ബെഡ്ഫോർഡ്: ബെഡ്ഫോർഡിൽ ജോലിസ്ഥലത്ത് ക്രെയിനിൽ നിന്ന് ലോഡ് താഴേക്ക് പതിച്ച് മലയാളിക്ക് ദാരുണാന്ത്യം. കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസിനാണ് ദാരുണാന്ത്യമുണ്ടായത്. മുപ്പത്തിയാറ് വയസ്സ് മാത്രമായിരുന്നു പ്രായം. ക്രെയിനിൽ നിന്നുള്ള ലോഡ് താഴേക്ക് പതിച്ച് തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്നത്. മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് അപകടം സംഭവിച്ചത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാല് മാസം മുൻപ് മാത്രമാണ് റെയ്ഗനും കുടുംബവും ബെഡ്ഫോർഡിൽ താമസമാക്കിയത്. ബെഡ്ഫോർഡ് എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി നോക്കുന്ന തൃശൂർ സ്വദേശി സ്റ്റീനയാണ് ഭാര്യ, ഏകമകൾ ഇവയും ഇവർക്കൊപ്പമാണ്.
അതേസമയം ഇന്നലെ രാവിലെ ബെഡ്ഫോർഡിനടുത്തുള്ള സെന്റ് നിയോഡ്‌സിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസിന്റെ മരണവാർത്തയ്ക്ക് പിന്നാലെ വീണ്ടുമൊരു വിയോഗവാർത്തയെത്തിയത് ബെഡ്ഫോർഡ് മലയാളികളെത്തന്നെ നടുക്കത്തിലാക്കിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
റെയ്ഗൻ ജോസിന്റെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ ,ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി , യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , ട്രഷറർ സാജൻ പടിക്കമാലിൽ, ബെഡ്ഫോർഡ് മാർസ്റ്റൻ കേരള അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാജ്ഞലികൾ
click on malayalam character to switch languages