1 GBP = 107.76
breaking news

കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 02 കതിർനിലങ്ങൾ

കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 02 കതിർനിലങ്ങൾ

കാരൂർ സോമൻ

കതിര്‍നിലങ്ങള്‍

ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്‍റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും. ദുഷ്ടന്മാര്‍ അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ. ആകയാല്‍ ദുഷ്ടന്മാര്‍ ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്ക്കുകയില്ല. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

സങ്കീര്‍ത്തനങ്ങള്‍, അധ്യായം 1

മുന്നില്‍ മാസ്ക്കണിഞ്ഞു നടക്കുന്ന ചിലര്‍.
ലോകമെങ്ങും പന്നിപ്പനിയുടെ കാലമല്ലേ.
എങ്ങും മിന്നിത്തിളങ്ങുന്ന കാഴ്ചകള്‍.
ഇവിടുത്തെ എയര്‍പോര്‍ട്ടും ഇത്രവലുതോ?
എത്രയെത്ര വിമാനങ്ങളാണ് നിരനിരയായി കിടക്കുന്നത്. മനുഷ്യര്‍ അങ്ങോട്ടുമിങ്ങോട്ടും വെകിളി പിടിച്ചതുപോലെ ഓടിനടക്കുന്നു. കഠിനാധ്വാനം ചെയ്യുന്നവരുടെ നാടാണ് അപ്പോള്‍ തിരക്ക് കൂടും. എല്ലാം അടുക്കും ചിട്ടയോടും ക്രമപ്പെടുത്തിയിരിക്കുന്നു. നടക്കുന്നതിനിടയിലും മൊബൈല്‍ സന്ദേശങ്ങള്‍ കൈമാറുന്നവര്‍ ധാരാളം. സെക്യൂരിറ്റി ജോലിക്കാര്‍ യാത്രക്കാരെ ശ്രദ്ധിക്കുന്നു. അവരുടെ ഓരോ ചലനങ്ങളും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നു.

