1 GBP = 107.33
breaking news

മുണ്ടക്കൈ; ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000, ബെയ്‌ലിപ്പാലത്തിന് ഒരു കോടി, ചെലവ് പുറത്തുവിട്ട് സര്‍ക്കാര്‍

മുണ്ടക്കൈ; ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000, ബെയ്‌ലിപ്പാലത്തിന് ഒരു കോടി, ചെലവ് പുറത്തുവിട്ട് സര്‍ക്കാര്‍

കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപ ചെലവായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. വളരെ കൃത്യമായി ദുരന്ത നിവാരണ നിയമപ്രകാരം കണക്കാക്കിയതാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് കണക്കാക്കുന്നത്. ചൂരല്‍മലയില്‍ സ്ഥാപിച്ച ബെയ്‌ലിപ്പാലത്തിന് ഒരു കോടി രൂപയാണ് ചെലവായത്. ബെയ്‌ലി പാലത്തിനടിയില്‍ കല്ലുകള്‍ പാകിയതിന് ഒരു കോടി രൂപയായി. വളണ്ടിയര്‍മാരുടെ കിറ്റിന് 2,98,00000, വളണ്ടിയര്‍മാരുടെ ഗതാഗതത്തിന് നാല് കോടി രൂപ, വളണ്ടിയര്‍മാരുടെ ഭക്ഷണത്തിന് 10 കോടി രൂപ, വളണ്ടിയര്‍മാരുടെ താമസ സൗകര്യത്തിന് 15 കോടി രൂപ എന്നിവയാണ് ഉരുള്‍പ്പൊട്ടലില്‍ വയനാടിന് കൈത്താങ്ങായ വളണ്ടിയര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവായ തുകയായി രേഖപ്പെടുത്തിയത്.

ദുരിതാശ്വാസ ക്യാമ്പിലെ ജനറേറ്ററിന് ഏഴ് കോടി രൂപയും ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വാഹനം ഉപയോഗിച്ചതിന് 17 കോടി രൂപയും ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവയുടെ വാടകയ്ക്ക് 15 കോടി രൂപയും ചെലവായി. ദുരന്തഭൂമിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടം നീക്കം ചെയ്യുന്നതിന് 36 കോടി രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.


ജൂലൈ 30നായിരുന്നു വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലുണ്ടായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞുപോയത്. 78 പേര്‍ ഇന്നും കാണാമറയത്ത് ആണ് തന്നെയാണ്. 62 കുടുംബങ്ങള്‍ ഒരാൾ പോലുമില്ലാതെ പൂര്‍ണമായും ഇല്ലാതായി. ചാലിയാര്‍പ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള് മലപ്പുറം നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. 71 പേര്‍ക്ക് പരിക്കേറ്റു. 183 വീടുകൾ ഇല്ലാതായി 145 വീടുകൾ പൂര്‍ണമായും ഉരുൾപൊട്ടലിൽ തകർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more