1 GBP = 109.88
breaking news

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പി വി അൻവറിനും സിപിഐഎമ്മിനും അഭിമാന പ്രശ്നം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പി വി അൻവറിനും സിപിഐഎമ്മിനും അഭിമാന പ്രശ്നം


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഏപ്രിലിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. ഇടത് സ്വതന്ത്രനായിരുന്ന പി വി അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആദ്യം കോൺഗ്രസ് പ്രവർത്തകനായിരുന്ന പി വി അൻവർ നിലമ്പൂരിൽ വിമത സ്ഥാനാർത്ഥിയായാണ് മത്സരിക്കാൻ എത്തിയത്. സിപിഐഎം പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ എൽഡിഎഫ് സ്വതന്ത്രനായി.

സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി വി അൻവർ സിപിഐഎമ്മിന്റെ വിനീത വിധേയനായി. നിരവധി വിവാദങ്ങൾ പി വി അൻവറുമായി ബന്ധപ്പെട്ട് ഉയർന്നെങ്കിലും സിപിഐഎം അതിനെയെല്ലാം രാഷ്ട്രീയമായി നേരിടുകയും അൻവറിന് സംരക്ഷണമൊരുക്കുകയും ചെയ്തു.
രണ്ടാം വട്ടവും അൻവർ നിലമ്പൂരിൽ മത്സരിച്ച് വിജയിച്ചു.

പക്ഷേ ക്രമേണ അൻവറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വഷളായി. പി വി അൻവർ സിപിഐഎം നേതൃത്വത്തേയും മുഖ്യമന്ത്രിയേയും തള്ളിപ്പറഞ്ഞതും ക്ലൈമാക്‌സിൽ എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയതും രാഷ്ട്രീയ കേരളത്തിൽ പ്രധാന ചർച്ചാവിഷയമായി. രണ്ട് മാസക്കാലം പി വി അൻവർ കേരളത്തിലെ പ്രധാന വാർത്താ താരമായിരുന്നു.

മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിൽ നിർത്തിയ പി വി അൻവർ ഏറ്റവും കൂടുതൽ കടന്നാക്രമിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിയെ ആണ്. പൊലീസ് ഉന്നതനായ എഡിജിപി എം ആർ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയ പി വി അൻവർ സിപിഐഎമ്മിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കി. സ്വർണക്കടത്തിനെയും പൂരംകലക്കലിനെയും പ്രധാന രാഷ്ട്രീയ ആയുധമാക്കി.

സിപിഐഎമ്മിനോട് വിടപറഞ്ഞ പി വി അൻവർ ആദ്യം ഡിഎംകെയിൽ ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ ആ ശ്രമം അവസാനഘട്ടത്തിൽ ഉപേക്ഷിക്കേണ്ടിവന്നു. രാഷ്ട്രീയമായി അനിശ്ചിതത്വത്തിലായി അൻവർ ഒടുവിൽ സിപിഐഎമ്മിന്റെ മുഖ്യശത്രുക്കളായ തൃണമൂലിൽ അഭയം തേടി. ഇതേ തുടർന്നാണ് എംഎൽഎ സ്ഥാനം രാജിവച്ചത്. താൻ ഇനി നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും അൻവർ പ്രഖ്യാപിച്ചു. കോൺഗ്രസിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച അൻവറിന് നിലമ്പൂർ നിർണായകമാണ്. സിപിഐഎമ്മിനെ സംബന്ധിച്ചും നിലമ്പൂരിൽ വിജയിക്കേണ്ടത് രാഷ്ട്രീയ അനിവാര്യതയാണ്. പി വി അൻവർ പോയതൊന്നും ബാധിക്കില്ലെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.

പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്ന മണ്ഡലമായിരുന്നു നിലമ്പൂർ. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദായിരുന്നു ദീർഘകാലം നിലമ്പൂരിന്റെ എംഎൽഎ. നിലമ്പൂരിൽ ആര്യാടൻ മാറിയതോടെയാണ് അൻവൻ അട്ടിമറി വിജയം നേടിയത്. ഇത് സിപിഐഎമ്മിന് വൻ നേട്ടമായി. കോൺഗ്രസിന്റെ നിലമ്പൂർ കുത്തകയ്ക്ക് അന്ത്യം കുറിച്ച പി വി അൻവർ സിപിഐഎമ്മിന്റെ പ്രധാന സ്‌പോക്‌സ്മാനായി. എന്നാൽ പിന്നീട് സിപിഐഎം നേതൃത്വവുമായി നേരിട്ട് ഏറ്റുമുട്ടുന്ന അൻവറിനെയാണ് കേരളം കണ്ടത്.

നിലമ്പൂർ തിരിച്ചുപിടിക്കാൻ പി വി അൻവറിന്റെ സഹായം യുഡിഎഫിന് ​ഗുണം ചെയ്യും. തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നെങ്കിലും ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയാവുന്ന അൻവറിനാകട്ടെ, യുഡിഎഫിന്റെ ഭാഗമാവുകയെന്നതാണ് പ്രധാന രാഷ്ടീയ ലക്ഷ്യം.

കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദ്യഘട്ടത്തിൽ ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാൻ പി വി അൻവർ ഒരുക്കമായിരുന്നില്ല. എന്നാൽ നിലവിൽ അൻവറിന് അത്തരത്തിലൊരു നിലപാട് സ്വീകരിക്കാൻ കഴിയില്ല. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് പ്രവേശനം സാധ്യമാവേണ്ടതുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പോടെ കോൺഗ്രസിന് അൻവറിന്റെ യുഡിഎഫ് പ്രവേശന വിഷയത്തിൽ ഒരു തീരുമാനം പ്രഖ്യാപിക്കേണ്ടിവരും.

സിപിഐഎം നിലമ്പൂരിൽ ആരെയാണ് കളത്തിലിറക്കുകയെന്നത് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അസംബ്ലി തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഒരു ഉപതിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായുണ്ടായ ബാധ്യതയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more