ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. യുപിയിൽ 10 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അവിടെ ബിജെപിക്ക് ഏഴെണ്ണം ജയിക്കാൻ സാധിക്കും. സമാജ്‌വാദി പാർട്ടിക്ക് രണ്ടും സീറ്റുകളിൽ ഉത്തർപ്രദേശിൽ വിജയിക്കാം. പത്താം സീറ്റിൽ ഇരു പാർട്ടികളും കൊമ്പുകോർക്കും. കർണാടകയിലെ നാലിൽ മൂന്നെണ്ണം കോൺഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ദളിന്റേതായി അഞ്ചാമതൊരു സ്ഥാനാർഥിയും രംഗത്തുണ്ട്.
ഉത്തർപ്രദേശിൽ ബി.ജെ.പി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 പേർ മത്സരത്തിനുണ്ട്. 403 അംഗ നിയമസഭയിലെ നിലവിലെ അംഗബലം 399 ആയതിനാൽ ഒരു സ്ഥാനാർത്ഥിക്ക് 37 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമാണ്. ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് 252ഉം എൻ.ഡി.എയ്ക്ക് ആകെ 277 എം.എൽ.എമാരുമാണുള്ളത്.
സമാജ്‌വാദി പാർട്ടിക്ക് 108 പേർ. ‘ഇന്ത്യ’ മുന്നണി പാർട്ടികളുടെ പിന്തുണയോടെ അത് 110 ആയി ഉയർന്നേക്കാം. ഇതനുസരിച്ച് ബി.ജെ.പിക്ക് എട്ടാം സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള വോട്ടുകളില്ല.
‘ഇന്ത്യ’ മുന്നണിക്ക് ഒരു വോട്ടിന്റെയും കുറവുണ്ട്.
ഹിമാചൽ പ്രദേശിലെ 68 അംഗ നിയമസഭയിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 35 ഒന്നാം മുൻഗണന വോട്ടുകൾ ആവശ്യമാണ്. കോൺഗ്രസിന് 40 ഉം ബി.ജെ.പിക്ക് 25ഉം എം.എൽ.എമാരുമാണുള്ളത്.
കോൺഗ്രസിന്റെ അഭിഷേക് മനു സിംഗ്‌വിക്കെതിരെ ഹർഷ് മഹാജനാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
കർണാടകയിൽ നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി.സി ചന്ദ്രശേഖർ, ബി.ജെ.പിയുടെ നാരായൺ ബന്തേജ് എന്നിവർക്കൊപ്പം ജെ.ഡി.എസ് സ്ഥാനാർത്ഥി ഡി. കുപേന്ദ്ര റെഡ്ഡിയും മത്സര രംഗത്തുണ്ട്.
224 അംഗ നിയമസഭയിൽ വിജയിക്കാൻ 45 ഒന്നാം മുൻഗണന വോട്ടുകൾ വേണം.134 എം.എൽ.എമാരുള്ള കോൺഗ്രസിന് മൂന്ന് സ്വതന്ത്രർമാരുടെ പിന്തുണയോടെ മൂന്നുപേരെ ജയിപ്പിക്കാം.
66 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആകും.എൻ.ഡി.എ മുന്നണിയിലുള്ള ജെ.ഡി.എസിന് 19 അംഗങ്ങൾ മാത്രമേയുള്ളു.
രാജ്യസഭയിലെ ആകെ ഒഴിവു വരുന്ന 56 സീറ്റുകളിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ അടക്കം 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .20ൽ ജയിച്ച ബി.ജെ.പിക്കാണ് കൂടുതൽ നേട്ടം.
കോൺഗ്രസ് (6), തൃണമൂൽ കോൺഗ്രസ് (4), വൈ.എസ്.ആർ കോൺഗ്രസ് (3), ആർ.ജെ.ഡി (2), ബി.ജെ.ഡി (2), എൻ.സി.പി, ശിവസേന, ബി.ആർ.എസ്, ജെ.ഡി.യു( ഒന്ന് വീതം) സ്ഥാനാർത്ഥികളും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
click on malayalam character to switch languages