1 GBP = 112.81
breaking news

മുൻ സിവിക് മേയർ ഡോ. ഓമനയുടെ ഭർത്താവ്, ഗംഗാധരന് പൗരാവലി ലണ്ടനിൽ യാത്രാമൊഴിയേകി; ന്യൂഹാം ദർശിച്ചത് വികാരനിർഭരമായ വിടവാങ്ങൽ.

മുൻ സിവിക് മേയർ ഡോ. ഓമനയുടെ ഭർത്താവ്, ഗംഗാധരന് പൗരാവലി ലണ്ടനിൽ യാത്രാമൊഴിയേകി; ന്യൂഹാം ദർശിച്ചത് വികാരനിർഭരമായ വിടവാങ്ങൽ.

അപ്പച്ചൻ കണ്ണഞ്ചിറ

ന്യൂഹാം: ന്യൂഹാം കൗൺസിൽ മുൻ സിവിക്ക്‌ മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയും, രാഷ്ട്രീയ പ്രവർത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ദിവംഗതനായ ഭർത്താവ് ഗംഗാധരന് ലണ്ടനിൽ പൗരാവലി ആദരാർച്ചനയും,അശ്രുപൂജകളും ചാലിച്ച യാത്രാമൊഴിയേകി. കുടുംബാംഗങ്ങളും, സുഹൃത്തുക്കൾക്കുമൊപ്പം രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മേഖലകളിൽ നിന്നുമുള്ള നിരവധി പ്രമുഖർ അന്ത്യോപചാര കർമ്മങ്ങളിലും, അനുസ്മരണ ചടങ്ങിലും പങ്കു ചേർന്നു. ഉള്ളിൽ തളം കെട്ടിനിന്ന ദുംഖം നിയന്ത്രണം വിട്ട ഡോ. ഓമനയുടെ വിങ്ങലും, മക്കളുടെ ഈറനണിഞ്ഞ വദനങ്ങളും ഹാളിൽ കൂടിയവരിൽ വേദന പരത്തി.

ഈസ്റ്റ്ഹാം എം പി സ്റ്റീഫൻ ടിംസ് ( മന്ത്രി,വർക്ക്സ് ആൻഡ് പെൻഷൻസ് ), ന്യൂഹാം കൗൺസിൽ സിവിക് മേയർ രോഹിമ റഹ്മാൻ, ന്യൂഹാം കൗൺസിൽ എക്സിക്യൂട്ടീവ് മേയർ റുഖ്സാന ഫിയാസ് ( ലണ്ടനിലെ നാലു കൗൺസിലുകളിൽ മാത്രമുള്ള ഇലക്ടഡ് മേയർ), സുരേഷ് ധർമജ (പ്രസിഡണ്ട്, ശ്രീനാരാണ ഗുരു മിഷൻ), ബൈജു പാലക്കൽ (ചെയർ, ശിവഗിരി ആശ്രമം), സുബാഷ് സദാശിവൻ (മുൻ ചെയർ & സെക്രട്ടറി, ശ്രീനാരായണ ഗുരു മിഷൻ) അടക്കം നിരവധി പ്രമുഖ വ്യക്തികൾ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

“രാഷ്ട്രീയത്തിലും വ്യക്തിബന്ധത്തിലും വലിയൊരു കൈത്താങ്ങാണ് നഷ്‌ടപ്പെട്ടതെന്നു” മന്ത്രി സ്റ്റീഫൻ ടിംസ് എംപി തന്റെ അനുസ്മരണ സന്ദേശത്തിൽ ഓർമ്മിച്ചു. ലണ്ടൻ ന്യൂഹാമിലെ ശ്രീ മുരുകൻ ക്ഷേത്ര ഭാരവാഹികൾ മൃതദേഹത്തിൽ ആദരസൂചമായി പുഷ്പമാല ചാർത്തുകയും, കോടി അണിയിക്കുകയും ചെയ്തു. ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ (പ്രസിഡണ്ട്,ശിവഗിരി മുട്ട്) തന്റെ ശബ്ദ സന്ദേശത്തിൽ ‘ഗംഗാധരന്റെ ആത്മാവ് ഗുരുദേവ ചൈതന്യത്തിൽ ലയിക്കട്ടെ’ എന്ന് ആശംസിച്ചുകൊണ്ട് പ്രാർത്ഥനയും നേർന്നു സംസാരിച്ചു.

ഡോ. ഓമന ഗംഗാധരന്റെ കഥയെ ആസ്പദമാക്കി സിനിമയാക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി’ എന്ന അനശ്വരഗാനമടക്കം ഓർമ്മ ചെപ്പിൽ നിന്നുമെടുത്ത അനർഘ നിമിഷങ്ങളിലെ നിരവധി ഫോട്ടോകളും സമ്മാനിച്ച മധുര മുഹൂർത്തങ്ങൾ വേദിയെ വികാരസാന്ദ്രമാക്കി. ഡോ. ഓമന ചെയർ ആയ ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്കിനെ പ്രതിനിധീകരിച്ച് നിഷ്യ അനുശോചന യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ വെച്ച് ഹിന്ദുമതാചാര പ്രകാരം മലയാളത്തിലും തമിഴിലും നടന്ന മരണാനന്തര കർമ്മങ്ങൾക്കു പൂജാരി മുരുകാനന്ദൻ നേതൃത്വം നൽകി. തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്‌മശാനത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹന കർമ്മം നടത്തി. അന്ത്യോപചാര കർമ്മത്തിൽ സാക്ഷ്യം വഹിക്കുവാൻ വൻ ജനാവലിയാണ് എത്തിയത്.

