1 GBP = 105.67
breaking news

ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ:

ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ:

ബി. അശോക് കുമാർ. റിട്ട. ഡപ്യൂട്ടി ഡയറക്ടർ, ആകാശവാണി

ഞാൻ, ആകാശവാണിയുടെ മംഗലാപുരം നിലയത്തിൽ നിന്നും വിരമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഒരു വൈകുന്നേരം, തൃശ്ശൂരിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കര ബൈപാസിനരികിലുള്ള എന്റെ വീട്ടിൽ നിന്നും തൊട്ടടുത്തുള്ള കുഞ്ഞനമ്പാറയിലെ ഒരു സുഹൃദ് സന്ദർശനത്തിനു ശേഷമുള്ള മടക്കത്തിലുള്ള കാൽനടയാത്രയിലാണ്, ‘പ്രൊഫെസർ കെ കെ ഭാസ്കരൻ മെമ്മോറിയൽ വായനശാല’ വർഷങ്ങൾക്കു ശേഷം ദൃഷ്ടിയിൽ പെടുന്നത്. കേരളത്തിനു പുറത്തെ വർഷങ്ങളായുള്ള ജീവിതം നാട്ടിൽ കൊണ്ടു വന്ന മാറ്റങ്ങളെ മനസ്സിൽ ഒന്നോടിച്ചു വിടാറാണ് പതിവ്. ഔദ്യോഗിക ജീവിതത്തിൽ കുടുംബവും ഒപ്പം ഉണ്ടാകുമെന്നതിനാൽ ഒഴിച്ചു കൂടാത്ത കാര്യങ്ങൾക്കല്ലാതെ നാട്ടിൽ വരുന്നതും പതിവില്ല. അതുകൊണ്ടു തന്നെ, മുൻപു കണ്ട നാട്ടുകാഴ്ചകൾ പലതും ഇന്നില്ല. പുതിയ കാഴ്ചകൾ ധാരാളമുണ്ട് താനും.

വായനശാലയെ ആകെ ഒന്നു നോക്കി നടപ്പ് തുടർന്നു. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പണിത കെട്ടിടമാണ്. വർഷാവർഷമുള്ള പഞ്ചായത്തിന്റെ വെള്ളപൂശൽ മുറയ്ക്കു നടക്കുന്നുണ്ടെന്നൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. എന്റെ അച്ഛന്റെ പേരാണ് വായനശാലക്ക്. അതുകൊണ്ടു തന്നെ ഇതിനെ കുറിച്ചുള്ള ഓർമ്മയും സുഖകരമായ ഒരു കാറ്റായ് ഒപ്പം കൂടി. ജനോപകാരപ്രദമായ ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന പ്രകൃതമായിരുന്ന അച്ഛന്. അതുകൊണ്ടുതന്നെ, അച്ഛന് നാട്ടിൽ നല്ല ജനപ്രീതിയുണ്ടായിരുന്നു. അച്ഛന്റെ മരണത്തിനു ശേഷമാണ് വായനശാലയ്ക്ക് അച്ഛന്റെ പേര് ലഭിച്ചത്. അക്കാലത്ത്, മരത്താക്കര പ്രദേശത്ത് ഒരു വായനശാല വേണം എന്ന ആവശ്യമുയർന്നപ്പോൾ അതിനു വേണ്ടി മുന്നിട്ടിറങ്ങിയതും ജനകീയാസൂത്രണ പദ്ധതിയിലൂടെ അക്കാര്യം നടത്തിയെടുത്തതും അച്ഛനായിരുന്നു. അച്ഛനായിരുന്നു അതിന്റെ നിർമ്മാണ കമ്മിറ്റി ചെയർമാൻ. പഞ്ചായത്തുമായുള്ള കരാർ പ്രകാരം എസ്റ്റിമേറ്റ് തുകയിൽ കുറവായി, സമയബന്ധിതമായിതന്നെ അച്ഛനും കമ്മിറ്റികാരും കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. എന്നാൽ, പദ്ധതി ഫണ്ടിലേക്ക് ലഭിക്കേണ്ട, ജനങ്ങളിൽ നിന്നുമുള്ള ‘ഗുണഭോക്തൃ വിഹിതം’  കമ്മിറ്റികാർ പിരിച്ചില്ല എന്ന കാരണത്താൽ പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട അവസാന ഗഡു അവർ നല്കിയില്ല. ഇതിനെതിരെ ജില്ലാ കളക്ടർക്ക് നല്കിയ പരാതിയിൽ പഞ്ചായത്തിനെതിരെ ഉത്തരവും ഉണ്ടായി. എന്നിട്ടും ബാക്കി തുക നല്കുവാൻ പഞ്ചായത്ത് തയ്യാറായില്ല. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പ്രതിഭാവം എന്ന ഒരു പ്രാദേശിക പത്രത്തിൽ ഇതിനെ കുറിച്ചു മുൻപേജിൽ വാർത്ത വരികയുണ്ടായി. എഡിറ്റോറിയലും ഈ വിഷയത്തെ പറ്റിയായിരുന്നു.

