1 GBP = 114.42

ഷാജി എൻ. കരുൺ അന്തരിച്ചു

ഷാജി എൻ. കരുൺ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ(73) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം.

മലയാള സിനിമയെ രാജ്യാന്തര തലത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് ഷാജി എൻ കരുൺ. ഛായാഗ്രാഹകനായും സംവിധായകനായും മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകളാണ് ഷാജി എൻ. കരുൺ നൽകിയത്.

ആദ്യമായി സംവിധാനം ചെയ്ത ‘പിറവി’ എന്ന ചിത്രം ഷാജി എൻ. കരുൺ എന്ന അസാമാന്യ മികവുള്ള കലാകാരൻ്റെ പിറവി കൂടിയായിരുന്നു. അത്രമേൽ പ്രതിഭാധനനായ ആ കലാകാരൻ കാലാതിവർത്തിയായ സൃഷ്ടികളൊരുക്കി ലോകസിനിമയിൽ സ്വന്തമായ ഒരു ഇരിപ്പിടമുണ്ടാക്കി.

വിഖ്യാത സംവിധായകൻ അരവിന്ദൻ്റെ മനസറിഞ്ഞ ഛായാഗ്രാഹകനായിരുന്നു ഷാജി എൻ. കരുൺ. സ്വന്തം നിലയിൽ സംവിധാനം ചെയ്ത പിറവി, സ്വം , വാനപ്രസ്ഥം എന്നീ ചിത്രങ്ങൾ കാൻ മേളയുടെ ഔദ്യോഗിക വിഭാഗത്തിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഒരു അംഗീകാരം കിട്ടിയ ലോക സിനിമയിലെ അപൂർവം സംവിധായകരിൽ ഒരാളാണ് ഷാജി എൻ. കരുൺ.

വാണിജ്യ താത്പര്യങ്ങൾക്കപ്പുറം സിനിമയുടെ കലാമൂല്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. ഏഴ് വീതം ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ഷാജി എൻ. കരുൺ എന്ന അസാമാന്യ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ, അസാധാരണമാം വിധം സിനിമയെ അടയാളപ്പെടുത്തിയ വിഖ്യാത കലാകാരന് വിട.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more