ഇമിഗ്രേഷന്‍ ചെക്കിങ് എല്ലാം കഴിഞ്ഞു.
കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് പെട്ടിയുമെടുത്ത് ട്രോളിയില്‍ വെച്ച് പുറത്തേക്ക് നടന്നു.
കത്തനാരെയും കാത്ത് രണ്ടുപേര്‍ പുറത്ത് നില്പുണ്ട്.
സിസ്റ്ററിന്‍റെ ഇരുപത്തിരണ്ട് വയസ്സുള്ള മകള്‍ ലിന്‍ഡയും അവളുടെ കാമുകന്‍ ജയിംസും. അവനോടു പറ്റിച്ചേര്‍ന്നവള്‍ നിന്നു. മുടികള്‍ കറുത്തതാണോ വെളുത്തതാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. തോളറ്റംവരെ വെട്ടിയിരിക്കുന്നു. മേനിക്ക് വല്ലാത്തൊരു തിളക്കവും പ്രസരിപ്പുമുണ്ട്. വെട്ടിത്തിളങ്ങുന്ന കണ്ണുകള്‍. കാതില്‍ ആകര്‍ഷകമായൊരു കമ്മല്‍. കൈയിലും കഴുത്തിലും ആഭരണങ്ങളൊന്നുമില്ല. ഇറുകിയ വസ്ത്രങ്ങള്‍. ചുണ്ടുകളും കവിളും നിറങ്ങള്‍കൊണ്ട് തിളങ്ങുന്നു. പുരികം കണ്‍മഷികൊണ്ട് എഴുതിയിട്ടില്ല. പെട്ടന്നവള്‍ അവനൊരു ഉമ്മ കൊടുത്തു. ജയിംസും ലിന്‍ഡയും എം.ബി.എ. വിദ്യാര്‍ത്ഥികളാണ്. അവന് പ്രായം ഇരുപത്തിമൂന്ന്. അവളെക്കാള്‍ ഒന്നരയടിയെങ്കിലും ഉയരം കൂടും. പിയാനോ വായിക്കുന്നതില്‍ സമര്‍ത്ഥന്‍. പള്ളിയിലെ പിയാനോ വായനയാണ് അവളെ അവനിലേയ്ക്ക് അടുപ്പിച്ചതും. സഹോദരന്‍ ജോബിനെയും വീട്ടിലെത്തി അവന്‍ പിയാനോ പഠിപ്പിക്കുന്നു. നിലാവത്ത് തെളിയുന്ന നക്ഷത്രമാണ് നിന്‍റെ പിയാനോ ശബ്ദമെന്നവള്‍ പറയും. അവന്‍റെ വിരലുകളില്‍ പാട്ടുകളില്‍ സംഗീതത്തിന്‍റെ മര്‍മ്മരശക്തിയുണ്ടെന്നവള്‍ വിശ്വസിക്കുന്നു. എപ്പഴും മുടി പറ്റെ വെട്ടിയിരിക്കും. കാതിലും കൈയിലും കടുക്കനും വളകളും. മുഖത്തേ താടിമീശയും ആകര്‍ഷകമായി ക്ഷൗരം ചെയ്തിരിക്കുന്നു.
അവരുടെ മുന്നിലൂടെ യാത്രക്കാര്‍ നടന്നുപോകുന്നു. ലാസ്സര്‍ നടക്കുന്നതിനിടയില്‍ ഇരുഭാഗത്തേക്കും നോക്കി. വലിയൊരു പുസ്തകക്കട. അവിടുത്തെ ക്യൂ കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. പുസ്തകക്കടയുടെ മുന്നില്‍ ഇത്രമാത്രം ആളുകള്‍. അതിനുള്ളിലും ധാരാളം പേരുണ്ട്. ബ്രിട്ടനിലെ ഭൂരിഭാഗം മനുഷ്യരും വലിയ വായനക്കാരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. വലിയ വലിയ സാഹിത്യകാരന്മാരുടെ ദേശമല്ലേ. ഉള്ളില്‍ തോന്നി. ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ ഇവര്‍ക്കു ശക്തി നല്‍കിയത് ഈ അറിവായിരിക്കും. അതിനുള്ളിലേക്ക് ഒന്ന് പോകണമെന്നുണ്ട്. എങ്ങനെയതിന് കഴിയും. പുറത്ത് സാമസണ്‍ പള്ളിയുടെ സെക്രട്ടറി സിസ്റ്റര്‍ കാത്തു നില്ക്കുകയല്ലേ? അതുമല്ല കൈകളിലുള്ളത് കുറെ ഇന്ത്യന്‍ രൂപയാണ്. പൗണ്ടല്ല. പുസ്തകങ്ങള്‍ വാങ്ങാനും കഴിയില്ല. കേരളത്തിലേക്ക് കത്തനാരുടെ മനസ്സ് പറന്നു. അവിടെ ഏറ്റവും കൂടുതല്‍ ക്യൂ ഉള്ളത് മദ്യഷാപ്പുകളുടെ മുന്നിലാണ്
ഓര്‍മ്മയുടെ കനലുകളുമായി മുന്നോട്ടു നടന്നു. ഒരു വലിയ കടയ്ക്കുള്ളില്‍ പല നിറത്തിലും രൂപത്തിലുമുള്ള നിറപ്പകിട്ടാര്‍ന്ന കുപ്പകള്‍ ഓരോരോ ഭാഗത്ത് നിരത്തി വച്ചിരിക്കുന്നു. പെട്ടെന്ന് തോന്നിയത് മരുന്നു കുപ്പികളായിരിക്കുമെന്നാണ്. പക്ഷേ വിലപിടിപ്പുള്ള മദ്യക്കുപ്പികളായിരുന്നു. അവിടെ അധികമാളുകളെ കാണാന്‍ കഴിഞ്ഞില്ല. ആ തിരക്കിനിടയില്‍ പുറത്തേക്കു വന്ന കുപ്പായക്കാരനെ ലിന്‍ഡയും ജയിംസും സൂക്ഷിച്ചു നോക്കി. ലിന്‍ഡ പറഞ്ഞു.
“എടാ സംശയിക്കേണ്ട. സാധനം ആ വരുന്നത് തന്നെ.”
അവനും ആ വേഷം ഇഷ്ടപ്പെട്ടില്ല.
“ഇങ്ങേരിതെന്താ വല്ല ശവമടക്കിന് വരികയാ? എന്തൊരു വേഷം.”
“ഹേയ് നമുക്കെന്താ. വീട്ടില്‍ കൊണ്ടുപോയി തള്ളണം. അത്രതന്നെ.”
അവളില്‍ ഒരു നെടുനിശ്വാസമുണര്‍ന്നു. അവള്‍ കയ്യുയര്‍ത്തി കാണിച്ചു. കത്തനാര്‍ ആ മുഖത്തേക്കു നോക്കി. ഈ പെണ്‍കുട്ടി എന്തിനാണ് കൈയുയര്‍ത്തി കാണിച്ചത്. കത്തനാര്‍ സംശയത്തോടെ ചുറ്റിനും നോക്കി. ഇവള്‍ എന്നെ തന്നെയാണെ വിളിച്ചത്? ഈ നഗരത്തില്‍ വേശ്യകള്‍ ധാരാളമുണ്ടോ? പ്രായഭേദമന്യേ സുന്ദരികള്‍ ധാരാളം കാണും. പണ്ട് ഇവരുടെ താവളം തുറമുഖമായിരുന്നുവെന്ന് കാണാപ്പുറങ്ങള്‍ എന്ന നോവലില്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടേയ്ക്ക് കൂടുമാറ്റം നടത്തിയതായിരിക്കും. ധൃതി പിടിച്ച് നടന്ന അവര്‍ക്കിടയില്‍ ലാസ്സറിന്‍റെ വേഗം കുറഞ്ഞു. അവള്‍ക്കടുത്തായി ഒരു മദ്ധ്യവയസ്കന്‍ പൂച്ചെണ്ടുമായി നില്പ്പുണ്ട്. ആ പൂച്ചെണ്ടുകാരന്‍റെ മുന്നിലേക്ക് നടന്നു. അയാള്‍ ഗൗനിച്ചില്ല. പിന്നാലെ വന്ന മറ്റൊരാള്‍ക്ക് അയാളതു കൈമാറുന്നതു കണ്ടു.
അവള്‍ വീണ്ടും കൈ കാണിച്ചിട്ട് ചോദിച്ചു.
“ലാസ്സര്‍ കത്തനാരല്ലേ?”
അപ്രതീക്ഷിതമായി മലയാളം കേട്ടപ്പോള്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
ജയിംസ് പറഞ്ഞു.
“വെല്‍ക്കം റ്റു ലണ്ടന്‍. കമോണ്‍.”
ലാസ്സര്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ചു.തെളിഞ്ഞ ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
“ഞാന്‍ ലിന്‍ഡ. ഇത് ജെയിംസ്. പപ്പായ്ക്ക് തിരക്കുള്ളതുകൊണ്ട് എന്നെയാണ് റിസീവ് ചെയ്യാന്‍ വിട്ടത്. ലാസറച്ചന്‍റെ യാത്രയൊക്കെ സുഖമായിരുന്നോ?”
“ദൈവം കാത്തു. സുഖമായ യാത്രയായിരുന്നു.”
അവര്‍ക്കൊപ്പം മുന്നോട്ടു നടന്നു. ലാസ്സര്‍ ഉന്മേഷവാനായിരുന്നു. മടിച്ച് മടിച്ച് അവരോട് കുശലാന്വേഷണങ്ങള്‍ നടത്തി. മനസ്സ് രണ്ടുകാര്യങ്ങളില്‍ കുരുങ്ങിക്കിടന്നു. രണ്ട് യുവാക്കള്‍ ഒപ്പം നടന്നിട്ട് ഈ ട്രോളിയൊന്ന് പിടിക്കുന്നില്ലല്ലോ. ഉത്കണ്ഠയോടെയാണ് അവരുടെ വേഷവിധാനങ്ങള്‍ കണ്ടത്. രണ്ടുപേരും പിള്ളാരിടുന്ന നിക്കറാണ് ധരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ വേഷവിധാനം കണ്ടപ്പോള്‍ അതൊക്കെ ഓരോ രാജ്യക്കാരുടെ രീതികളെന്നേ തോന്നിയുള്ളൂ. മലയാളികള്‍ എന്താണ് ഈ അരമുറി വസ്ത്രം ധരിക്കുന്നത്? മനസ്സിലേക്ക് വരുന്നത് ഏദന്‍തോട്ടത്തിലെ ആദാമും ഹവ്വയുമാണ്.

