ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രതികാര തീരുവ ഏർപ്പെടുത്തുമെന്ന് നിയുക്ത കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കക്കാർ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സർക്കാർ താരിഫുകൾ തുടരുമെന്നും മാർക്ക് കാർണി പറഞ്ഞു.
‘അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്നതും വിൽക്കുന്നതുമായ ഉത്പന്നങ്ങൾക്ക് ന്യായീകരിക്കാൻ കഴിയാത്ത തരത്തിലുളള താരിഫുകളാണ് അദ്ദേഹം ഏർപ്പെടുത്തിയിരിക്കുന്നത്. അയാൾ കനേഡിയൻ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുകയാണ്. അദ്ദേഹത്തെ വിജയിക്കാൻ അനുവദിക്കില്ല. അമേരിക്കക്കാർ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സർക്കാർ താരിഫുകൾ തുടരും. നമ്മൾ ശക്തരാണ്. അമേരിക്കയ്ക്കെതിരെയുളള കനേഡിയൻമാരുടെ പ്രതികരണത്തിൽ ഞാൻ അഭിമാനിക്കുന്നു’വെന്ന് മാർക്ക് കാർണി പറഞ്ഞു.
കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി ഇന്നാണ് മാര്‍ക്ക് കാര്‍ണിയെ തിരഞ്ഞെടുത്തത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 85.9 ശതമാനം വോട്ടാണ് കാർണിക്ക് ലഭിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായി കാർണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കനേഡിയൻ, മെക്സിക്കൻ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പകരമായി, ഓറഞ്ച് ജ്യൂസ്, കാപ്പി, പഴങ്ങൾ എന്നിവയുൾപ്പെടെ 30 ബില്യൺ കനേഡിയൻ ഡോളർ (20.9 ബില്യൺ ഡോളർ) മൂല്യമുള്ള സാധനങ്ങൾക്ക് കാനഡ സ്വന്തമായി 25 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കാറുകൾ, ട്രക്കുകൾ, സ്റ്റീൽ, വിവിധ ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ 125 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്നും കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഏപ്രിൽ രണ്ട് മുതൽ കനേഡിയൻ, മെക്സിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കാനഡയ്ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചത് ഒരു ചെറിയ ഇടവേള മാത്രമാണെന്നും വർദ്ധിപ്പിച്ച താരിഫുകൾ ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു. ചൈനക്കെതിരെ പത്ത് ശതമാനം നികുതി ചുമത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് ലഹരിക്കടത്ത് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നീക്കം.
ട്രംപ് കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് ആഹ്വാനം ചെയ്തതും വലിയ വിവാദമായിരുന്നു. കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗഡിലൂടെയായിരുന്നു ട്രംപ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെ ട്രംപിൻ്റെ പോസ്റ്റിൻ്റെ ഉള്ളടക്കത്തെ എതിർത്ത് ലിബറൽ പാർട്ടിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രംഗത്തു വന്നിരുന്നു. പോസ്റ്റിൽ അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും, അല്ലാത്തതും എന്ന് വേർതിരിച്ചു കാണിക്കുന്ന ഒരു ഭൂപടമാണ് ലിബറൽ പാർട്ടി പങ്കുവെച്ചത്. ആശയക്കുഴപ്പമുളളവർക്കായി എന്ന ക്യാപ്ഷനോട് കൂടി പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല എന്ന് കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രതികരിച്ചിരുന്നു.
click on malayalam character to switch languages