1 GBP = 107.04
breaking news

വിജയലക്ഷ്മിയുടെ കൊലപാതകം: മൃതദേഹം കണ്ടെത്തി, കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍

വിജയലക്ഷ്മിയുടെ കൊലപാതകം: മൃതദേഹം കണ്ടെത്തി, കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍

ആലപ്പുഴ: വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലാണ് മൃതദേഹമെന്നാണ് വിവരം. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന പ്രദേശത്ത് തെങ്ങിന്‍ തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു. രണ്ടിടത്തും പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രന്‍.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍.

ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.

ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു.

അതേസമയം വീട്ടില്‍ ആരെയും കൊണ്ടുവന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. താന്‍ വീട്ടുജോലിക്ക് പോകുന്ന ആളാണ്. രണ്ട് വര്‍ഷമായി വിജയലക്ഷ്മിയെ അറിയാമെന്നും സുനിമോള്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more