1 GBP = 105.58

സർവം വിഴുങ്ങി കാട്ടുതീ, കത്തിച്ചാമ്പലായി വീടുകൾ; തലയിൽ കൈവെച്ച് യുഎസ് ഭരണകൂടം

സർവം വിഴുങ്ങി കാട്ടുതീ, കത്തിച്ചാമ്പലായി വീടുകൾ; തലയിൽ കൈവെച്ച് യുഎസ് ഭരണകൂടം

ലോസ്ആഞ്ചൽസ്: രണ്ട് ദിവസമായി തുടരുന്ന ലോസ് ആഞ്ചൽസ് കാട്ടുതീ നിയന്ത്രിക്കാനാകാതെ കുഴഞ്ഞ് യുഎസ് ഭരണകൂടം. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു. അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1500 ഓളം വീടുകൾ കത്തിനശിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പലയിടങ്ങളിലായാണ് കാട്ടുതീ ഉണ്ടാകുന്നത്. ഇതുവരെ ആറിടങ്ങളിൽ തീപടർന്നതായി ലോസ് ആഞ്ചൽസ് ഭരണകൂടം അറിയിച്ചു. പല വീടുകളും പൂർണമായും ഭാഗികമായും കത്തിനശിച്ചു. ഹോളിവുഡ് ഹിൽസിലടക്കം പടർന്ന കാട്ടുതീ പല ഹോളിവുഡ് താരങ്ങളെയും മാറിത്താമസിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധമായ വാക് ഓഫ് ഫെയിം അടക്കമുള്ള മേഖലകൾ കാട്ടുതീ ഭീഷണിയിലാണ്. പ്രതിസന്ധി രൂക്ഷമായതോടെ വിരമിച്ച അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരോടും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണകൂടം.

പ്രദേശത്തെ കനത്ത കാറ്റാണ് കാട്ടുതീ അണയ്ക്കുന്നതില്‍ പ്രധാനപ്പെട്ട വെല്ലുവിളിയായി നിലനിൽക്കുന്നത്. ഇവയ്ക്ക് പുറമെ തീ അണയ്ക്കാൻ മതിയായ വെള്ളം ലഭ്യമാക്കാനാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിലവിൽ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more