1 GBP = 110.63
breaking news

ഹൂതികൾക്കെതിരായ യു.എസ് യുദ്ധതന്ത്രങ്ങൾ പുറത്തായി

ഹൂതികൾക്കെതിരായ യു.എസ് യുദ്ധതന്ത്രങ്ങൾ പുറത്തായി

വാഷിങ്ടൺ: യമനിൽ ഹൂതികൾക്കെതിരായ യുദ്ധരഹസ്യങ്ങൾ വെളിപ്പെടുത്തി യു.എസിന്റെ മുതിർന്ന ഉദ്യോഗസ്ഥർ. യു.എസിലെ ‘ദി അറ്റ്ലാൻഡിക്’ മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് അടക്കം അംഗങ്ങളായ ചാറ്റ് ഗ്രൂപ്പിലാണ് സൈനിക നീക്കങ്ങൾ വെളിപ്പെടുത്തിയത്. സിഗ്നൽ ചാറ്റ് ആപ്പിലെ ഹൂതി പിസി’ എന്ന ഗ്രൂപ്പിലേക്ക് തന്നെയും അപ്രതീക്ഷിതമായി ചേർത്തതായി എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗ് തിങ്കളാഴ്ച തുറന്നുപറഞ്ഞതോടെയാണ് സുരക്ഷവീഴ്ച അധികൃതർ അറിഞ്ഞത്. ഹൂതികൾക്കെതിരെ യു.എസ് ആക്രമണം ഏകോപിപ്പിക്കാനുള്ള ‘ടൈഗർ ടീം’ രൂപവത്കരിക്കാൻ ഡെപ്യൂട്ടിയായ അലക്സ് വോങ്ങിന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് നിർദേശം നൽകി തുടങ്ങിയ ഗ്രൂപ്പാണിത്.

ഹൂതികൾക്കെതിരെ ആക്രമണങ്ങൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ലക്ഷ്യ സ്ഥാനങ്ങളെയും വിന്യസിച്ച ആയുധങ്ങളെയും ആക്രമണഘട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതെന്ന് ഗോൾഡ്ബെർഗ് പറഞ്ഞു. അതേസമയം, ഹെഗ്‌സെത്ത് പുറത്തുവിട്ട വിവരങ്ങൾ പൂർണമായും പുറത്തുവിടാൻ അദ്ദേഹം തയാറായില്ല. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, മുതിർന്ന ദേശീയ സുരക്ഷ കൗൺസിൽ ഉദ്യോഗസ്ഥർ എന്നിവരും ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് ഗോൾഡ്ബെർഗ് തയാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന രീതിയിൽ അശ്രദ്ധമായാണ് ഉദ്യോഗസ്ഥർ ചാറ്റ് ആപ്പുകൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. തനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്നും ദി അറ്റ്ലാൻഡിക്കിന്റെ വലിയ ആരാധകനല്ലെന്നും അദ്ദേഹം പറഞ്ഞു.

അബദ്ധത്തിലാണ് സൈനിക നടപടികൾ ഗ്രൂപ്പിൽ പങ്കുവെച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആധികാരികമായ ചാറ്റ് ഗ്രൂപ്പാണിതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ബ്രിയാൻ ഹ്യൂഗ്സും പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി. സൈനിക നീക്കങ്ങൾ പുറത്തായത് സുരക്ഷ വീഴ്ചയാണെന്ന് ആരോപിച്ച അവർ, ഇതേക്കുറിച്ച് യു.എസ് കോൺഗ്രസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more