ന്യൂഡൽഹി: ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്.
18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ഗ്യാനേഷ് കുമാർ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷൻ അന്നും ഇന്നും എന്നും വോട്ടർമാർക്കൊപ്പമുണ്ടെന്നും ഗ്യാനേഷ് കുമാർ പ്രതികരിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് മറികടന്ന് കേന്ദ്ര സർക്കാർ നേരത്തെ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ അടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനായി തിരഞ്ഞെടുത്തത്. സെലക്ഷൻ കമ്മിറ്റിയിൽ അംഗമായ രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയെങ്കിലും ഇത് തള്ളുകയായിരുന്നു. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.
സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹർജി ഫെബ്രുവരി 19ന് പരിഗണിക്കാനിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗം മാറ്റിവെയ്ക്കണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറായിരുന്നില്ല.
മുൻ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബിൽ തയ്യാറാക്കുന്നതിൽ ഗ്യാനേഷ് കുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. അതിന് ശേഷം അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി നിയമിതനായി. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി രേഖകളും കൈകാര്യം ചെയ്തതും അദ്ദേഹമായിരുന്നു.
click on malayalam character to switch languages