1 GBP = 106.66
breaking news

ഈച്ച നായിക, മാത്യു നായകൻ; മലയാളത്തിൽ വീണ്ടുമൊരു ഹൈബ്രിഡ് ചിത്രം, ‘ലൗലി’ എത്തുന്നത് ത്രീഡിയിൽ

ഈച്ച നായിക, മാത്യു നായകൻ; മലയാളത്തിൽ വീണ്ടുമൊരു ഹൈബ്രിഡ് ചിത്രം, ‘ലൗലി’ എത്തുന്നത് ത്രീഡിയിൽ

‘ഓഫാബി’ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം ‘ലൗലി’ തിയേറ്ററുകളിലെത്തുന്നു. ഫാന്‍റസി കോമഡി ഡ്രാമയായൊരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ത്രീഡിയിലാണ് റിലീസ് ചെയ്യുന്നത്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണ്.

‘ചിത്രത്തിൽ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ക്ക് 45 മിനിറ്റോളം ദൈർഘ്യമുണ്ട്. 51 ദിവസമാണ് സിനിമയുടെ ഷൂട്ടിംഗിനായി എടുത്തതെങ്കിലും 400 ദിവസത്തിലേറെയായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ നടന്നുവരികയാണ്’, സംവിധായകൻ ദിലീഷ് കരുണാകരൻ പറഞ്ഞു. ‘സിനിമയുടെ ത്രീഡി കണവർട്ട് ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത വർഷം ജനുവരിയിലായാണ് റിലീസിന് പദ്ധതി ഇട്ടിരിക്കുന്നത്. ഹോളിവുഡിലൊക്കെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമകളിൽ സിനിമാ താരങ്ങൾ തന്നെ അവയ്ക്ക് ശബ്‍ദം കൊടുക്കുന്നതുപോലെ ലൗലിയിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്’, ദിലീഷ് വ്യക്തമാക്കി.

സെമി ഫാന്‍റസി ഴോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ ജയന്‍, ഉണ്ണിമായ, കെ പി എ സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്.

വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ: പ്രമോജ് ജി ഗോപാൽ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുരക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more