1 GBP = 106.63
breaking news

“യുക്മ – ടിഫിൻ ബോക്സ് കേരള പൂരം 2024”…. ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ശനിയാഴ്ച റോഥര്‍ഹാം മാന്‍വേഴ്സില്‍

“യുക്മ – ടിഫിൻ ബോക്സ് കേരള പൂരം 2024”…. ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ശനിയാഴ്ച റോഥര്‍ഹാം മാന്‍വേഴ്സില്‍


അലക്സ് വര്‍ഗീസ് 
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)


ആഗസ്റ്റ് 31ന് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ വെച്ച് നടക്കുന്ന യുക്മയുടെ ആറാമത് കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ച് വരുന്നു. യുക്മ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി മികവുറ്റ രീതിയില്‍ നടത്തുവാനുള്ള പരിശ്രമങ്ങളാണ് യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ട്രഷറര്‍ ഡിക്സ് ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ സമിതി നടത്തി വരുന്നത്.

“യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി – 2024″ല്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ യോഗം ശനിയാഴ്ച (17/08/2024), വൈകുന്നേരം 3 മണിയ്ക്ക് നടക്കുന്നതാണ്. വള്ളംകളി മത്സരം നടക്കുന്ന റോഥര്‍ഹാമിലെ  മാന്‍വേഴ്സ്  ലെയ്ക്കിൻ്റെ ഓഫീസില്‍ വെച്ചാണ് നാളത്തെ യോഗം നടക്കുന്നത്. യോഗത്തില്‍ വച്ച് വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് വള്ളംകളി സംബന്ധിച്ചുള്ള പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബോട്ട്റേസ് മാനേജര്‍ ജയകുമാര്‍ നായര്‍ നല്‍കുന്നതാണ്. തുടര്‍ന്ന് വള്ളംകളി ഹീറ്റ്സ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടക്കുന്നതായിരിക്കും. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളുടേയും ക്യാപ്റ്റന്‍മാരോ അവര്‍ ചുമതലപ്പെടുത്തുന്ന ആളുകളോ ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

ആറാമത് യുക്‌മ കേരളപൂരം വള്ളംകളി മത്സരം കുറ്റമറ്റ രീതിയില്‍ നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടന്ന് വരുന്നത്. ആഗസ്റ്റ് 31ന് നടക്കുന്ന  കേരളപൂരം വള്ളംകളിയും ഒരു ചരിത്ര വിജയമാക്കുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ, റീജിയണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. ദേശീയ സമിതിയില്‍ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല വൈസ് പ്രസിഡന്‍റ് ഷീജോ വര്‍ഗ്ഗീസിനാണ്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും സിനിമ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 

വള്ളംകളിയോട് അനുബന്ധിച്ചുള്ള കലാപരിപാടികളില്‍ കേരളത്തിന് മാത്രം സ്വന്തമായ തിരുവാതിര കളി മുതല്‍ പുലികളി വരെയുള്ള തനത് കലാരൂപങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.  ലൈവ് സ്റ്റേജ് പ്രോഗ്രാമുകളുടെ ഒരുക്കം കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ മനോജ്‌കുമാര്‍ പിള്ള, മുന്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന് വരുന്നു. യുകെയിലെ പ്രമുഖരായ ഒരു സംഘം കലാകാരന്‍മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം കാണികളായി കൂടുതല്‍ പേര്‍ വള്ളംകളി മത്സരത്തിന് എത്തുമെന്നാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 

“യുക്മ കേരളപൂരം വള്ളംകളി – 2024” ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ യുക്മ ദേശീയ ജോയിന്‍റ് സെക്രട്ടറി പീറ്റര്‍ താണോലില്‍, ജോയിന്‍റ് ട്രഷറര്‍ അബ്രാഹം പൊന്നുംപുരയിടം, ദേശീയ സമിതി അംഗങ്ങളായ സാജന്‍ സത്യന്‍, ഷാജി തോമസ്, ടിറ്റോ തോമസ്‌, സണ്ണിമോന്‍ മത്തായി, അഡ്വ. ജാക്സണ്‍ തോമസ്, ജിജോ മാധവപ്പള്ളില്‍, ബിനോ ആന്‍റണി, സണ്ണി ഡാനിയല്‍, സന്തോഷ് ജോണ്‍, റീജിയണല്‍ പ്രസിഡൻ്റുമാരായ വര്‍ഗ്ഗീസ് ഡാനിയല്‍, ബിജു പീറ്റര്‍, ജയ്‌സണ്‍ ചാക്കോച്ചന്‍, സുരേന്ദ്രന്‍ ആരക്കോട്ട്, സുജു ജോസഫ്, ജോര്‍ജ്ജ് തോമസ്‌  എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരികയാണ്. 

“യുക്മ – കേരളാ പൂരം 2024”: കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. ബിജു പെരിങ്ങത്തറ (ചെയര്‍മാന്‍): 07904785565,  കുര്യന്‍ ജോര്‍ജ് (ചീഫ് ഓര്‍ഗനൈസര്‍): 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more