അച്ചന്‍ ആകാക്ഷയോടെ ചോദിച്ചു.
“നിങ്ങള്‍ ഇവിടെ ജനിച്ചുവളര്‍ന്നിട്ടും നല്ലപോലെ മലയാളം പറയുന്നുണ്ടല്ലോ? എങ്ങനെ പഠിച്ചു.”
അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“എന്‍റെ മമ്മിയാ എന്നെ മലയാളം പഠിപ്പിച്ചത്. വീട്ടിനുള്ളില്‍ ഇംഗ്ലീഷിന് പ്രവേശനമില്ല. മലയാളം മാത്രമേ പറയാവൂ എന്ന് മമ്മിക്ക് നിര്‍ബന്ധമാണ്. ഇവന്‍ കേരളത്തില്‍ നിന്ന് പഠിക്കാന്‍ വന്നതാണ്.”
അത് ലിന്‍ഡയുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍ അവരെ അഭിനന്ദിച്ചു. ഒപ്പം നടന്നപ്പോള്‍ ഏതോ നല്ല സുഗന്ധത്തിന്‍റെ പരിമളം മൂക്കിലേക്ക് തുളച്ചുകയറി. നല്ല പെര്‍ഫ്യൂമൊക്കെ കിട്ടുന്ന രാജ്യമല്ലേ. കാറിന്‍റെ ഡിക്കിയില്‍ പെട്ടി വെച്ചിട്ട് ലാസറിന് പിന്നിലെ ഡോര്‍ തുറന്നുകൊടുത്തു. ബാഗുമായി ഉള്ളിലേക്ക് കയറിയിരുന്നു. അവര്‍ പുറത്തു നില്‍ക്കുന്നതേയുള്ളൂ. ലാസ്സര്‍ ഗ്ലാസ്സിലൂടെ കണ്ടത് അവരുടെ പ്രേമസല്ലാപങ്ങള്‍ കത്തുന്നതാണ്. വെയില്‍ മങ്ങി നിന്നു. രണ്ടുപേരും തുരുതുരാ ചുംബിക്കുന്നത് കണ്ടപ്പോള്‍ കണ്ണുകള്‍ പൊത്താനാണ് തോന്നിയത്. നെറ്റി ചുളിച്ച് മുഖം താഴ്ത്തി മറുഭാഗത്തേയ്ക്ക് നോക്കി.
ലാസര്‍ കണ്ണുതിരുമ്മി നോക്കിയപ്പോഴേക്കു അവര്‍ കാറില്‍ കയറിയിരുന്നു. കാറോടിച്ചത് ലിന്‍ഡയാണ്. അവര്‍ കാറില്‍ ശബ്ദം കുറച്ച് ഇംഗ്ലീഷ് ഗാനം കേട്ടും സംസാരിച്ചുമിരുന്നു. കാറിന്‍റെ ഗ്ലാസ്സുകളിലേയ്ക്ക് കാറ്റ് ആഞ്ഞുവീശിയടിച്ചു. മനോഹരമായ റോഡുകളുടെ ഇരുഭാഗങ്ങളിലും ഒരേ നിറത്തിലും രൂപത്തിലുമുള്ള മരങ്ങള്‍ വരിവരിയായി നില്ക്കുന്നു. പിന്നീട് കാണാന്‍ കഴിഞ്ഞത് അണിഞ്ഞൊരുങ്ങി നില്കുന്ന ലണ്ടന്‍ നഗരത്തെയാണ്.
അപരിചിതമായ നഗരത്തില്‍ ഇനിയും എന്തെല്ലാം പരിചയപ്പെടാനിരിക്കുന്നു. നാട്ടിലുള്ളവരെപോലെ ഇവിടെയുള്ളവര്‍ ഉടുത്തൊരുങ്ങി നടക്കകുന്നവരോ ആനയുടെ നെറ്റിപ്പട്ടംപോലെ വര്‍ണ്ണങ്ങള്‍ അണിയുന്നവരോ അല്ലെന്ന് തോന്നുന്നു. ധാരാളം കറുപ്പും വെളുപ്പുമുള്ള സ്ത്രീകളെ കണ്ടു. ആരുടെ കഴുത്തില്‍പോലും ഒരു തരി സ്വര്‍ണ്ണം കാണാന്‍ കഴിഞ്ഞില്ല. കുറഞ്ഞ വസ്ത്രത്തില്‍ കൂടുതല്‍ ശരീരഭംഗി പ്രദര്‍ശിപ്പിക്കാനായിരിക്കും അവരുടെ ആഗ്രഹം. പഠിക്കുന്ന കാലത്ത് ഇവര്‍ വിവാഹിതരായിരിക്കും. പ്രായം അധികം തോന്നാത്ത കുട്ടികള്‍ പ്രാമുകളില്‍ അവരുടെ കുട്ടികളുമായി നടന്നു നീങ്ങുന്നത് കണ്ടതാണ്. ഇവരോട് നിങ്ങള്‍ വിവാഹിതരാണോ എന്നൊക്കെ ചോദിക്കുന്നത് മൗഢ്യമാണ്.

