1 GBP = 107.19
breaking news

ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം; സംഭവം ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ്

ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം; സംഭവം ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ്

പാരീസ്: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങാനിരിക്കെ, ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് പാരീസിലെ റെയിൽ ശൃംഖല തീയിട്ട് നശിപ്പിക്കാൻ ശ്രമം നടന്നത്. തങ്ങളുടെ അതിവേഗ ശൃംഖലയെ ലക്ഷ്യം വെച്ച് ആക്രമണം നടന്നുവെന്നത് റെയിൽ കമ്പനിയായ എസ്.എൻ.സി.എഫ് സ്ഥിരീകരിച്ചു.

ആക്രമണം പാരീസിലെ അതിവേഗ ട്രെയിൻ സർവീസി​നെ ഗുരുതരമായി ബാധിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.യൂറോസ്റ്റാർ സർവീസുകൾ പാരീസിലേക്കും തിരിച്ചും വഴിതിരിച്ചു വിട്ടു. നിരവധി ട്രെയിനുകൾ വൈകുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കായിക മന്ത്രി അമേലി ഔഡിയ കാ​സ്റ്റെറ ആക്രമണത്തെ അപലപിച്ചു.

പാരീസിന്റെ പടിഞ്ഞാറ് ഭാഗത്ത് നിരവധി അതിവേഗ ടി.ജി.വി ലൈനുകൾ തകർന്നു. ട്രെയിനുകൾ റദ്ദാക്കിയതിനെത്തുടർന്ന് പാരീസിലെ ഗാരെ മോണ്ട്പർനാസെ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാർ കൂട്ടമായി കുടുങ്ങി.

തകരാറുകൾ പരിഹരിക്കാൻ ഒരാഴ്ച സമയം എടുക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ ഈ വാരാദ്യം മുഴുവൻ ​ട്രെയിൻ സർവീസ് തടസ്സപ്പെടുമെന്ന് എസ്.എൻ.സി.എഫ് അധികൃതർ അറിയിച്ചു. ഒരേസമയത്ത് തന്നെ നിരവധി തവണ ആക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് അറ്റ്ലാന്റിക്, നോർത്തേൺ, ഈ​സ്റ്റേൺ ലൈനുകളിലെ ട്രെയിൻ സർവീസ് തടസ്സപ്പെട്ടു.

പ്രധാന കേബിളുകളെല്ലാം അക്രമികൾ മുറിച്ചു മാറ്റുകയും തീയിടുകയും ചെയ്തു. അവധിക്കാലം ലക്ഷ്യമിട്ട് യാത്രക്ക് തയാറെടുപ്പ് നടത്തിയ 250,000 ആളുകളെയാണ് ആക്രമണം ബാധിച്ചത്. യാത്ര തടസ്സപ്പെട്ടവർക്ക് ടിക്കറ്റുകളുടെ പണം തിരിച്ചു നൽകുമെന്ന് റെയിൽവേ അറിയിച്ചു. കൃത്യമായി ആസൂത്രണത്തോടെ നടന്ന ആക്രമണമാണിത്.

പാരീസ് സമയം വെള്ളിയാഴ്ച രാത്രി 8.24നാണ് ഒളിമ്പിക്സ് ഉദ്ഘാടനം. ഇക്കുറി തുറന്ന വേദിയിലാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനം നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more