1 GBP = 107.09
breaking news

ക്രിസ്റ്റൽ ഇയർ കലാമേളയുടെ നിയമാവലി പ്രസിദ്ധീകരിച്ച് യുക്മ ദേശീയ സമിതി. ഒക്ടോബറിൽ റീജിയണൽ കലാമേളകളും നവംബർ 2 ന് ദേശീയ കലാമേളയും.

ക്രിസ്റ്റൽ ഇയർ കലാമേളയുടെ നിയമാവലി പ്രസിദ്ധീകരിച്ച് യുക്മ ദേശീയ സമിതി. ഒക്ടോബറിൽ റീജിയണൽ കലാമേളകളും നവംബർ 2 ന് ദേശീയ കലാമേളയും.

അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുകെയിലെ മലയാളി കലാപ്രതിഭകൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 2024 ലെ യുക്മ കലാമേളയുടെ പുതുക്കിയ നിയമാവലി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിച്ചു. യുക്മ രൂപീകൃതമായതിന്റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന 2024 ൽ, കലാമേള കൂടുതൽ ആകർഷകവും ചിട്ടയോടെയും നടത്തുവാനുള്ള തയ്യാറെടുപ്പുകളിലാണ് യുക്മ റീജിയണൽ നേതൃത്വങ്ങളും ദേശീയ നേതൃത്വവും.

2024-ലെ യുക്മ ദേശീയ കലാമേള, റീജിയണൽ കലാമേളകൾ എന്നിവയ്ക്ക് മുന്നോടിയായിട്ടാണ് കലാമേള മാനുവൽ (നിയമാവലി) പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ നിയമാവലിയിൽ വേണ്ടതായ മാറ്റങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചാണ് ഈ വർഷത്തെ കലാമേള മാനുവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വർഷവും നടക്കുന്ന കലാമേളയിൽ നിന്നുമുള്ള പോരായ്മകൾ കാലോചിതമായി പരിഷ്കരിച്ചാണ് യുക്മ ദേശീയ സമിതി കലാമേള നിയമാവലി – 2024 പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2023 കലാമേളയ്ക്കു ശേഷം ഈ രംഗത്തെ വിദഗ്ദരുടേയും, കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടേയും, പൊതു ജനങ്ങളുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച യുക്മ ദേശീയ സമിതി വിശദമായ ചർച്ചകൾക്ക് ശേഷം, നിയമാവലി ഭേദഗതിക്കായി നിയോഗിച്ച കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് 2024 ലെ കലാമേള നിയമാവലി അംഗീകരിച്ചിരിക്കുന്നത്. ജയകുമാർ നായർ അദ്ധ്യക്ഷനായ കമ്മിറ്റിയിൽ ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ്, ഡിക്സ് ജോർജ്, ഷീജോ വർഗീസ്, ലീനുമോൾ ചാക്കോ, സ്മിതാ തോട്ടം, മനോജ് കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ.എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, സുരേന്ദ്രൻ ആരക്കോട്ട്, വർഗീസ് ഡാനിയേൽ, സണ്ണിമോൻ മത്തായി തുടങ്ങിയവരുൾപ്പെട്ട കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നിയമാവലി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതുക്കിയ കലാമേള നിയമാവലി ഇതിനോടകം റീജിയണുകൾ വഴി അസ്സോസിയേഷനുകളിൽ എത്തിച്ചതായി യുക്മ ദേശീയ പ്രസിഡൻറും ദേശീയ കലാമേള ചെയർമാനുമായ ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറിയും ദേശീയ കലാമേള ചീഫ് കോർഡിനേറ്ററുമായ കുര്യൻ ജോർജ്ജ്, യുക്മ ദേശീയ സമിതിയംഗവും ദേശീയ കലാമേള ജനറൽ കൺവീനറുമായ ജയകുമാർ നായർ എന്നിവർ അറിയിച്ചു.

യു കെ മലയാളികളുടെ കലാപരമായ വളർച്ചക്കും വികാസത്തിനും ഒരു വേദിയൊരുക്കുകയെന്ന യുക്മ കലാമേളകളുടെ ലക്ഷ്യം മുൻനിർത്തി, കലാകാരൻ്റെ ക്രിയാത്മകതക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും അതിർവരമ്പുകൾ വെയ്ക്കാതെ, പ്രായോഗീകതയ്ക്ക് മുൻതൂക്കം നൽകിയാണ് കലാമേള നിയമാവലി തയ്യാറാക്കിയിരിക്കുന്നതെന്ന് ജയകുമാർ നായർ വ്യക്തമാക്കി.

പരിഷ്ക്കരിച്ച കലാമേള നിയമാവലിയിലെ നിബന്ധനകളുടെ അടിസ്ഥാനത്തിലാകും റീജിയണൽ, നാഷണൽ കലാമേളകളിൽ മത്സരങ്ങൾ സംഘടിപ്പിക്കുക. 2024 ഒക്‌ടോബർ മാസം റീജിയണൽ കലാമേളകൾ പൂർത്തിയാക്കി നവംബർ 2 ന് ദേശീയ കലാമേളയും എന്ന രീതിയിലാണ് കലാമേള ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

യുക്മ റീജിയണൽ, നാഷണൽ കലാമേളകളുടെ രജിസ്ട്രേഷൻ ഓൺലൈനിലാണ് തയ്യാർ ചെയ്തിരിക്കുന്നത്. തികച്ചും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം തയ്യാറാക്കിയിരിക്കുന്നത് യുക്മ സൗത്ത് ഈസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും, സഹയാത്രികനും കൂടിയായ ജോസ് പി.എം ൻ്റെ ഉടമസ്ഥതയിൽ ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന JMP സോഫ്റ്റ് വെയറാണ്.

വിവിധ റീജിയണുകളിൽ നിന്നായി ആയിരത്തിലേറെ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന യുക്മ ദേശീയ കലാമേള, ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ കലാ, സാംസ്കാരിക കൂടിച്ചേരലാണ്. കേരളത്തിലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളെ മാതൃകയാക്കി നടത്തുന്ന യുക്മ ദേശീയ കലാമേള വീക്ഷിക്കുവാൻ എത്തുന്ന ആയിരക്കണക്കിന് കാണികൾക്കും ഒരു ദൃശ്യ, ശ്രാവ്യ വിരുന്നായിരിക്കും ഒരുക്കുന്നത്.

യുക്മ കലാമേള 2024 നിയമാവലി താഴെ കൊടുത്തിരിക്കുന്നു:-

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more