1 GBP = 110.43
breaking news

17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ചെപ്പോക്കിൽ വിജയം

17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ചെപ്പോക്കിൽ വിജയം

ചെന്നൈ: ഐ.പി.എല്ലിൽ നീണ്ട 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ വിജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയതും മികച്ച പാർട്നർഷിപ് കണ്ടെത്താനാകാത്തതും ചെന്നൈക്ക് 50 റൺസിന്റെ പരാജയം സമ്മാനിച്ചു. 41 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് അവരുടെ ടോപ് സ്കോറർ. ഐ.പി.എൽ ആദ്യ സീസണു ശേഷം ആദ്യമായാണ് ബംഗളൂരു ടീം ചെന്നൈയിൽ ജയിക്കുന്നത്. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു – 20 ഓവറിൽ ഏഴിന് 196, ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ എട്ടിന് 146.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ കിങ്സിന് തകർച്ചയോടെയായിരുന്നു തുടക്കം. എട്ട് റൺസിനിടെ രണ്ട് വിക്കറ്റ് വീണ സി.എസ്.കെയുടെ ആദ്യ അഞ്ചിൽ നാല് ബാറ്റർമാരും രണ്ടക്കം കാണാനാകാതെ കൂടാരം കയറി. രാഹുൽ ത്രിപാഠി (അഞ്ച്), നായകൻ ഋതുരാജ് ഗെയ്ക്വാദ് (0), ദീപക് ഹൂഡ (നാല്), സാം കറൻ (എട്ട്) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഓപണറായെത്തിയ രചിൻ രവീന്ദ്രയുടെ വിക്കറ്റ് 13-ാം ഓവറിൽ വീണതോടെ സി.എസ്.കെ അഞ്ചിന് 75 എന്ന നിലയിലായി. 31 പന്തിൽ 41 റൺസാണ് താരത്തിന്റെ സമ്പാദ്യം.

ഇംപാക്ട് പ്ലെയറായെത്തിയ ശിവം ദുബെക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. 15 പന്തിൽ 19 റൺസടിച്ച താരം യഷ് ദയാലിന്റെ പന്തിൽ ഇൻസൈഡ് എഡ്ജ് തട്ടി ബൗൾഡായി. ആർ. അശ്വിൻ 11 റൺസ് നേടി. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും എം.എസ്. ധോണിയും വമ്പനടികളുമായി കളം നിറഞ്ഞെങ്കിലും ജയം എത്തിപ്പിടിക്കാവുന്നതിനും ഏറെ അകലെയായിരുന്നു. ജഡേജ 19 പന്തിൽ 25 റൺസുമായി പുറത്തായപ്പോൾ, ധോണി 16 പന്തിൽ 30 റൺസുമായി പുറത്താകാതെനിന്നു. അവസാന ഓവറിൽ ചെപ്പോക്കിനെ ആവേശത്തിലാക്കി രണ്ട് സിക്സും മൂന്നു ഫോറും ധോണിയുടെ ബാറ്റിൽനിന്ന് പിറന്നു. ആർ.സി.ബിക്കായി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more