‘കളക്ടറുടെ ഉത്തരവ് അനാസ്ഥയിൽ; പണം നല്കാൻ ബാധ്യതയില്ലെന്ന് അധികൃതർ’ എന്ന തലക്കെട്ടോടെ വന്ന വാർത്തയെ തുടർന്ന്, വിഷയം നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. തിരുവനന്തപുരത്തുള്ള ജനകീയാസൂത്രണ പദ്ധതിയുടെ ഹെഡ് ഓഫീസിലും ഈ പത്രവാർത്ത എത്തുകയുണ്ടായി. അവിടെ നിന്നും പഞ്ചായത്തിലേക്ക് അന്വേക്ഷണവുമെത്തി. വാർത്ത വന്ന് രണ്ടാഴ്ച്ചയാകാറായപ്പോഴേക്കും പഞ്ചായത്തിൽ നിന്നും അവസാന ഗഡുവും പാസാക്കി കിട്ടി. മുഖ്യധാരപത്രങ്ങൾക്കിടയിലും പ്രാദേശിക പ്രശ്നങ്ങളെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന പ്രാദേശിക പത്രങ്ങളുടെ പ്രസക്തി ഈയൊരു ചെറു പത്രത്തിലൂടെ ബോധ്യപ്പെട്ട ഒരു സംഭവമായിരുന്നു അത്. കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആയിരുന്നു പ്രതിഭാവത്തിന്റെ എഡിറ്റർ. 2010 ജനുവരിയിൽ ആരംഭിച്ച ഈ പത്രത്തിന് ഈ ജനുവരിയിൽ കാൽനൂറ്റാണ്ട് തികയുമ്പോൾ, ആ പത്രം ഇന്നില്ല.

ഈ പത്രത്തിലൂടെയാണ് പ്രശസ്ത സാഹിത്യകാരിയായിരുന്ന ഗീതാ ഹിരണ്യനെ ഞാൻ ആദ്യമായി വായിക്കുന്നതും. പ്രതിഭാവത്തിന്റെ ആദ്യലക്കത്തിൽ പ്രസിദ്ധീകരിച്ചു വന്ന, ഗീതാ ഹിരണ്യന്റ അവസാനകാല കൃതിയായി കരുതപ്പെടുന്ന ‘സുഖം’ എന്ന കവിത പിറന്നതിനും ഈ ജനുവരിയിൽ കാൽനൂറ്റാണ്ട് തികയുകയാണ്. അക്കാലത്ത്, ഗീതാ ഹിരണ്യനെ കുറിച്ചു കേട്ടിട്ടുണ്ടെന്നല്ലാതെ അവരുടെ എഴുത്തുകൾ വായിക്കാൻ അധികം കഴിഞ്ഞിരുന്നില്ല. പ്രതിഭാവത്തിൽ വന്ന, ‘സുഖം’ എന്ന കവിതയുടെ വായനയാണ് ആദ്യത്തേത്. അവരുടെ എഴുത്തുകളിൽ എനിക്കിഷ്ടമായ മറ്റൊന്ന്, ‘ഘരെ ബായ്‌രെ’ എന്ന കഥയാണ്. 1916ൽ, ഇതേ പേരിൽ എഴുതപ്പെട്ട, രബീന്ദ്രനാഥ ടാഗോറിന്റെ നോവലിനെ ആസ്പദമാക്കി 1984ൽ, സത്യജിത് റായ് സംവിധാനം ചെയ്ത ബംഗാളി സിനിമ ‘ഘരെ ബായ്‌രെ’ യുടെ തീം ഘടനയാണ് ഈ കഥയ്ക്കുള്ളത്.

ആണെഴുത്തിന്റെ ഒരു ഡീകണ്‍സ്ട്രക്ഷൻ പെണ്ണെഴുത്തിലൂടെ മലയാളത്തിലേക്ക് പറിച്ചു നടുകയാണ് ഇതിലൂടെ അവർ ചെയ്തിരിക്കുന്നത്. എന്നാൽ, നോവലിലും സിനിമയിലും ഉള്ളതുപോലെ ഈ കഥയിലെ മുഖ്യകഥാപാത്രങ്ങളായ കുടുംബനാഥയ്ക്കും കുടുംബനാഥനും അവർ പേരുകൾ നല്കിയിട്ടില്ല. അതിലൂടെ, ഗൂഢമായ ഒരു സന്ദേശമാണ് ഇക്കഥയിൽ അവർ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ‘ഏതൊരു ഭാര്യാ-ഭർത്തൃ ബന്ധത്തിലും വ്യക്തികളുടെ പേരുകൾ മാത്രമേ മാറുന്നുള്ളു, അവരുടെ ജീവിത വൈശിഷ്ട്യങ്ങളും ഭാര്യാ-ഭർത്തൃ ബന്ധത്തിന്റെ അസ്ഥിത്വവും നിലനിൽപ്പും ചിന്തകളും മറ്റും പൊതുവെ എല്ലായിടത്തും ഒന്നുതന്നെ’ എന്ന് വ്യംഗ്യമായി, ഒരു വീട്ടമ്മയുടെ ജീവിതം പറയുന്ന ഈ കഥയിലൂടെ, കഥാകാരി പറഞ്ഞു വെയ്ക്കുന്നു. ഭർത്താവിന്റെയും മക്കളുടെയും കാമുകന്റേയും സ്വാർത്ഥതകൾക്ക് നടുവിൽ, സ്വതന്ത്രമായി വളരാൻ കഴിയാതെ മുരടിച്ചു പോകുന്ന, ‘ഒരു കുള്ളൻ അരയാലിനെപോലെ ഒരു വീട്ടമ്മ… അവരുടെ പാഴായിപ്പോകുന്ന സ്നേഹം… ആർദ്രത… അവരെ വരിഞ്ഞു മുറുക്കുന്ന അസ്വാസ്ഥ്യങ്ങൾ… ഭീതി… നിസ്സഹായത.’

