കാൻബറ: ആസ്ട്രേലിയൻ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. 21 വർഷങ്ങൾക്കിടെ ആദ്യമായാണ് രാജ്യത്ത് ഭരണകക്ഷി തുടർച്ചയായി രണ്ടാമതും വിജയിക്കുന്നത്.
ആസ്ട്രേലിയൻ ഇലക്ടറൽ കമീഷന്റെ പ്രാഥമിക കണക്ക് പ്രകാരം ആൽബനീസിന്റെ മധ്യ-ഇടത് ലേബർ പാർട്ടി 70 സീറ്റുകളാണ് സ്വന്തമാക്കിയത്. പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിക്ക് 24 സീറ്റുകൾ ലഭിച്ചു. ചെറു പാർട്ടികളും സ്വതന്ത്ര സ്ഥാനാർഥികളും 13 സീറ്റുകളിൽ വിജയിച്ചു. 150 സീറ്റുകളുള്ള ജനപ്രതിനിധി സഭയിലേക്ക് ശനിയാഴ്ച പൂർത്തിയായ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡറ്റൻ വൻ പരാജയം ഏറ്റുവാങ്ങി.
ആഗോള അനിശ്ചിതാവസ്ഥയുടെ കാലത്ത് ആസ്ട്രേലിയക്കാർ ശുഭാപ്തിവിശ്വാസവും ദൃഢനിശ്ചയവും തെരഞ്ഞെടുത്തതായി ഫലം പുറത്തുവന്നതിന് പിന്നാലെ സിഡ്നിയിൽ അനുയായികളെ അഭിസംബോധന ചെയ്ത ആൽബനീസ് പറഞ്ഞു.
ആസ്ട്രേലിയയിൽ ആദ്യമായാണ് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തോൽക്കുന്നത്. ബ്രിസ്ബെയ്നിന്റെ പടിഞ്ഞാറൻ മേഖലയായ ഡിക്സനിൽ മത്സരിച്ച ഡറ്റനെ, ലേബർ സ്ഥാനാർഥി അലി ഫ്രാൻസാണ് തോൽപിച്ചത്. 24 വർഷമായി തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ഡറ്റനെ കൈവിട്ടത്.
പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി ആൽബനീസിനെ അഭിനന്ദിച്ചതായും ഡറ്റൻ പറഞ്ഞു. പണപ്പെരുപ്പവും ഊർജ നയവും മുഖ്യചർച്ചയായ തെരഞ്ഞെടുപ്പിൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളുണ്ടാക്കിയ അനിശ്ചിതത്വവും പ്രചാരണത്തിൽ ആധിപത്യം പുലർത്തി.
ഏപ്രിൽ 22ന് തുടങ്ങിയ വോട്ടെടുപ്പിൽ 18 ദശലക്ഷം പൗരന്മാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാജ്യത്ത് പണപ്പെരുപ്പം വർധിച്ചതായും ആൽബനീസ് സർക്കാർ പലിശനിരക്ക് കുത്തനെ ഉയർത്തിയതായും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ, യു.എസ് പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ കാര്യക്ഷമതാ വകുപ്പിനെയും അനുകരിക്കുകയാണെന്ന ലേബർ പാർട്ടിയുടെ പ്രചാരണം ഡറ്റനും പാർട്ടിക്കും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സൂചന.
click on malayalam character to switch languages