അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയും പങ്കെടുക്കാൻ എത്തും. ജനുവരി 20ന് വാഷിംഗ്ടൺ ഡിസിയിൽ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം.വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരുവരും ജനുവരി 18 ന് യുഎസ് ക്യാപിറ്റോൾ വാഷിംഗ്ടൺ ഡിസിയിൽ എത്തും. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങൾ ശനിയാഴ്ച വിർജീനിയയിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ വെച്ചാണ് നടക്കുക. ചടങ്ങിൻ്റെ തലേദിവസം രാത്രി ഡൊണാൾഡ് ട്രംപിനൊപ്പം നിതയും മുകേഷ് അംബാനിയും അത്താഴം കഴിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി, ഉഷ വാൻസ് എന്നിവരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.
അംബാനിയെ കൂടാതെ ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, സേവ്യർ നീൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.ഫ്രഞ്ച് കോടീശ്വരനും ടെക് സംരംഭകനുമായ സേവ്യർ നീൽ ഭാര്യയോടൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തും.ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാകും ചടങ്ങിൽ പങ്കെടുക്കുക. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അർജൻ്റീന പ്രസിഡൻ്റ് ഹാവിയർ മിലേ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഹംഗറി പ്രസിഡൻ്റ് വിക്ടർ ഓർബനും ചടങ്ങിൽ പങ്കെടുത്തേക്കും.
തിങ്കളാഴ്ച റിപ്പബ്ലിക്കൻ മെഗാ ഡോണർ മിറിയം അഡൽസണും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗും ചേർന്ന് സംഘടിപ്പിക്കുന്ന ബ്ലാക്ക് ടൈ റിസപ്ഷനിലും മുകേഷും നിത അംബാനിയും പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
click on malayalam character to switch languages