1 GBP = 106.38

ജോർജിയൻ ഗർജ്ജനം; പോര്‍ച്ചുഗലിനെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ജോർജിയൻ ഗർജ്ജനം; പോര്‍ച്ചുഗലിനെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി. ജോർജിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. രണ്ടാം മിനിറ്റിൽ തന്നെ പിന്നിലായ പോർച്ചുഗൽ 57ആം മിനിറ്റിൽ ഒരു ഗോൾ കൂടി വഴങ്ങുകയായിരുന്നു.

കളി തുടങ്ങി രണ്ടാംമിനിറ്റില്‍ത്തന്നെ പോര്‍ച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ജോര്‍ജിയയുടെ ഗോളെത്തി. ക്വാരത്‌സ്‌ഖെലിയയുടെ ഗോളിലാണ് ജോര്‍ജിയ മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ മിക്കോട്ടഡ്‌സെ ജോര്‍ജിയയുടെ ലീഡ് ഉയര്‍ത്തി. പോര്‍ച്ചുഗലിനെതിരേ ത്രസിപ്പിക്കുന്ന കളിയാണ് ജോര്‍ജിയ പുറത്തെടുത്തത്. ഇതോടെ ആദ്യമായി ഒരു പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റിനെത്തിയ ജോര്‍ജിയ, അതില്‍ത്തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

മത്സരത്തിലുടനീളം ഗംഭീരമായ സേവുകള്‍ കൊണ്ട് നിറഞ്ഞുനിന്ന ജോര്‍ജിയന്‍ ഗോള്‍ക്കീപ്പര്‍ മാമര്‍ദഷ്‌വിലിയാണ് ഈ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. പോര്‍ച്ചുഗലിന്റെ എണ്ണം പറഞ്ഞ ഗോളുകളാണ് താരം തടഞ്ഞിട്ടത്.

ഗംഭീര തുടക്കമായിരുന്നു ജോര്‍ജിയയുടേത്. പോര്‍ച്ചുഗീസ് താരം അന്റോണിയോ സില്‍വയുടെ വലിയ പിഴവ് മുതലെടുത്തായിരുന്നു ആദ്യ ഗോള്‍. ജോര്‍ജിയയുടെ പ്രഹരം അവിടെ അവസാനിച്ചില്ല. 57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വീണ്ടും ഗോള്‍. ആദ്യമായി യൂറോ കപ്പിന് വന്ന ടീം അങ്ങനെ പ്രബലരായ പോര്‍ച്ചുഗലിനെതിരെ വീണ്ടും ലീഡ് നേടി മത്സരത്തെ അക്ഷരാര്‍ഥത്തില്‍ ആവേശപൂരിതമാക്കി. വഴങ്ങിയ രണ്ടാം ഗോളിലും പോര്‍ച്ചുഗലിന്റെ വില്ലന്‍ അന്റോണിയോ സില്‍വതന്നെ.

ആദ്യപകുതിയില്‍ കൗണ്ടര്‍ അറ്റാക്കിങ്ങും കിട്ടിയ ഏതാനും അവസരങ്ങള്‍ മുതലെടുക്കുക എന്നതില്‍ക്കവിഞ്ഞ് പ്രതിരോധം മാത്രം ശ്രദ്ധിച്ച ജോര്‍ജിയ, രണ്ടാംപകുതിയില്‍ കുറച്ചുകൂടി ആക്രമണസ്വഭാവം കാണിച്ചു. പോര്‍ച്ചുഗീസ് ഗോള്‍മുഖത്തേക്ക് പലപ്പോഴും ഇരമ്പിയാര്‍ത്ത് അവര്‍ വന്നു.

സൂപ്പര്‍താരം ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് കളിയിലെ മറ്റൊരു ഹൈലൈറ്റ്. കോര്‍ണറിനിടെ ബോക്‌സില്‍ ജോര്‍ജിയന്‍ താരം റൊണാള്‍ഡോയുടെ ജഴ്‌സി പിടിച്ചുവലിച്ചു. ഇക്കാര്യം റഫറിയെ അറിയിച്ച റൊണാള്‍ഡോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. ക്രിസ്റ്റ്യാനോ നല്‍കിയ പരാതിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് തന്നെ മഞ്ഞക്കാര്‍ഡ്. 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയെ കയറ്റി ഗോണ്‍സാലോ റാമോസിനെ ഇറക്കിയുള്ള പരീക്ഷണവും വിജയിച്ചില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more