കുള്ളൻ അരയാലിന് ചില്ലകളുണ്ട്, ഇലകളുണ്ട്. പക്ഷേ, മറ്റുള്ളവർക്ക് ആവശ്യമായ കാറ്റോ തണലോ നല്കാൻ അതിനു കഴിയുന്നില്ല. അതുപോലെയാണ് ഇക്കഥയിലെ കുടുംബനാഥയുടെ അവസ്ഥയും. കാമുകനുമായി ശരീരം പങ്കിട്ടതിനു ശേഷമാണ്, നിർമ്മലമെന്നു കരുതപ്പെടുന്ന സ്നേഹം അസ്തമിക്കുന്നുവന്ന് കഥാനായിക തിരിച്ചറിയുന്നത്. ഒരു ശരാശരി ഇന്ത്യൻ സ്ത്രീയുടെ സ്വകാര്യ രാജ്യത്തിനു വെളിച്ചം പകരാൻ പുറമെ നിന്നുള്ള മറ്റൊന്നിനും കഴിയുന്നില്ല എന്ന് എത്തിച്ചേരുന്നിടത്ത് ഈ കഥ പര്യവസാനിക്കുമ്പോൾ, ‘വീടിനു പുറത്തും’ എന്ന അർത്ഥമുള്ള ‘ഘരെ ബായ്‌രെ’ എന്ന ഈ ബംഗാളി വാക്യം യഥാർത്ഥ സ്നേഹത്തിനും പരിചരണത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ കാത്തിരിപ്പുകളും അന്വേഷണങ്ങളും പലപ്പോഴും നിരർത്ഥകമാണെന്ന വസ്തുതയെ ഒരിക്കൽകൂടി വെളിപ്പെടുത്തുന്നു.

സ്ത്രീജീവിതങ്ങളെ ആഴത്തിൽ അപഗ്രഥിച്ചുകൊണ്ടുള്ളതാണ് ഗീത ഹിരണ്യന്റെ ഭൂരിഭാഗം കൃതികളും. അർബുദരോഗത്താൽ അല്പ്പായുസിൽ അസ്തമിച്ചു പോയ അവരുടെ അവസാന നാളുകളിൽ എഴുതിയ ‘സുഖം’ എന്ന ഈ ചെറുകവിതയും സ്ത്രീകളുടെ സമാനമായ ഇത്തരം കാഴ്ചപ്പാടുകളെ കുറിക്കുന്നു. ഇന്നിപ്പോൾ ഈ കവിത വീണ്ടും ഞാൻ വായിക്കുമ്പോൾ, സീതയെ പ്രതിനിധീകരിച്ചുകൊണ്ട് ഇതിന്റെ ഒടുക്കത്തിൽ കവയിത്രി പറയുന്ന വാക്കുകൾ ഇന്നും നമുക്കിടയിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു…

“ജനകജേ, ഭാഗ്യദോഷത്തിൻ ജന്മമേ, അയോദ്ധ്യയിലേയ്ക്കുള്ള ഈ മടക്കത്തിൽ വൈമാനികൻ മാറിയന്നേയുള്ളൂ. സ്വദേശത്തോ വിദേശത്തോ വീട്ടിലോ കാട്ടിലോ നിനക്കില്ല മനഃസ്വാസ്ഥ്യം.”

പ്രശസ്ത എഴുത്തുകാരിയായിരുന്ന ലളിതാംബിക അന്തർജനത്തിന്റെ സഹോദര പുത്രിയും അദ്ധ്യാപകയുമായിരുന്ന ഗീതാ ഹിരണ്യൻ മലയാള സാഹിത്യത്തിൽ തന്റേതായ ഇരിപ്പിടം സ്വന്തമാക്കി കടന്നു പോയതിനും ഈ ജനുവരിയിൽ കാൽനൂറ്റാണ്ടിനടുത്ത് പ്രായമാകുന്നു. രണ്ടായിരത്തിരണ്ട്  ജനുവരി രണ്ടിനായിരുന്നു അവരുടെ വിയോഗം. ഭർത്താവ്, കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ.കെ. ഹിരണ്യൻ ഈയിടെയാണ് അന്തരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more