കഴിഞ്ഞ മാസം ഫെബ്രുവരി 12 ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് ഗംഗാധരൻ നിര്യാതനാവുന്നത്. ഫെബ്രുവരി 27 ന് ന്യൂഹാമിലെ സ്ട്രാറ്റ്ഫോർഡ് ടൗൺ ഹാളിൽ ചേർന്ന ഫുൾബഞ്ച് കൗൺസിൽ യോഗത്തിൽ വെച്ച് പരേതനോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തുകയും, ഒരു മിനിറ്റ് മൗന പ്രാർത്ഥന അർപ്പിക്കുകയും ചെയ്തിരുന്നു.

ഗംഗാധരൻ സിങ്കപ്പൂരിൽ നിന്നുമാണ് ലണ്ടനിൽ എത്തുന്നത്. നാലു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ ട്രേഡ് യൂണിയൻ രംഗത്തും, സാമൂഹ്യ രംഗത്തും സജീവമായിരുന്ന ഗംഗാധരൻ ലണ്ടനിൽ ശ്രീനാരായണ ഗുരു മിഷൻ സ്ഥാപകരിലൊരാളും, പ്രസ്ഥാനത്തിനായി നിരവധിയായ സംഭാവനകൾ നല്കിയിട്ടുമുള്ള വ്യക്തിയാണ്.

ചെറു പ്രായത്തിൽ തന്നെ സിംഗപ്പൂരിലേക്ക് കുടിയേറിയ ഗംഗാധരൻ അവിടെ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ബോയ്സ് സ്‌കൗട്ടിൽ സജീവമായിരുന്നു. ലണ്ടനിൽ വന്നശേഷവും സ്‌കൗട്ടിനു പ്രോത്സാഹനം നൽകിപ്പോന്നിരുന്ന ഗംഗാധരൻ തന്റെ മരണാന്തര കർമ്മങ്ങളിൽ പൂക്കൾക്കും, റീത്തുകൾക്കും പകരം ന്യൂഹാം സ്കൗട്ട്സ്, ഡിമെൻഷ്യാ യു കെ എന്നീ പ്രസ്ഥാനങ്ങൾക്കായി സ്വരൂപിക്കുന്ന ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ലണ്ടനിൽ വെച്ചു നടന്ന സ്കൗട്ടിന്റെ നൂറാം വാർഷികത്തിൽ അതിഥി ആയും പങ്കുചേരുവാൻ ഗംഗാധരന് അവസരം ലഭിച്ചിരുന്നു.

ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. ഭാര്യ ഡോ. ഓമന ഗംഗാധരൻ, ചങ്ങനാശ്ശേരി സായി കൈലാസ് കുടുംബാംഗമാണ്. (ഗംഗ കൈലാസ്, 158A ,ലാതാം റോഡ്, E6 2DY, ലണ്ടൻ). കാർത്തിക , കണ്ണൻ ഗംഗാധരൻ എന്നിവർ മക്കളാണ്. ഡോ. സൂരജ് മരുമകനും, അഡ്വ. അതുൽ സൂരജ് ചെറുമകനുമാണ്.

അന്ത്യോപചാര കർമ്മങ്ങൾക്ക് ശേഷം ബ്ളാക്ക് ഹാൾ സ്വാമി നാരായണ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരുന്ന സ്നേഹ സൽക്കാരത്തിൽ ഏവരും പങ്കു ചേരുകയും ദുംഖാർത്തരായ ഡോ. ഓമനയോടും കുടുംബാംഗങ്ങളുമായി സംസാരിച്ചും, സാന്ത്വനം പകർന്നുമാണ് തിരിച്ച് പോയത്.

ഗിരി വിദ്യാധരൻ (ഗുരുമിഷൻ യു കെ) ശ്രീനാരായണ ഗുരു രചിച്ച ദൈവ ദശകം ആലപിച്ചൂ പ്രാർത്ഥിച്ചു കൊണ്ടാണ് ക്രിമറ്റോറിയത്തിലെ മരണാനന്തര കർമ്മങ്ങൾ ആരംഭിച്ചത്.ദേവാസന സായി ‘ഹരിവരാസനം’ പാടിക്കൊണ്ട് പ്രാർത്ഥനാപൂർവ്വം ആത്മാവിനു നിത്യശാന്തി നേർന്ന് അനുശോചന യോഗ നടപടികൾക്ക് പരിസമാപ്തിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more