1 GBP = 106.30
breaking news

വയനാടിന് കൈത്താങ്ങാകാൻ സ്കോട്ട്ലൻഡ് മലയാളി അസോസിയേഷനും…… കൂടുതൽ മലയാളി അസോസിയേഷനുകൾ യുക്മയുമായി ചേർന്ന് ഫണ്ട് ശേഖരിക്കുന്നു

വയനാടിന് കൈത്താങ്ങാകാൻ സ്കോട്ട്ലൻഡ് മലയാളി അസോസിയേഷനും…… കൂടുതൽ മലയാളി അസോസിയേഷനുകൾ യുക്മയുമായി ചേർന്ന് ഫണ്ട് ശേഖരിക്കുന്നു

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

വയനാടിന് കൈത്താങ്ങാകാൻ യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണവുമായി സഹകരിക്കാൻ സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ തീരുമാനിച്ചു. അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് തോമസ് പറമ്പിൽ, സെക്രട്ടറി സിൻ്റോ പാപ്പച്ചൻ, ട്രഷറർ സോമരാജൻ നാരായണൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തീരുമാനം യുക്മ നേതൃത്വത്തെ അറിയിച്ചത്.
സ്കോട്ലൻഡ് മലയാളി അസോസിയേഷൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു.

കൂടുതൽ അംഗ അസോസിയേഷനുകളും മറ്റ് മലയാളി അസോസിയേഷനുകളും യുക്മയുമായി ചേർന്ന് ഫണ്ട് ശേഖരിക്കുന്നതിന് തീരുമാനമെടുക്കുന്നതായി അറിയുന്നു. അത്രമേൽ തകർന്ന വയനാടിന് വേണ്ടി ലോകമെമ്പാടു നിന്നും സഹായഹസ്തമൊഴുകുന്നുണ്ടെങ്കിലും അവിടുത്തെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ സഹായം ആവശ്യമാകുമെന്ന തിരിച്ചറിവിലാണ് യുക്മ ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകുന്നത്. യുകെ മലയാളി ദേശീയ സംഘടനയായ യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണം മികച്ച രീതിയിലാണ്. മുന്നോട്ട് പോകുന്നത്.

യുക്മ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരത്തിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്കിലൂടെ പണം അയക്കാവുന്നതാണ്.

വയനാട് ദുരന്തത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് ഫണ്ട് ശേഖരണം ദേശീയ തലത്തിൽ ഏകോപിപ്പിക്കുവാൻ വയനാട് സ്വദേശിനിയും യുക്മ മുൻ ജോയിൻ്റ് സെക്രട്ടറിയുമായ സെലീന സജീവ്, വയനാടുമായി അടുത്ത ബന്ധമുള്ള യുക്മയുടെ മുതിർന്ന നേതാക്കളിലൊരാളും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻറുമായ ജെയ്സൻ ചാക്കോച്ചൻ എന്നിവരെ യുക്മ ദേശീയ സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരളം ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകുവാനുള്ള പ്രവർത്തനങ്ങളുമായിട്ടാണ് യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും പ്രവർത്തിക്കുന്നത്. യുക്മ ദേശീയ സമിതി യോഗം വയനാട് ദുരന്തത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്എല്ലാ യുക്മ അംഗ അസോസിയേഷനുകളെയും ഏകോപിപ്പിച്ചു കൊണ്ട് പോകുവാനും, യുക്മയ്ക്ക് പുറത്തുള്ള സംഘടനകളെയും വ്യക്തികളെയും, സ്വദേശികളും വിദേശികളുമായവരെയും, മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരായവരെയും ഈ ചാരിറ്റി ഫണ്ട് ശേഖരണത്തിൽ സഹകരിപ്പിക്കുവാനാണ് യുക്മ ദേശീയ സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.

വയനാട് ദുരന്തത്തിന്റെ ആഘാതം വാക്കുകൾക്കതീതമാണ്. മനുഷ്യൻ്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിലെമ്പാടും ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാൻ കഴിയുന്നത്. പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ അവശേഷിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ നമുക്കും ധാർമ്മികമായ ബാദ്ധ്യതയുണ്ട്. ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻപത്തെയെന്ന പോലെ യുക്മ മുൻഗണന നൽകിയിരിക്കുന്നത്.

യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഫണ്ട് ശേഖരണം യുക്മ റീജിയണൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടേയും യു കെ മലയാളികളുടേയും മറ്റെല്ലാ സുമനസുകളുടേയും സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്.

2018 ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി യുക്മ അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ ഫണ്ട് ശേഖരണത്തിൽ ലഭിച്ച തുക ഉപയോഗിച്ച് പത്തോളം വീടുകൾ അർഹരായ ആളുകൾക്ക് പണിയിപ്പിച്ചു നൽകാനായത് നമ്മുടെ പ്രവർത്തനങ്ങളിൽ ഏറ്റവും അഭിമാനാർഹമായ കാര്യമായി വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ പ്രാവശ്യം സഹായത്തിന് അർഹരായവരെ നിശ്ചയിച്ചത് സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തവരുടെ ലിസ്റ്റിൽ നിന്നും ഏറ്റവും പാവപ്പെട്ടവരും അർഹരുമായവർക്കായിരുന്നു യുക്മ വീടുകൾ നിർമ്മിച്ചു നൽകിയത്. ഇത്തവണയും അതേ മാനദണ്ഡം പാലിച്ചായിരിക്കും ലഭിക്കുന്ന തുക ചിലവഴിക്കുന്നത്.

ചെറുതും വലുതുമായി ഒരോരുത്തർക്കും നൽകാൻ കഴിയുന്ന പരമാവധി തുക ഇതിനായി രൂപീകരിച്ചിരിക്കുന്ന ലിങ്കിലൂടെ നൽകി ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകാൻ യുകെ മലയാളി സമൂഹത്തോട് യുക്മ ദേശീയ സമിതിക്കു വേണ്ടി യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർത്ഥിച്ചു.

യുക്മ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരത്തിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പണം അയക്കാവുന്നതാണ്.

https://gofund.me/0ca28a27

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more