റോഡില്‍ പാഞ്ഞുപോകുന്ന വാഹനങ്ങളും കെട്ടിടങ്ങളും ഒരേ രൂപത്തില്‍ നിരനിരയായി നില്ക്കുന്ന വീടുകളും ഗ്ലാസ്സിലൂടെ കണ്‍കുളിര്‍ക്കെ കണ്ടിരുന്നു. പല ഭാഗത്തും ക്രിസ്തുമസ് മരങ്ങള്‍ വളര്‍ന്നു നില്ക്കുന്നത് കണ്ടു. തണുപ്പില്‍ ഇതിന്‍റെ ഇല കൊഴിയില്ലെന്ന് ഏതോ നോവലില്‍ വായിച്ച അറിവുണ്ട്. തെംസ് നദി നിറഞ്ഞൊഴുകുന്നു. അതിന്‍റെ ഇരുകരകള്‍ എത്ര മനോഹരമായി പണിതിട്ടിരിക്കുന്നു. പലയിടത്തും പ്രാവുകള്‍ കൂട്ടമായിരിക്കുന്നത് കണ്ടു. രാജവാഴ്ചയുടെ കാലത്ത് പണിതീര്‍ത്ത റോഡുകളും വീടുകളും അത്യാധുനിക സംസ്കാരത്തിന് വെളിച്ചം പകരുന്നു. വഴിയോരങ്ങളില്‍ എത്രയോ വലിയ ദേവാലയങ്ങള്‍. അതിന് മുന്നിലായി മനോഹരങ്ങളായ പൂക്കള്‍ ഇളംകാറ്റിലുല്ലസിക്കുന്നു. ബഞ്ചുകള്‍ ഇരിപ്പിടമായിട്ടുണ്ട്. യാത്രചെയ്തുള്ള ക്ഷീണമുണ്ടെങ്കിലും ഇടത്തും വലത്തുമായി കണ്ണോടിച്ചു. എങ്ങും പ്രകാശം പരന്നിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വൈവിധ്യമുള്ള കാറുകളും വലിയ പാര്‍ക്കുകളും കാണുന്നത്. പാര്‍ക്കുകളുടെ മദ്ധ്യത്തിലും ചുറ്റുപാടുകളിലും വലിയ മരങ്ങളും ചെടികളും തളിരണിഞ്ഞും പൂവണിഞ്ഞും നില്ക്കുന്നു. അതും വിവിധ നിറത്തിലും രൂപത്തിലുമുള്ള പൂക്കള്‍. ചിലര്‍ മൈതാനത്തിന്‍റെ മദ്ധ്യത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു. വെയിലു കായാനാണ്. പൂക്കള്‍ മനസ്സില്‍ നിന്നു മായാതെ നിന്നു. അതിന്‍റെയെല്ലാം സൗരഭ്യം ആസ്വദിക്കാന്‍ മനസ്സ് കൊതിച്ചു.
കാര്‍ ഒരു ടൗണില്‍ നിന്നു. ജയിസ് അവള്‍ക്ക് ചൂടുള്ള ഒരു ചുംബനം കൊടുത്തു. കത്തനാരുടെ മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടു. ഒരു പുരോഹിതന്‍ കാറിലിരിക്കുന്ന കാര്യം ഇവര്‍ മറന്നോ?
“ഫാദര്‍, ഞാനിവിടെ ഇറങ്ങുന്നു. ഇനിയും പള്ളിയില്‍ കാണാം. ഒ.കെ. ബൈ.”
അവന്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി കൈ വീശി കാണിച്ചു. കത്തനാരുടെ കണ്ണുകളില്‍ സംശയത്തിന്‍റെ നിഴലാട്ടം.

വിവാഹമോതിരത്തെക്കാള്‍ പ്രേമത്തിനായി കൊടുക്കുന്ന മുദ്രമോതിരങ്ങളാണ് മുഖത്ത് കൊടുക്കുന്ന ചുംബനമെന്ന് തോന്നി.
“ഇത് ഏത് സ്ഥലമാണ്?”
“ഇത് ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാമാണ്. ഇവിടെയാണ് അവന്‍ താമസിക്കുന്നത്.”
കാര്‍ കുറെദൂരം കൂടി മുന്നോട്ട് പോയി.
കത്തനാരുടെ മനസ്സില്‍ ഒരു സംശയം. വഴിയരുകുകള്‍ കണ്ടപ്പോള്‍ ബോംബയെപ്പോലെ തോന്നുന്നു. ആളുകളും ഇന്‍ഡ്യാക്കാരെപ്പോലുണ്ട്. ഈസ്റ്റ്ഹാം ഏഷ്യക്കാരുടെ താവളമെന്ന് കേട്ടിട്ടുണ്ട്. കാര്‍ വലിയൊരു വീടിന്‍റെ പോര്‍ച്ചിലേക്ക് കയറി. മുറ്റത്ത് ധാരാളം പൂക്കള്‍ വിടര്‍ന്നു നില്ക്കുന്നു. അവര്‍ പുറത്തിറങ്ങി. കത്തനാരുടെ മുഖം കൊയ്ത്തുകാലത്തെ കര്‍ഷകന്‍റെ മുഖംപോലെ സന്തോഷത്താല്‍ നിറഞ്ഞു. കൈയിലിരുന്ന ബാഗില്‍ നിന്ന് ഒരു പേപ്പര്‍ പുറത്തെടുത്ത് തറയില്‍ വിരിച്ചിട്ട് അതില്‍ മുട്ടുകുത്തി കണ്ണുകളടച്ച് ആകാശത്തിലേക്ക് കൈകളുയര്‍ത്തി ആകാശമേഘങ്ങളില്‍ യാതൊരാപത്തും വരുത്താതെ മണ്ണില്‍ ഇറങ്ങാനും ലക്ഷ്യത്തിലെത്താനും അനുവദിച്ചതില്‍ ദൈവത്തെ സ്തുതിച്ചു. ലിന്‍ഡ പെട്ടിയുമായി അകത്തേയ്ക്കു പോയിരുന്നു.

