1 GBP = 106.86

ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു

ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു

UKയിലെ കുടിയേറ്റ തൊഴിലാളികളുടെ ആദ്യത്തെ സംഘടനായ ഇന്ത്യൻ വർക്കേഴ്‌സ് അസ്സോസിയേഷൻ്റെ ദേശീയ സമ്മേളനം ,സംഘടനയുടെ എക്കാലത്തെയും പ്രിയപ്പെട്ട നേതാക്കളിൽ ഒരാളായ സീതാറാം യെച്ചൂരിയുടെ പേര് നൽകിയ ലെസ്റ്ററിലെ ഭഗത്‌സിംഗ് വെൽഫെയർ സെൻറ്ററിൽ വച്ച് നടന്നു. കോളനി ഭരണത്തിനും സാമ്രാജ്യത്വത്തിനും എതിരെ അടിയുറച്ച നിലപാട് എടുത്തുകൊണ്ട് 1938ൽ രൂപം കൊണ്ട സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ അടയാളപ്പെടുത്തികൊണ്ട് പ്രസിഡണ്ട് ദയാൽ ബാഗ്രി സമ്മേളനം ഉത്‌ഘാടനം ചെയ്തു. അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ്, SFI UK പ്രതിനിധി നൂപുർ പലിവാൽ, മലയാളികളുടെ പുരോഗമന സാംസ്‌കാരിക സംഘടന പ്രതിനിധി ജോസെൻ ജോസ് തുടങ്ങിയവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
സാമൂഹിക നീതിക്കും,സാമ്പത്തിക നീതിക്കും വേണ്ടി നിരന്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം തന്നെ ഇന്ത്യക്കാർക്ക് പുറമെ മറ്റിതര കുടിയേറ്റ ജനവിഭാഗങ്ങളുമായി സാംസ്കാരികമായി അടുപ്പം കാത്തു സൂക്ഷിക്കാനും, അതിൻ്റെ ഭാഗമായി വംശീയ ഉള്ളടക്കത്തിലുള്ള ഇമ്മിഗ്രേഷൻ നിയമങ്ങൾക്കും, വർഗ്ഗീയ/വംശീയ അതിക്രമങ്ങൾക്കുമെതിരെ യോജിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും IWA GB മുൻകൈ എടുത്തു വരുന്നുണ്ട്.

മുൻപ് ഒരേ രാജ്യത്തിൻ്റെ ഭാഗമായിരിക്കുകയും, പിൽക്കാലത് കോളനി ഭരണത്തിന്റെ ഒരു ബാക്കി പത്രം എന്ന നിലയിൽ വിഭജിക്കപ്പെട്ട് പാകിസ്താനിലും, ബംഗ്ലാദേശിലും ആയിപ്പോയ സഹോദരങ്ങളാണ് നമ്മൾ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് പാകിസ്താനി സുഹൃത്തുക്കളുടെ, അവാമി വർക്കേഴ്സ് പാർട്ടി അദ്ധ്യക്ഷൻ പർവേസ് ഫതഹ് സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പാകിസ്ഥാനിൽ കർഷക സംഘവും കമ്മ്യൂണിസ്റ്റ് പാർട്ടിയും രൂപീകരിക്കുന്നതിൽ IWA യുടെ എക്കാലത്തെയും പ്രധാന മാർഗദർശി ഹർകിഷൻ സിങ് സുർജിത് വഹിച്ച പങ്കിനെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. ബംഗ്ലാദേശ്,പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലെ വർക്കേഴ്സ് സംഘടനകളെ കൂട്ടിച്ചേർത്തു കൊണ്ട് IWA യുടെ കൂടി പങ്കാളിത്തത്തിൽ സൗത്ത് ഏഷ്യൻ പീപ്പിൾസ് ഫോറം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച സീതാറാം യെച്ചൂരിയുടെ പേര് നൽകിയ ഹാളിൽ ചേർന്ന ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കാൻ കഴിഞ്ഞത് ചരിത്രപരമായ ഒരു അവസരമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
UK യിലെ ട്രേഡ് യൂണിയനുകളുടെ ഒരു സംയുക്ത കൂട്ടായ്മ, ജനറൽ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (GFTU)ജനറൽ സെക്രട്ടറി ഗവെയ്‌ൻ ലിറ്റിൽ ,അദ്ദേഹത്തിന് നേരിട്ട് എത്തിച്ചേരാൻ കഴിയാത്തതു മൂലം വീഡിയോ സന്ദേശം വഴിയാണ് സമ്മേളനത്തിന് അഭിവാദ്യങ്ങൾ അറിയിച്ചത്.ട്രേഡ് യൂണിയനുകൾ യോജിച്ചു പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയും, വരും ദിനങ്ങളിൽ UK യിൽ സംഭവിക്കാൻ പോകുന്ന
സമരപ്രക്ഷോഭ പരിപാടികളെ പറ്റിയുമെല്ലാം അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ സംസാരിച്ചു. അതേ തുടർന്ന്, ട്രേഡ് യൂണിയൻ്റെ സങ്കേതത്തിനു പുറത്തു നിൽക്കുന്ന IWA പോലുള്ള കുടിയേറ്റ തൊഴിലാളികളുടെ സംഘടന GFTU ൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കണം എന്ന് സമ്മേളനത്തിൽ പ്രതിനിധികൾ പൊതുവായി ആവശ്യപ്പെട്ടു.

