സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വേനല്‍ മഴയ്ക്കും സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനം കടുത്ത വേനലില്‍. പല ജില്ലകളും ചുട്ടുപൊള്ളുന്നു. പാലക്കാട് ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.
കൊല്ലത്ത് ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38°C വരെയും, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും വര്‍ധിക്കാന്‍ സാധ്യത. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. വേനല്‍ മഴയുടെ പശ്ചാത്തലത്തില്‍ രാത്രികാല ചൂട് കുറയുമെ ന്നും എന്നാല്‍ അത്യുഷ്ണം മൂലം ഉണ്ടാകുന്ന അസ്വസ്ഥതയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് 1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരയുടെ വേഗത സെക്കന്‍ഡില്‍ 5cm നും 20 cm നും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
click on malayalam character to switch languages