവ്. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ഇസ്രായേൽ പൗരനായ യാരോൻ ലിസ്ചിൻസ്കിയും യു.എസ് പൗരയായ സാറ മിൽഗ്രിമുമാണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുപിന്നാലെ പിടിയിലായ 31കാരൻ എലിയാസ് റോഡ്രിഗസ് ‘ഫലസ്തീന് വേണ്ടിയാണ് ഞാനത് ചെയ്തത്. ഗസ്സക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. ഫലസ്തീൻ സ്വതന്ത്രമാക്കണം’ തുടങ്ങിയ മുദ്രാവാക്യം വിളിച്ചതായി പൊലീസ് പറഞ്ഞു. ജൂത മ്യൂസിയത്തിന് പുറത്തുണ്ടായ വെടിവെപ്പ് ഭീകരാക്രമണമാണെന്ന് പൊലീസ് അറിയിച്ചു. ഷികാഗോ സ്വദേശിയായ റോഡ്രിഗസ് കൈത്തോക്കുമായി വാഷിങ്ടണിൽ എത്തിയാണ് കൊലപാതകം നടത്തിയതെന്ന് എഫ്.ബി.ഐ റിപ്പോർട്ടിൽ പറഞ്ഞു.
ഇസ്രായേൽ ഗസ്സ ആക്രമണം ശക്തമാക്കുകയും ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം. ഇസ്രായേൽ നടപടി യു.എസിൽ ആക്രമണത്തിന് ഇടയാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
വിദേശ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് റോഡ്രിഗസിനെതിരെ ചുമത്തിയിട്ടുള്ളത്. ഭീകരാക്രമണം, ജൂതർക്കെതിരായ ആക്രമണം എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്താൻ സാധ്യതയുണ്ട്. മതത്തിന്റെ പേരിലുള്ള അക്രമം ഭീരുത്വമാണെന്നും ജൂതവിരുദ്ധത വെച്ചുപൊറുപ്പിക്കില്ലെന്നും കൊളംബിയ ജില്ലയുടെ യു.എസ് അറ്റോർണി ജീനിൻ പിറോ പറഞ്ഞു.
അതേസമയം, സംഭവത്തിനുപിന്നാലെ, പതാക താഴ്ത്തിക്കെട്ടിയ ഇസ്രായേൽ, മറ്റു രാജ്യങ്ങളിലെ എംബസികളുടെ സുരക്ഷ ശക്തമാക്കി.
click on malayalam character to switch languages