1 GBP = 110.31

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. കേജ്‌രിവാളിന്റെ കത്ത് ഇത് വരെ ലഭിച്ചില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. കേജ്‌രിവാൾ ഇന്ന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

കേജ്‌രിവാൾ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന. അവിടെ നിന്ന് മധ്യപ്രദേശിലേക്ക് പോകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മധ്യപ്രദേശിലേക്ക് പോകുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മധ്യപ്രദേശ് പ്രചരണത്തിന് ഇറങ്ങുമെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഇന്ന് മധ്യപ്രദേശിലെ സിങ്ഗ്രൗലിയിൽ കേജ്‌രിവാൾ റോഡ് ഷോ നടത്തും.

കേജ്‌രിവാളിനെതിരായ ഇഡി നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകമാണ് ഇഡി മുഖ്യമന്ത്രി കേജ്‌രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 2022 ഓഗസ്റ്റിലാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും കേസ് രജിസ്റ്റർ ചെയ്തത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മനീഷ് സിസോദിയയുടെ ഹർജി തള്ളിയത്. വിചാരണ മന്ദഗതിയിലായാൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 26 നാണ് കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെയും ഇഡിയുടെയും രണ്ട് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചത് എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു. എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുള്ളതിനാൽ അരവിന്ദ് കേജ്‌രിവാൾ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more