1 GBP = 107.06
breaking news

ഇസ്രയേലിനെതിരെ ഹിസ്ബുള്ള തൊടുത്തത് നൂറിലധികം റോക്കറ്റുകൾ; ആക്രമണം നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഇസ്രയേലിനെതിരെ ഹിസ്ബുള്ള തൊടുത്തത് നൂറിലധികം റോക്കറ്റുകൾ; ആക്രമണം നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ടെഹ്‌റാന്‍: സെപ്റ്റംബറില്‍ നടന്ന പേജര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഏറ്റെടുത്തതിന് പിന്നാലെ ഇസ്രയേലില്‍ റോക്കറ്റ് ആക്രമണവുമായി ഹിസ്ബുള്ള. മണിക്കൂറുകളുടെ ഇടവേളയില്‍ നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിന് നേരെ തൊടുത്തത്. ഒരു വയസുള്ള കുട്ടിയുള്‍പ്പെടെ ഏഴ് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായതായും ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ നിന്നും തങ്ങളുടെ ജനത്തെ സംരക്ഷിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം എക്‌സില്‍ കുറിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു. കര്‍മിയേല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇസ്രയേലിന്റെ പരിശീലന ക്യാമ്പ് ലക്ഷ്യം വെച്ചാണ് തങ്ങളുടെ ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

165 റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിന് നേരെ തൊടുത്തത്. രണ്ട് ഘട്ടമായായിരുന്നു ആക്രമണം. സംഭവത്തില്‍ ഇരു ഘട്ടങ്ങളിലുമായി ഹിസ്ബുള്ളയുടെ എണ്‍പതോളം റോക്കറ്റുകള്‍ ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു. അതേസമയം ഹിസ്ബുള്ളയുടെ പ്രത്യാക്രമണം ശക്തമായതോടെ നെതന്യാഹു അതീവ സുരക്ഷയുള്ള ബങ്കറിലേക്ക് താമസം മാറിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ദൈനംദിന യോഗങ്ങളടക്കം ചേരുന്നത് ഈ ബങ്കറില്‍ നിന്നാണെന്നും ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 17, 18 തീയതികളിലായിരുന്നു ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ പേജര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഏകദേശം നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും 3000ത്തോളം ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി അംഗങ്ങളുടെ കാഴ്ച ശക്തിയും വിരലുകളും നഷ്ടപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ വഴി നടത്തുന്ന ആശയവിനിമയങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഹിസ്ബുള്ള പേജറുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. തായ്വാനിലെ തായ്‌പേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അപ്പോളോ സ്ഥാപനത്തില്‍ നിന്നുമാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുള്ളയും ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പേജര്‍-വാക്കി ടോക്കി ആക്രണങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേലാണെന്ന് വ്യക്തമാക്കി നെതന്യാഹു രംഗത്തെത്തിയത്. ‘പേജര്‍ ഓപ്പറേഷനും ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയുടെ കൊലപാതകവും പ്രതിരോധ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ തലത്തില്‍ ഉത്തരവാദികളായവരുടെയും എതിര്‍പ്പ് അവഗണിച്ച് തീരുമാനിച്ചതാണ്’, അടുത്തിടെ പുറത്താക്കപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനെ വിമര്‍ശിച്ചു കൊണ്ട് നെതന്യാഹു പറഞ്ഞു.

അതേസമയം ഹിസ്ബുളളയുമായി വെടിനിര്‍ത്തലിന് ഇല്ലെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി രംഗത്തെത്തിയിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്നും ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഗാസയിലെ അല്‍ മവാസിയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more