1 GBP = 110.73
breaking news

അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ; റിപ്പോർട്ട്

അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ; റിപ്പോർട്ട്

ന്യൂഡൽഹി: അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തയ്യാറെന്ന് റിപ്പോർട്ട്. വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിൽ 23 ബില്യൺ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉത്പന്നങ്ങള്‍ക്കാണ് നികുതി കുറയ്ക്കലിന്റെ ആനുകൂല്യം ലഭിക്കുക. അമേരിക്കയും ഇന്ത്യയുമായുള്ള പരസ്പര താരിഫുകൾ 66 ബില്യൺ ഡോളർ മൂല്യമുള്ള മൊത്തം കയറ്റുമതിയുടെ 87% ത്തെയും ബാധിക്കുമെന്നാണ് ആഭ്യന്തര വിശകലനമെന്ന് ​ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ നിന്ന് 23 ബില്യൺ ഡോളറിൽ കൂടുതൽ വിലമതിക്കുന്ന ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തീരുവ ഗണ്യമായി കുറയ്ക്കാനോ അല്ലെങ്കിൽ ചിലത് പൂർണ്ണമായും നിർത്തലാക്കാനോ ആണ് ഇന്ത്യയുടെ തീരുമാനമെന്ന് റിപ്പോർട്ടുണ്ട്.

ഇന്ത്യക്ക് എതിരെ നൂറ് ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്ന അമേരിക്കൻ ലോകവ്യാപക താരിഫുകളുടെ ആഘാതം ലഘൂകരിക്കാനുളള ശ്രമത്തിലാണ് ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾ. നിലവില്‍ ഇന്ത്യ അമേരിക്കയ്ക്ക് നൂറ് ശതമാനമാണ് തീരുവ ചുമത്തുന്നതെന്നും അത് അനീതിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാലാണ് ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായി വെളിപ്പെടുത്തി കൊണ്ട് ട്രംപ് വീണ്ടും രം​ഗത്തെത്തിയിരുന്നു. ഇന്ത്യ അമേരിക്കയിൽ നിന്ന് ഈടാക്കുന്നത് ഭീമമായ താരിഫാണ്. അതിനാൽ ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയില്ല. തീരുവയിനത്തിൽ എന്താണ് ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ഇന്ത്യയിപ്പോൾ താരിഫ് കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസും പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് തീരുവ കുറയ്ക്കുന്നതിൽ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാളാണ് ഈ വിവരം വിദേശകാര്യ പാർലമെന്ററി കമ്മിറ്റി പാനലിനെ അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് ഉന്നയിക്കുന്ന വിഷയം പരിഹരിക്കാൻ സെപ്റ്റംബർ വരെ സർക്കാർ സമയം തേടിയിട്ടുണ്ടെന്നും സുനിൽ ബർത്ത്‌വാൾ പറഞ്ഞിരുന്നത്.

ഇന്ത്യയും യുഎസും പരസ്പരം പ്രയോജനകരമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി പ്രവർത്തിക്കുന്നുണ്ട്. താരിഫ് ക്രമീകരണങ്ങൾ തേടുന്നതിനുപകരം ദീർഘകാല വ്യാപാര സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും സുനിൽ ബർത്ത്‌വാൾ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more