1 GBP = 105.20

ലോസ് ആഞ്ചൽസ് കാട്ടുതീ; അർനോൾഡ് ഷ്വാസ്‌നെഗർ അടക്കമുള്ളവരുടെ വസതികൾ ഭീഷണിയിൽ

ലോസ് ആഞ്ചൽസ് കാട്ടുതീ; അർനോൾഡ് ഷ്വാസ്‌നെഗർ അടക്കമുള്ളവരുടെ വസതികൾ ഭീഷണിയിൽ

ലോസ് ഏഞ്ചൽസ്: ലോസ് ആഞ്ചൽസിന്റെ വലിയൊരു ഭാഗത്തെ നക്കിത്തുടച്ച മാരകമായ കാട്ടുതീ തടയാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പരിശ്രമിക്കുന്നതിനിടയിലും തീ അയൽപ്രദേശങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 മരണങ്ങളും പതിനായിരം ​വീടുകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് ഇപ്പോൾ ബ്രെന്റ്വുഡിനെ ഭീഷണിപ്പെടുത്തുന്ന തീപിടിത്തത്തെ തടയാൻ ഹെലികോപ്ടറിൽ വെള്ളം അടിക്കൽ തുടരുകയാണ്. എന്നാൽ, ജ്വലിക്കുന്ന കുന്നുകളിൽ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന.

ഹോളിവുഡ് സൂപ്പർ സ്റ്റാറും മുൻ കാലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗർ, ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടിവ് ബോബ് ഇഗർ, എൻ.ബി.എ താരം ലെബ്രോൺ ജെയിംസ് എന്നിവരുടെ വീടുകൾ ബ്രെന്റ്‍വുഡിലാണുള്ളത്. ഇവിടെയുള്ളവരോട് പലായനം ചെയ്യാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഷ്വാസ്‌നെഗറിൻ്റെ ‘ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ്’ എന്ന ഹോളിവുഡ് പ്രീമിയർ പ്രദേശത്ത് തീ പടർന്നതിനാൽ റദ്ദാക്കി.

‘ഈ തീകൾ തമാശയല്ലെന്ന്’ ലെബ്രോൺ ജെയിംസ് ട്വീറ്റ് ചെയ്തു. തന്റെ വീട് അടിയന്തരമായി ഒഴിയേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ മേഖലയിൽ സ്വന്തമായി വീടുള്ളവരിൽ സെനറ്റർ കമലാ ഹാരിസും ഉൾപ്പെടുന്നു.

വാൻ ഗോഗ്, റെംബ്രാൻഡ്, റൂബൻസ്, മോനെറ്റ്, ഡെഗാസ് എന്നിവരുടെ മാസ്റ്റർപീസുകൾ ഉൾപ്പെടെ 125,000ലധികം കലാസൃഷ്‌ടികൾ സൂക്ഷിച്ചിരിക്കുന്ന ഹിൽടോപ്പ് മ്യൂസിയമായ ‘ഗെറ്റി സെന്ററും’ ഒഴിപ്പിക്കൽ മേഖലയിലാണ്. കെട്ടിടത്തിന് ഇതുവരെ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

കാട്ടുതീ ഒറ്റരാത്രികൊണ്ട് വീണ്ടും ശക്തമാകുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. ഈറ്റൺ, പാലിസേഡ്സ് എന്നീ തീപിടിത്തങ്ങൾ മൂലമാണ് മരണങ്ങളിൽ 11 ഉം. രണ്ടാമത്തെ വലിയ തീപിടുത്തമായ ഈറ്റൺ, 14000 ഏക്കറിലധികം നശിപ്പിക്കുകയും 15ശതമാനം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. എന്നാൽ, തുടക്കത്തിൽ തീ ആളിപ്പടർത്തിയ വരണ്ട കാറ്റ് ഞായറാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ സർവിസ് മുന്നറിയിപ്പ് നൽകി.

സങ്കൽപ്പിക്കാനാവാത്ത ഭീകരതയുടെയും ഹൃദയ ദ്രവീകരണത്തിന്റെയും മറ്റൊരു രാത്രിക്ക് ലോസ് ആഞ്ചൽസ് സാക്ഷ്യം വാഹിച്ചുവെന്ന് കൗണ്ടി സൂപ്പർവൈസർ ലിൻഡ്സെ ഹോർവാത്ത് ശനിയാഴ്ച പറഞ്ഞു. രണ്ട് വലിയ തീകൾ ചേർന്ന് മാൻഹട്ടന്റെ ഇരട്ടിയിലധികം വലിപ്പമുള്ള ഒരു പ്രദേശം നശിപ്പിച്ചു. തീപിടിത്തത്തിന്റെ ആഘാതത്തെ വൻ നാശ നഷ്ടം എന്നാണ് മാലിബു പസഫിക് പാലിസേഡ്‌സ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ മേധാവി ബാർബറ ബ്രൂഡർലിൻ വിശേഷിപ്പിച്ചത്. ‘എല്ലാം പോയ പ്രദേശങ്ങളുണ്ട്. ഒരു തടി പോലും ബാക്കിയില്ലെ‘ന്നും ബ്രൂഡർലിൻ പറഞ്ഞു.

അതിനിടെ, അഗ്നിശമന വിഭാഗത്തിനുള്ള ബജറ്റ് വെട്ടിക്കുറച്ച നടപടിക്കെതിരെ രോഷമുയർന്നിട്ടുണ്ട്. ലോസ് ആഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റിനായി പ്രതിവർഷം കോടിക്കണക്കിന് തുക നൽകുന്നതിനായി മറ്റ് നഗര പരിപാലന സംവിധാനങ്ങൾക്ക് സ്ഥിരമായ പണം മുടക്കുന്നത് അനന്തരഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് പീപ്പിൾസ് സിറ്റി കൗൺസിൽ അഭിഭാഷകനും സംഘാടകനുമായ റിക്കി സെർജിങ്കോ കുറ്റപ്പെടുത്തി. തന്റെ വകുപ്പിനുള്ള17 ദശലക്ഷം ഫണ്ട് വെട്ടിക്കുറച്ചതും പാലിസേഡുകളിലെ ഹൈഡ്രന്റുകളിലെ ജലവിതരണത്തിലെ പ്രശ്‌നങ്ങളും അഗ്നിശമന സേനാംഗങ്ങളുടെ തീപിടിത്തത്തെ നേരിടാനുള്ള ശേഷിയെ ക്ഷയിപ്പിച്ചതായി ലോസ് ഏഞ്ചൽസ് അഗ്നിശമനസേനാ മേധാവി ക്രിസ്റ്റിൻ ക്രൗലിയും പറഞ്ഞു.

ഏഴ് അയൽ സംസ്ഥാനങ്ങളും ഫെഡറൽ ഗവൺമെന്റും കാനഡയും മെക്സിക്കോയും കാലിഫോർണിയയിലേക്ക് വിഭവങ്ങൾ എത്തിക്കുന്നുണ്ട്. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more