1 GBP = 106.26

യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം – മൂന്നാം ഭാഗം……കവൻട്രി മുതൽ ഷെഫീൽഡ് വരെ….ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള…. യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ  

യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം – മൂന്നാം ഭാഗം……കവൻട്രി മുതൽ ഷെഫീൽഡ് വരെ….ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള…. യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ  

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ  ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന  യുക്മ ദേശീയ കലാമേളകൾ,  രാജ്യത്തിന്റെ വിവിധ മ റീജിയണുകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന  മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ  തന്നെയാണ്.

യുക്മ സ്ഥാപിതമായിട്ട് ഒന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന “ക്രിസ്റ്റൽ ഇയർ” ആഘോഷങ്ങൾ  സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നടക്കുകയാണ് 2024 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്ച യു കെ യുടെ കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച  ഗ്ലോസ്റ്റർഷെയറിനടുത്തുള്ള ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന “കവിയൂർ പൊന്നമ്മ നഗറി”ൽ തിരിതെളിയാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ ചരിത്രമറിയുവാൻ പുതിയ തലമുറയിൽ പെട്ടവരും, സമീപകാലങ്ങളിലായും യുകെയിലേക്ക് കുടിയേറിയവരുമായ എല്ലാവർക്കും യുക്മ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു യുക്മ കലാമേളകൾ.  

ചരിത്രമറിയുക എന്നത് ആത്മബോധത്തിന് മിഴിവേകുന്ന ഒന്നാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി യു കെ മലയാളികളുടെ കലാ സാംസ്ക്കാരിക വളർച്ച ലക്ഷ്യമാക്കി യുക്മ സംഘടിപ്പിച്ചു വരുന്ന കലാമേളകൾ എല്ലാ പ്രവാസി സമൂഹങ്ങൾക്കും ജ്വലിക്കുന്ന മാതൃകയാണ്. യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര എന്ന ഈ പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങൾ വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർ നിരവധിയാണ്. യുക്മ എന്ന സംഘടനയിൽ സജീവമല്ലായെങ്കിൽപ്പോലും, ഈ പ്രവാസി സംഘടനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അനവധി ആളുകളും അക്കൂട്ടത്തിൽ ഉണ്ട് എന്നത് യുക്മയ്ക്കും യുക്മ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾക്കുമുള്ള അംഗീകാരംകൂടിയായി കാണുന്നു.  മൂന്ന് ദേശീയ കലാമേളകളായ കവൻട്രി 2016, ഹെയർഫീൽഡ് 2017, ഷെഫീൽഡ് 2018 എന്നീ ദേശീയ മേളകളിലൂടെയാണ് നാം  ലേഖനത്തിന്റെ  ഈ ഭാഗത്തിൽ കടന്നു പോകുന്നത്.

ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ  

2016 നവംബര്‍ 5 ശനിയാഴ്ച്ച  കവൻട്രിയിലെ വാർവിക്  മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണും മിഡ്‌ലാൻഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. സ്റ്റോക്ക്-ഓൺ-ട്രെന്റിനും, ലെസ്റ്ററിനും ശേഷം ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാൻഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 

ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം “ഒ എൻ വി നഗർ” എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്‌സ്‌പിയറിന്റെ  ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ഒരിക്കൽക്കൂടി ദേശീയ ജേതാക്കളായി. മിഡ്‌ലാൻഡ്‌സ് റീജിയണിലെ തന്നെ ശക്തരായ ബർമിംഗ്ഹാം സിറ്റി മലയാളീ കമ്മ്യൂണിറ്റിയും, സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷനും ചാമ്പ്യൻ അസോസിയേഷൻ പട്ടം പങ്കിട്ടെടുത്തു.

ഹെയർഫീൽഡിൽ  അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയൺ

ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ട ഒന്നായിരുന്നു. സൗത്ത് ഈസ്റ്റ് റീജിയന്റെയും  അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസിന്റെയും സംയുക്ത ആതിഥേയത്വത്തിലാണ് മേള അണിയിച്ചൊരുക്കിയത്. മത്സരങ്ങളുടെ സമയക്രമങ്ങളും മുൻഗണനാ ക്രമങ്ങളും പുനർ നിർണ്ണയിച്ചുകൊണ്ട്, നാല് വേദികൾക്ക് പകരം അഞ്ച് വേദികളിൽ ഒരേസമയം മത്സരങ്ങൾ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി. 

മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച  കലാഭവൻ മണിയുടെ പേരിൽ നാമകരണം ചെയ്ത “കലാഭവൻ മണി നഗറിൽ” കലാമേള നഗരിയിൽ രാവിലെ ഒൻപത്‌ മണിമുതൽ ആരംഭിച്ച ജനപ്രവാഹം അർധരാത്രിക്ക് ശേഷവും സജീവമായിരുന്നു. 2017 ഒക്റ്റോബർ 28 ശനിയാഴ്ച നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആൻഡ് വെസ്റ്റ്  മിഡ്‌ലാൻഡ്‌സ് റീജിയൺ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക്  വിജയികളായി. ഒരു വർഷത്തെ ഇടവേളക്ക് ശേഷം സൗത്ത് വെസ്റ്റ്  റീജിയണിലെ വമ്പന്മാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ രണ്ടാംവട്ടവും അസോസിയേഷൻ വിഭാഗം ചാമ്പ്യൻമാരായി.    

ദശാബ്‌ദി വർഷത്തിലെ ഐതിഹാസിക മേളക്ക് ആതിഥേയത്വം വഹിക്കാൻ ഷെഫീൽഡ്

യുക്മ രൂപംകൊണ്ടതിന്റെ പത്താം വാർഷികം ആചരിക്കപ്പെടുന്ന ചരിത്രദശയിൽ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറിയത്. യുക്മ ജന്മമെടുത്ത 2009 ൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക ആയിരുന്നു സ്വാഭാവികമായി യുക്മ നേതൃത്വം ലക്‌ഷ്യം വച്ചത്. തുടർന്ന് വന്ന എല്ലാവർഷങ്ങളിലും റീജിയണൽ തലത്തിലും ദേശീയ തലത്തിലും കൃത്യമായി കലാമേളകൾ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചുവരുന്ന സംഘാടക മികവും, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കഠിന പരിശീലനങ്ങളിലൂടെ ആർജ്ജിതമാകുന്ന ക്രമപ്രവർദ്ധിതമായ വാശിയും ഉത്സാഹവും യുക്മ കലാമേളകളുടെ നിലവാരവും മേന്മയും വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദശവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടു നടന്ന കലാമേള എന്നനിലയിലാവും ഒൻപതാം ദേശീയ കലാമേള യുക്മയുടെ ചരിത്രത്തിൽ അവിസ്മരണീയമാവുക. 

2018 ഒക്റ്റോബർ 27 ന്  സൗത്ത് യോർക്‌ഷെയറിലെ ഷെഫീൽഡിൽ നടന്ന ഒൻപതാമത് യുക്മ ദേശീയ കലാമേള യുക്മ യോർക്‌ഷെയയർ ആൻഡ് ഹംബർ റീജിയന്റെയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ആകസ്മികമായി മരണമടഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് “ബാലഭാസ്‌ക്കർ നഗർ” എന്ന് നാമകരണം ചെയ്ത പെനിസ്റ്റൺ ഗ്രാമർ സ്കൂളിൽ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറി. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി റീജിയണൽ – ദേശീയ കലാമേളകൾ  പൂർണമായും കുറ്റമറ്റരീതിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയ മേള എന്നനിലയിലും ഷെഫീൽഡ് കലാമേള എന്നെന്നും ഓർമ്മിക്കപ്പെടും. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണെ പിന്നിലാക്കി ആതിഥേയരായ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ ഇദംപ്രഥമമായി യുക്മ ദേശീയ കലാമേള ജേതാക്കളായി. യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയണിലെ ശക്തരായ ഈസ്റ്റ് യോർക്‌ഷെയർ കൾച്ചറൽ അസോസിയേഷൻ – ഹൾ, അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി.

അവസാന ഭാഗത്തിൽ വായിക്കുക….മാഞ്ചസ്റ്റർ കലാമേള – 2019, വിർചൽ കലാമേളകൾ – 2020,2021, ഗ്ലോസ്റ്റർ കലാമേളകൾ – 2022, 2023

(2019, 2020,2021, വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായും, മുൻ വർഷങ്ങളിൽ ദേശീയ കമ്മറ്റിയുടെ ട്രഷറർ, ജോയിൻ്റ് സെക്രട്ടറി, ജോയിൻ്റ് ട്രഷറർ, ദേശീയ സമിതിയംഗം, പി ആർ ഒ എന്നിവ ആയിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more