ഗസ്സ സിറ്റി: ഇസ്രായേൽ നിയന്ത്രിത ‘സുരക്ഷ മേഖലകൾ’ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ഗസ്സയിൽ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. തെക്കൻ ഗസ്സയിൽ റഫ, വടക്ക് ബയ്ത് ഹാനൂൻ, ബയ്ത് ലാഹിയ തുടങ്ങി വിവിധ മേഖലകളിൽനിന്ന് ഫലസ്തീനികളെ കൂട്ട പലായനത്തിന് നിർബന്ധിച്ചാണ് ഗസ്സയിൽ കരയാക്രമണം വീണ്ടും ശക്തമാക്കുന്നത്.
വ്യാപക ബോംബിങ്ങിൽ 50ലേറെ ഫലസ്തീനികളെ കുരുതി നടത്തിയ ദിനത്തിലാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രഖ്യാപനവും സൈനിക വിന്യാസവും. ഇസ്രായേൽ സേനയുടെ 36ാം ഡിവിഷൻ ബുധനാഴ്ച രാവിലെയോടെ ഗസ്സയിൽ പ്രവേശിച്ചിട്ടുണ്ട്. സൈനിക നീക്കം ഭയന്ന് റഫയിലും വടക്കൻ ഗസ്സയിലും പലായനം ശക്തമാണ്.
ഗസ്സയുടെ 25 ശതമാനം ഭൂമി പിടിച്ചടക്കുകയാണ് ലക്ഷ്യമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇസ്രായേൽ താൽപര്യങ്ങൾ പ്രകാരമുള്ള വെടിനിർത്തലിനും ബന്ദി മോചനത്തിനും ഹമാസിനെ നിർബന്ധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ അധിനിവേശ പ്രഖ്യാപനം. സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ എല്ലാ ബന്ദികളെയും ഒന്നിച്ച് വിട്ടയക്കാമെന്ന് ഹമാസ് വ്യക്തമാക്കുന്നു.
അതേസമയം, ബുധനാഴ്ച മാത്രം ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ 50ലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഖാൻ യൂനുസിൽ കെട്ടിടം ബോംബിട്ട് 12 പേരെയും റഫയിൽ രണ്ടു പേരെയും വധിച്ചു. മാർച്ച് 18നുശേഷം 1,000ത്തിലേറെ ഫലസ്തീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണവും ഉപരോധവും വ്യാപകമായതോടെ ഗസ്സയിൽ എല്ലാ ഭക്ഷണകേന്ദ്രങ്ങളും അടച്ചു. വേൾഡ് ഫുഡ് പ്രോഗ്രാം നടത്തുന്ന 25 കേന്ദ്രങ്ങളും ഇതിൽ പെടും.
click on malayalam character to switch languages