1 GBP = 114.03
breaking news

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ദിന സന്ദേശത്തിൽ ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിനോടും അദ്ദേഹം അഭ്യർഥിച്ചു. ഈസ്റ്റർ ദിനത്തിൽ നടത്തുന്ന ഉർബി എറ്റ് ഓർബി (നഗരത്തിനും ലോകത്തിനും) അനുഗ്രഹ പ്രഭാഷണത്തിലാണ് മാർപാപ്പയുടെ പരാമർശം. ഗസ്സയിലെ സ്ഥിതി പരിതാപകരമാണ്. പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ മുന്നോട്ട് വരണം. ഇസ്രായേലിലേയും ഫലസ്തീനിലെയും കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന മാർപാപ്പ അൽപനേരമാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽകണിയിൽ വിശ്വാസികൾക്ക് ദർശനം നൽകിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾക്ക് നേരെ കൈവീശി ഈസ്റ്റർ ആശംസകൾ നേർന്നു. ‘സഹോദരീ സഹോദരന്മാരേ, ഈസ്റ്റർ ആശംസകൾ’ – അദ്ദേഹം പറഞ്ഞു. തുടർന്ന് തന്റെ പ്രസംഗം (ഉർബി എറ്റ് ഓർബി) വായിക്കാൻ സഹായിയോട് നിർദേശിക്കുകയായിരുന്നു. വിശ്രമത്തിലായതിനാൽ മാർപാപ്പക്ക് പകരം കർദിനാൾ ആഞ്ചലോ കോമാസ്ട്രിയാണ് ഈസ്റ്റർ കുർബാനക്ക് നേതൃത്വം നൽകിയത്. ദുഃഖവെള്ളിയിലെയും വിശുദ്ധ ശനിയിലെയും ആരാധനകളും അദ്ദേഹം ഒഴിവാക്കിയിരുന്നു.

38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മാർച്ച് 23ന് വത്തിക്കാനിൽ തിരിച്ചെത്തിയ 88കാരനായ മാർപാപ്പ ചുരുക്കം തവണ മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ബസിലിക്കയിലേക്കുള്ള യാത്രാമധ്യേ, കുടുംബത്തോടൊപ്പം റോമിൽ ഈസ്റ്റർ ആഘോഷിക്കുന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി മാർപാപ്പ ഹോട്ടലിൽ അൽപനേരം കൂടിക്കാഴ്ച നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more