1 GBP = 106.38

ഭക്തിയുടെ നിറവിൽ ഏഴാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം; പ്രൗഢി വിളിച്ചോതി തിരുനാൾ പ്രദക്ഷിണം

ഭക്തിയുടെ നിറവിൽ ഏഴാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം; പ്രൗഢി വിളിച്ചോതി തിരുനാൾ പ്രദക്ഷിണം

ബിനു ജോർജ്ജ്

എയ്‌ൽസ്‌ഫോർഡ്: ഉത്തരീയനാഥയുടെ സന്നിധിയിൽ അനിർവചനീയമായ ആത്മീയ ആനന്ദം നുകർന്ന് മരിയഭക്തർ. കാർമ്മലിലെ സുന്ദരപുഷ്പത്തിന്റെ സൗരഭ്യം തേടിയെത്തിയവർ മാതൃഭക്തിയിൽ ലയിച്ചു ചേർന്ന അനുഗ്രഹനിമിഷങ്ങൾ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഏഴാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനമാണ് അവാച്യമായ ആത്മീയ അനുഭൂതി തീർത്ഥാടകർക്ക് സമ്മാനിച്ചത്.

2024 മെയ് 25 ശനിയാഴ്ച രാവിലെ 11 മണിയോടുകൂടി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് 11.45 ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രസിദ്ധമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ജപമാലപ്രദിക്ഷണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം രൂപതയിലെ വൈദികരും ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ മരിയഭക്തരും ജപമാലയിൽ പങ്കുചേർന്നു. ഉച്ചക്ക് 1.20 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായി ആരംഭിച്ച പ്രദിക്ഷണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, കാർമ്മികരായ വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേർന്നു. പ്രസുദേന്തി വാഴ്ചയ്ക്ക് ശേഷം അഭിവന്ദ്യ പിതാവിനോടൊപ്പം എയ്‌ൽസ്‌ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. മൈക്കിൾ കോക്സ്, പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. മാത്യൂസ് കുരിശുമ്മൂട്ടിൽ, രൂപതയിലെ വൈദികർ, പിൽഗ്രിമേജ് കോ-ഓർഡിനേറ്റർമാർ, ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷൻ ട്രസ്ടിമാർ എന്നിവർ ചേർന്ന് തീർത്ഥാടനത്തിന്റെ തിരി തെളിയിച്ചു.

ഉച്ചക്ക് 1 .30 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടന്നു. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക്‌ മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾക്കൊപ്പം എത്തിയ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.

വിശുദ്ധകുർബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി മുത്തുക്കുടകളുടെയും കൊടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടന്നു. രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള പ്രതിനിധികൾ പ്രദിക്ഷണത്തിനു നേതൃത്വം നൽകി. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദിക്ഷണം അനിർവചനീയമായ ഗൃഹാതുരത്വവും അളവറ്റ ആത്മീയ അനുഭൂതിയുമാണ് വിശ്വാസികൾക്ക് സമ്മാനിച്ചത്. പ്രദിക്ഷണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കുരിശുംതൊട്ടിയിൽ സ്ലീവാവന്ദനവും തുടർന്ന് സമാപനാശീർവാദവും നടന്നു.

റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്തു. നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ ലഘു ഭക്ഷണശാലയും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്കൊടുവിൽ തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

തീർത്ഥാടന കോ-ഓർഡിനേറ്റർമാരായ ലിജോ സെബാസ്റ്റ്യൻ, ഡൊമിനിക് മാത്യു, മനോജ് തോമസ്, ബോണി ജോൺ, എയ്‌ൽസ്‌ഫോർഡ് സീറോ മലബാർ മിഷൻ ട്രസിറ്റിമാരായ റോജോ കുര്യൻ, ജോസഫ് കരുമത്തി, ജോസഫ് ജോസഫ്, സ്നേഹ ട്രീസ എന്നിവരും, പള്ളികമ്മറ്റി അംഗങ്ങളും, വിമൻസ് ഫോറം, സണ്ടേസ്കൂൾ അധ്യാപകർ, ഭക്ത സംഘടനകളുടെ ഭാരവാഹികൾ എന്നിവരും തീർത്ഥാടനത്തിന് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more