UK യുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സമ്മേളന പ്രതിനിധികൾക്ക് മുന്നിൽ സെക്രട്ടറി ലിയോസ് പോൾ റിപ്പോർട്ട് സമർപ്പിച്ചു.പ്രതിനിധികളുടെ വിപുലവും ക്രിയാത്മകവുമായ ചർച്ചകൾക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. തുടർന്ന്, ആരോഗ്യ പ്രശ്നങ്ങൾ മൂലം സ്ഥാനം ഒഴിയുന്ന, IWA യുടെ മുതിർന്ന അംഗവും പ്രസിഡണ്ടുമായ ദയാൽ ബാഗ്രി സമ്മേളനം നിയന്ദ്രിച്ചു പോന്ന പ്രസീഡിയത്തിൻ്റെ അനുമതിയോടു കൂടി അടുത്ത 2 വർഷക്കാലത്തേക്കുള്ള ഭാരവാഹികളുടെയും സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ഒരു പാനൽ അവതരിപ്പിച്ചു. ഐക്യകണ്ഠമായി പാനൽ സമ്മേളന പ്രതിനിധികൾ അംഗീകരിച്ചു.വൈസ് പ്രസിഡണ്ടായിരുന്ന ഹർസെവ് ബൈൻസ് പ്രസിഡണ്ടായി ചുമതലയേറ്റു. ലിയോസ് പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരും.വൈസ് പ്രസിഡണ്ടുമാരായി ശ്രീകുമാർ ,അശ്വതി റെബേക്ക അശോക് എന്നിവരും, അസിസ്റ്റന്റ് സെക്രട്ടറിയായി പ്രിയ രാജനെയും, ട്രെഷറർ ആയിട്ട് അവതാർ സിങ്ങിനെയും, വിമൻസ് കോർഡിനേറ്റർ ആയിട്ട് പ്രീത് ബൈൻസിനെയും, മെമ്പർഷിപ് മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന കോർഡിനേറ്റർ ആയിട്ട് വിശാൽ ഉദയകുമാറിനെയും സമ്മേളനം തിരഞ്ഞെടുത്തു. രജീന്ദർ ബൈൻസ്, ബൽക്കാർ ധാംറൈറ്റ്, സുനിൽ മലയിൽ, ജോസൻ ജോസ്, സജീർ നൂഹ് മുഹമ്മദ്,ആഷിക് മുഹമ്മദ് നാസ്സർ,ഹർജിൻഡർ ഡോസാൻജ്, ലിനു വർഗീസ്,ജോസ് പി സി ,ജയപ്രകാശ് മറയൂർ ജോസഫ് ടി ജോസഫ് എന്നിവർ അടങ്ങിയ 11 അംഗ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായി ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിൽ ഇതിനോടകം തന്നെ 46000ത്തിൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ 75 ശതമാനത്തിൽ അധികവും സ്ത്രീകളും കുട്ടികളും ആണ്. ഇത്തരമൊരു ഭീകരാക്രമണത്തിനെ യുദ്ധമെന്നും, സംഘർഷമെന്നും വിളിക്കരുതെന്നും, അടിയന്തിരമായി വെടിനിർത്തൽ ഉണ്ടാകണം എന്നും, സമാധാനം പുനഃസ്ഥാപിക്കണം എന്നും, സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാജ്യം രൂപീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ക്യൂബയുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ക്യൂബൻ ജനതയുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയിട്ടുള്ള പുരോഗതിയെ തടഞ്ഞു വെക്കുകയാണ്. ആത്മാഭിമാനത്തോട് കൂടിയുള്ള ക്യൂബൻ ജനതയുടെ ജീവിതത്തെ നിഷേധിക്കുന്ന പ്രവർത്തിയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഉപരോധം മൂലം കഷ്ടത അനുഭവിക്കുന്ന ക്യൂബൻ ജനതയെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്ന നടപടി സാമ്രാജ്യത്ത ശക്തികൾ അവസാനിപ്പിക്കണം എന്നും, ഉപരോധം ഉടനടി നീക്കം ചെയ്ത് ക്യൂബൻ ജനതയുടെ സ്വതത്ര ജീവിതം പുനഃസ്ഥാപിക്കണം എന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

1938 ൽ സംഘടന രൂപം കൊണ്ട അന്നു മുതൽ ഉന്നയിക്കപ്പെടുന്ന “ജാലിയൻവാല ബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി മാപ്പ് പറയുക,ബ്രിട്ടീഷ് കൊളോണിയൽ ചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക”എന്ന ആവശ്യം കൂടുതൽ ശക്തമായി ഉന്നയിക്കുക.വർഗ്ഗീയതക്കും വംശീയതക്കും എതിരെ ശക്തമായി നില കൊള്ളുക, കുടിയേറ്റ വിരുദ്ധ നീക്കങ്ങൾക്കെതിരായി സംയുക്ത പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക, സാമൂഹിക നീതിക്കും സാമ്പത്തിക നീതിക്കും വേണ്ടി അടിയുറച്ചു നില കൊള്ളുക എന്നീ അടിസ്ഥാന തീരുമാനങ്ങളെ ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ടും,”സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടും സമ്മേളനം ഔപചാരികമായി അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more