1 GBP = 110.73
breaking news

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്നത് മോശം സാഹചര്യം; വിമർശനം ശക്തമാക്കി യു.എസ് മതസ്വാതന്ത്ര്യ കമീഷൻ

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്നത് മോശം സാഹചര്യം; വിമർശനം ശക്തമാക്കി യു.എസ് മതസ്വാതന്ത്ര്യ കമീഷൻ

വാഷിങ്ടൺ ഡി.സി: ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ മോശം സമീപനമാണ് നേരിടുന്നതെന്ന വിമർശനം ശക്തമാക്കി യു.എസ് സർക്കാറിന്‍റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ റിപ്പോർട്ട്. സിഖ് വിഘടനവാദി നേതാവിനെതിരെയുണ്ടായ വധശ്രമത്തിൽ ആരോപണം നേരിട്ട ഇന്ത്യയുടെ വിദേശ ചാരസംഘടനയായ ‘റോ’ക്കെതിരെ ഉപരോധമേർപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട 2025ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ യു.എസ് സർക്കാർ അവഗണിക്കുകയാണെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ചൈനക്ക് ഏഷ്യയിൽ വർധിച്ചുവരുന്ന സ്വാധീനത്തെ ഇന്ത്യയുമായുള്ള ബന്ധത്തിലൂടെ മറികടക്കാനാണ് യു.എസിന്‍റെ ശ്രമം. ഇതാണ് ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ യു.എസ് അവഗണിക്കാനുള്ള കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കമീഷൻ റിപ്പോർട്ട് അനുസരിക്കാൻ യു.എസ് സർക്കാർ ബാധ്യസ്ഥരല്ലാത്തതിനാൽ ‘റോ’യ്ക്ക് ഉപരോധമേർപ്പെടുത്തൽ ഉൾപ്പെടെയുള്ള നിർദേശങ്ങൾ നടപ്പാകാനിടയില്ല.

2024ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിലും ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളും മ​ണി​പ്പൂ​രി​ലെ കു​ക്കി, മെ​യ്തേ​യി സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മതസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ പ്ര​ത്യേ​ക ആ​ശ​ങ്ക​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ​യെ പ്ര​ഖ്യാ​പി​ക്കാ​ൻ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റി​നോ​ട് ശി​പാ​ർ​ശ ചെയ്യുകയുമുണ്ടായിരു​ന്നു.

അതേസമയം, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ റിപ്പോർട്ടിനെ വിമർശിച്ച് ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കെതിരെ അജണ്ട വെച്ച് പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണ്. യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷനെ ‘ആശങ്കയുണ്ടാക്കുന്ന സ്ഥാപനമായി’ കണക്കാക്കണമെന്നും ഇന്ത്യ പ്രതികരിച്ചു.

കഴിഞ്ഞതവണയും ഇന്ത്യ കമീഷനെ വിമർശിച്ചിരുന്നു. പക്ഷപാതപരവും രാജ്യത്തിന്‍റെ സാമൂഹിക ഘടനയെക്കുറിച്ച് മനസ്സിലാക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയതെന്നായിരുന്നു വിമർശനം. റിപ്പോർട്ട് പൂർണമായും തള്ളിക്കളയുന്നുവെന്നും, അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ഇന്ത്യ കുറ്റപ്പടുത്തിയിരുന്നു.

അമേരിക്കക്കു പുറത്തെ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെ വിശകലനം ചെയ്ത് സർക്കാറിന് റിപ്പോർട്ട് നൽകുന്ന സ്ഥാപനമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം. ലോകരാജ്യങ്ങൾ മതസ്വാതന്ത്ര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കുകയും അത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോൺഗ്രസ്സിനും കൈമാറേണ്ട ചുമതലയും കമീഷനുണ്ട്. എല്ലാ വർഷവും, വിവിധ രാജ്യങ്ങളിൽ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് കമീഷൻ പ്രസിദ്ധീകരിക്കാറുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more