കത്തനാര്‍ കണ്ണുകള്‍ തുറന്നു. മുന്നില്‍ താടിയും മുടിയുമുള്ള ഒരു യുവാവ് പരിഹാസഭാവത്തില്‍ മുന്നില്‍ നിന്ന് ക്രൂരമായി ചിരിക്കുന്നു. അവന്‍റെ ഒരു കണ്ണ് ചെറുതും മറ്റൊന്ന് വലുതുമാണ്. കത്തനാര്‍ ഭീതിയോടും ആശങ്കയോടും നോക്കി. ആരാണിവന്‍? പെട്ടെന്നവന്‍ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു തോക്കെടുത്ത് കത്തനാരുടെ നേരെ ചൂണ്ടി. കത്തനാര്‍ ഭയന്നു. അവന്‍ എന്തോ മുരണ്ടു. കത്തനാര്‍ തെല്ലൊരു വിറയലോടെ ധൈര്യം സംഭരിച്ച് പതുക്കെ നടന്നുനടന്ന് റോഡിലേക്കിറങ്ങി. വീണ്ടും അവന്‍ ഭയപ്പെടുത്തിയപ്പോള്‍ കത്തനാര്‍ ഭയന്നോടി. അവനും ചിരിച്ചുകൊണ്ട് പിറകെയോടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more