1 GBP = 114.69
breaking news

വാഴ്‌വ്-2025 ടിക്കറ്റ് വിതരണത്തിന് ഉജ്ജ്വല തുടക്കം

വാഴ്‌വ്-2025 ടിക്കറ്റ് വിതരണത്തിന് ഉജ്ജ്വല തുടക്കം

സാജൻ പടിക്കൃമാലിൽ

യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ കുടുംബ സംഗമമായ വാഴ്‌വ് – 2025 ന്റെ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടന കർമ്മം മെയ് 17 ശനിയാഴ്ച Walsall (Birmingham) ൽ വെച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനിയാണ് ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

യുകെയിലെ ക്നാനായ മിഷനുകളിലെ ലീജിയൻ ഓഫ് മേരിയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രൗഢഗംഭീരമായ ചടങ്ങുകളോട് അനുബന്ധിച്ചാണ് ടിക്കറ്റിന്റെ Kick off നടത്തപ്പെട്ടത്. രാവിലെ 10 മണിക്ക് Walsall St. Patrick ചർച്ചിൽ വച്ച് ആരംഭിച്ച ജപമാലക്ക് ശേഷം 10.30 ന് പിതാവ് തിരിതെളിച്ച് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട സുനി പടിഞ്ഞാറേക്കര അച്ചൻ്റെ മുഖ്യ കാർമികത്വത്തിലും, യുകെയിലെ ക്നാനായ മിഷനുകളിലെ വൈദികരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ട വിശുദ്ധ ബലി മധ്യേ അഭിവന്ദ്യ അപ്രേം തിരുമേനി വചന സന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം വാഴ്‌വിന്റെ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടന കർമ്മം നടത്തപ്പെട്ടു.

വാഴ്‌വ്- 2025 ന്റെ ജനറൽ കൺവീനർ അഭിലാഷ് തോമസ് മൈലപ്പറമ്പിൽ ഏവരെയും സ്വാഗതം ചെയ്തു. പിന്നീട് വാഴ്‌വിന്റെ ചെയർമാൻ ബഹുമാനപ്പെട്ട സുനി പടിഞ്ഞാറേക്കര അച്ചൻ്റെ മുഖ്യ പ്രഭാഷണത്തെ തുടർന്ന് ഫൈനാൻസ് കമ്മിറ്റി കൺവീനർ റെമി പഴയിടത്ത് സ്പോൺസർമാരെ പരിചയപ്പെടുത്തി ഗ്രാൻഡ് – മെഗാ – പ്ലാറ്റിനം സ്പോൺസർമാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് പിതാവ് ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഒക്ടോബർ നാലാം തീയതി നടത്തപ്പെടുന്ന വാഴ്‌വ്വിന് ആശംസകൾ അറിയിച്ച് പിതാവ് സംസാരിച്ചു. കോട്ടയം അതിരൂപതയുടെ ലിജൻ ഓഫ് മേരിയുടെ കമ്മിസിയം പ്രസിഡന്റ് ശ്രീമതി ലതാ മാക്കിൽ ചടങ്ങിൽ പങ്കെടുത്തു, കെസിസി വർക്കിംഗ് കമ്മിറ്റി മെമ്പർ മിസ്റ്റർ മത്തായി നന്ദികാട്ട് ആശംസകൾ നേരുകയും തുടർന്ന് ജോയിൻ്റ് കൺവീനർ സജി രാമച്ചനാട്ട് ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തപ്പെട്ട വാഴ്‌വ് യുകെയിലെ ക്നാനായ മിഷനുകളുടെ വളർച്ചയിൽ അഭൂതപൂർവ്വമായ ഉണർവാണ് സൃഷ്ടിച്ചത്. സഭ – സമുദായ തനിമയിൽ നടത്തപ്പെടുന്ന ഈ വർഷത്തെ വാഴ്‌വ് ഒക്ടോബർ നാലാം തീയതി ബിർമിംഗ്ഹാംമിലുള്ള ബെഥേൽ കൺവെൻഷൻ സെൻട്രലിൽ വെച്ച് നടത്തപ്പെടുന്നു.

തുടർന്ന് നടത്തപ്പെട്ട കമ്മിറ്റികളുടെ മീറ്റിംഗിൽ വ്യത്യസ്തതയാർന്ന പരിപാടികളോടെ ഇപ്രാവശ്യത്തെ വാഴ്‌വ് നടത്തുവാനാണ് തീരുമാനിച്ചത്. കൂടാതെ ഇപ്രാവശ്യത്തെ വാഴ്‌വ്വിനോടൊപ്പം ഒരു ഭവന നിർമ്മാണ പദ്ധതി നടത്തുന്നതായി സംഘാടകർ അറിയിച്ചു. യുകെയിലെ 15 ക്നാനായ മിഷനുകളുടെയും പ്രതിനിധികൾ പങ്കെടുത്ത് ടിക്കറ്റ് വിതരണ ഉദ്ഘാടനം വർണ്ണാഭമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more