ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. മുതിർന്ന നേതാവ് പ്രേം ഗർഗ് ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളടങ്ങിയ ആറാം പട്ടികയാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്. കൽക, അംബാല, മുലാന, ഷഹാബാദ്, ഗുഹ്ല, ഫത്തേഹബാദ്, ഇല്ലേനബാദ്, തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 90 അംഗ നിയമസഭയിൽ എഎപിക്ക് 89 സ്ഥാനാർത്ഥകളായി.
40 താരപ്രചാരകരെയാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മൻ, എഎപി ഹരിയാന യൂണിറ്റ് മേധാവി സുശിൽ ഗുപ്ത, രാഘവ് ഛദ്ദ, സഞ്ജയ് സിങ് തുടങ്ങിയവരാണ് ലിസ്റ്റിലുള്ളത്.
അതേസമയം കോൺഗ്രസും എഎപിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒറ്റക്ക് നിന്ന് പോരാടാനാണ് എഎപിയുടെ നീക്കം.
കോൺഗ്രസ് അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ കുണ്ടു, യൂത്ത് കോൺഗ്രസ് വക്താവ് രോഹിത് നഗർ തുടങ്ങിയവരുൾപ്പെടുന്ന പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പാനിപതിൽ നിന്ന് സച്ചിൻ കുണ്ടു, ടിഗാവോണിൽ രോഹിത് നഗർ, അംബാല കന്ത് സീറ്റിലേക്ക് പരിമൾ പാരി, നർവാന-എസ് സി സംവരണ സീറഅറിലേക്ക് സത്ബീർ ദുബ്ലേൻ, റാനിയയിൽ സർവ മിത്ര സംബോജ് എന്നിവരെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.
ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാല് സീറ്റുകളിൽ കൂടിയാണ് കോൺഗ്രസ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിന് വോട്ടെണ്ണും.
click on malayalam character to switch languages