ലണ്ടൻ: ലണ്ടനിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഇന്ന് പുതുവർഷ ദിനത്തിൽ പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. പത്തനംതിട്ട സ്വദേശിയായ പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകൾ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് സ്റ്റെനിക്ക് പനി, ചുമ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ജിപിയുടെ ചികിത്സ സഹായം തേടിയിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ പൂർണ്ണമായും വിട്ടു മാറിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ രോഗാവസ്ഥ മൂർച്ഛിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയയുമായിരുന്നു. എന്നാൽ വിദഗ്ദമായ ചികിത്സയ്ക്ക് ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷമാണ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയത്. ലണ്ടനിലെ വെമ്പ്ളിയിൽ സഹ വിദ്യാർഥികൾക്ക് ഒപ്പം താമസിച്ചു വരികയായിരുന്നു. സ്റ്റെനി എലിസബത്ത് ഷാജിയുടെ കുടുംബം ഗുജറാത്തിലെ രാജ്ഘോട്ടിലാണ് താമസമാക്കിയിരിക്കുന്നത്.
സ്റ്റെനിയുടെ അപ്രതീക്ഷിത വേർപാടിലുണ്ടായ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുജറാത്തിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമാണ്. മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമം. കുഞ്ഞുമോളാണ് മാതാവ്. ആൽബി സഹോദരൻ.
സ്റ്റെനി എലിസബത്ത് ഷാജിയുടെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, നാഷണൽ ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ഷാജി തോമസ്, റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages