ആകാശംമുട്ടെ പാറിപ്പറന്ന സ്വപ്നങ്ങൾകണ്ട പാട്ടുകളെ സ്നേഹിച്ച കൊച്ചുപാട്ടുകാരി ഐറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യു കെ മലയാളി സമൂഹം.
Mar 13, 2025
രാജേഷ് നടേപ്പിള്ളി
അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിൻ നിശ്ചലയായി സ്വിൻഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും വിൽഷെയർ മലയാളീ സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിൻ തങ്ങളുടെ ഇടയിൽനിന്ന് യാത്രയായെന്ന് പലർക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിൻ മോളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്കാണ്.
മലയാളികളും തദ്ദേശീയരുമായ വൻ ജനാവലിയാണ് ഐറിൻ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 4ന് ആയിരുന്നു ഐറിൻ മരണമടഞ്ഞത്. കോട്ടയം ഉഴവൂർ, പയസ് മൗണ്ടിൽ, കൊച്ചുകന്നുകുഴക്കൽ വീട്ടിൽ തോമസിന്റെയും സ്മിതയുടെയും രണ്ടാമത്തെ മകളാണ് ഐറിൻ, അഭിജിത്, ഐഡൻ എന്നിവർ സഹോദരങ്ങളാണ്.
ബുധനാഴ്ച രാവിലെ 10:30 ന് ഫാ. അജൂബ് അബ്രഹാം പ്രത്യേക പ്രാർത്ഥനകളോടെ തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകൾക്കുശേഷം ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധകുർബാനയും അനുശോചനസന്ദേശവും നൽകപ്പെട്ടു. നിശ്ചലമായി ഉറങ്ങുന്ന ഐറീൻമോളുടെ സമീപം നിന്നുകൊണ്ട് പിതാവ് തോമസിന്റെയും മാതാവ് സ്മിതയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തില്‍ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. നൂറുകണക്കിന് ജനങ്ങള്‍ ശുശ്രുഷകളിൽ പങ്കുചേരുകയും അനുശോചനവും അന്ത്യാഞ്ജലിയും അര്‍പ്പിക്കുകയും ചെയ്തു.
വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദർശനവും അനുശോചനയോഗവും ഇക്കഴിഞ്ഞ ബുധനാഴ്ച ക്രമീകരിക്കപ്പെട്ടത്. അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് സ്വാഗതം അരുളി ക്രോഡീകരിച്ച അനുശോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദർ നാം ഡി ഒബി, ക്നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദർ സിജോ ഫിലിപ്പ്, ഇന്ത്യൻ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റർ സിജോ ജോയ് എന്നിവർ പ്രാർത്ഥനാപൂർവ്വം അന്ത്യോപചാരമാർപ്പിച്ചു . തുടർന്ന് യുകെകെസിഎ ട്രെഷറർ റോബി മേക്കര, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്, സെക്രെട്ടറി ജോബി തോമസ്, വൈസ് പ്രസിഡന്റ് ടെസ്സി അജി, നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിദിരീ, യുകെകെസിഎ സ്വിൻഡൻ യൂണിറ്റ് പ്രസിഡന്റ് റോയ് സ്റ്റീഫൻ, ഐറിനമോളെ ചികിൽസിച്ച ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ ചിൽഡ്രൻസ് വാർഡ് പ്രതിനിധികൾ, പഠിച്ച സ്‌കൂളിലെ അദ്ധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ, ഓർച്ചാർഡ് റെസിഡൻഷ്യൽ ഹോം പ്രതിനിധികൾ, ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച്നെ പ്രതിനിധീകരിച്ചു ബിനു ചന്ദപ്പിള്ള, സെയിന്റ് ജോർജ് ക്നാനായ മിഷൻ സ്വിൻഡനെ പ്രതിനിധീകരിച്ചു ജിഷ പ്രദീഷ്, സീറോ മലബാർ സഭ സ്വിൻഡൻ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങീ സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു പ്രമുഖ വ്യക്തികൾ അനുശോചനമറിയിക്കുകയുണ്ടായി. തുടർന്ന് ഐറിന്റെ കുടുംബത്തെ പ്രതിനിധീകരിച്ചു രഞ്ജിനി ജോണും വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി ട്രെഷറർ കൃതീഷ് കൃഷ്ണനും നന്ദി അറിയിച്ചു. ഐറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വിൽഷെയർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ശവസംസ്കാര തിയതി പിന്നീടറിയിക്കുന്നതായിരിക്കും.
click on malayalam character to switch languages