1 GBP = 107.59

ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

കേരള ജനത ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍    മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം  ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ പൂണ്ടിരിക്കുന്ന മനസ്സിലേക്ക് സഹജമായ പുഞ്ചിരിയോടെ  നോക്കുമ്പോള്‍ തന്നെ വേദനകളെല്ലാം നിര്‍വീര്യമാകും. പിന്നീട് നാം കാണുന്നത് പരസ്പരം  പ്രേമാര്‍ദ്രമായ വിടര്‍ന്ന  മിഴികളാണ്.  ഒരു മുഖ്യമന്ത്രിയില്‍ നിന്ന്   ഇത്രമാത്രം  സവിശേഷമായ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുക ഒരു ജനതയുടെ സൗഭാഗ്യമാണ്. ഉമ്മന്‍ചാണ്ടി പാവങ്ങളുടെ കുടപ്പിറപ്പും ജനങ്ങള്‍ക്ക് കരുത്തുമായിരിന്നു. ആ മന്ദസ്മിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവരുടെ കവിള്‍ത്തടങ്ങള്‍ തുടുക്കും, ഹൃദയം പിടയും, കണ്ണുനീര്‍വാര്‍ക്കും. പരിഹാസ വാക്കുകള്‍ പറയുന്നവരുടെ മധ്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രാണപ്രിയനായിരുന്നു. യാതൊരു പോലീസ് പടച്ചട്ടയുമില്ലാതെ ജനത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കുമോ? 

കേരള നിയമസഭ 1957 മാര്‍ച്ച് 16 ന് നിലവില്‍ വന്നതിനുശേഷം 1957-ലെ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി  ഇ.എം.എസ് നമ്പുതിരിപ്പാടില്‍ തുടങ്ങി, കേരളത്തിന്റെ 19-ാമത് മുഖ്യമന്തിയായി 2004 ആഗസ്റ്റ് 13 ന്  കോട്ടയം ജില്ലയിലെ പുതുപ്പളിക്കാരന്‍  അധികാരത്തിലെത്തി. അഖില കേരള ബാലജനസഖ്യത്തില്‍ തുടങ്ങി, കെ.എസ്.യു, യുത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യൂ.സി,  കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.  കേരള മന്ത്രിസഭയില്‍  പലവട്ടം മന്ത്രിയാകുക മാത്രമല്ല രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായി. അന്‍പത് വര്‍ഷങ്ങള്‍ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചു വരിക അത് ഉമ്മന്‍ ചാണ്ടിക്കു മാത്രമേ സാധിക്കു.  എവിടെയും എപ്പോഴും   മന്ദഹാസം പൊഴിച്ചുകൊണ്ട് സ്‌നേഹാര്‍ദ്രമായ  മിഴികളോടെ ജനങ്ങളുടെയിടയില്‍ നടക്കുന്ന ഉമ്മന്‍ ചാണ്ടി കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അപൂര്‍വ്വകാഴ്ചയാണ്. മലയാള മണ്ണില്‍ ഇത്രമാത്രം ജനപ്രീതി നേടിയതിന്റെ പ്രധാന കാരണം ജനഹിതം മനസ്സിലാക്കി ആത്മാര്‍ത്ഥമായി ജനങ്ങളെ കരുതലോടെ കണ്ടതാണ്. ഉമ്മന്‍ ചാണ്ടിയുടെ അടുക്കലേക്ക് ആര്‍ക്കും ഏത് നേരത്തും സമീപിക്കാം. അധികാരത്തിന്റെ അഹങ്കാരം ആ മുഖത്തില്ല. നമ്മുക്ക് ലഭിക്കുന്നത് നിറപുഞ്ചിരിയാണ്.   കേരള രാഷ്ട്രീയത്തില്‍ ഇതുപോലുള്ള രാഷ്ട്രീയതന്ത്രജ്ഞര്‍ കുറവാണ്. ജനസേവനം എന്തെന്ന്   ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഇന്നുള്ളവര്‍ പഠിക്കുന്നത് നന്ന്. എപ്പോഴും ജാതി രാഷ്ട്രീയം പറഞ്ഞു ജയിക്കാനാകില്ല. ജനങ്ങള്‍ പ്രബുദ്ധരാണ്.   അദ്ദേഹത്തെ ഞാന്‍  പരിചയപ്പെടുന്നത്  മാവേലിക്കര രാമചന്ദ്രനൊപ്പം  ഡല്‍ഹി കേരള ഹൗസില്‍ വച്ചാണ്.   ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുമ്പോള്‍ ബ്രിട്ടനിലെ മുന്‍ സഹമന്ത്രിയും,  ഇന്നത്തെ  എം.പിയുമായ സ്റ്റീഫന്‍ റ്റിംസ് മനസ്സിലേക്ക് വരുന്നു.  ഏഷ്യക്കാര്‍ കൂടുതലായി പാര്‍ക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഒരു ബ്രിട്ടീഷുകാരന്‍ തുടര്‍ച്ചയായി എം.പിയാകുന്നത് കൗതുകത്തോടെ കാണുന്നു. അദ്ദേഹത്തെ  ജനങ്ങള്‍ കാണുന്നത് വേഷങ്ങള്‍ കെട്ടിയാടുന്ന നായകനായിട്ടല്ല അതിലുപരി ഒരു ജനപ്രിയ നായകനായിട്ടാണ്. സാധാരണക്കാര്‍ക്കൊപ്പം ക്യുവില്‍ നില്‍ക്കുന്നു, മറ്റുള്ളവര്‍ക്കൊപ്പം കടയില്‍ ചായ കുടിക്കുന്നു, ട്രെയിനില്‍ സഞ്ചരിക്കുന്നു. ഒരിക്കല്‍ ഇവിടുത്തെ ഒരു ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാനൊരു പരാതി ഇദ്ദേഹത്തിനയച്ചു.  പരാതി കിട്ടിയ ഉടന്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. ഒരാള്‍ എം.പിക്ക് പരാതിയച്ചാല്‍ വീട്ടില്‍ വരിക കേട്ടിട്ടുപോലുമില്ല.  ഇദ്ദേഹം എന്റെ ഇംഗ്ലീഷ് നോവല്‍ മലബാര്‍ എ ഫ്‌ളയിം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് പ്രകാശനവും ചെയ്തിട്ടുണ്ട്.  മാത്രവുമല്ല ഇവിടുത്തെ പല മന്ത്രിമാരും സൈക്കിളില്‍ സഞ്ചരിക്കുന്നു.  അങ്ങനെ ഒരു  ജനസേവന്റെ മഹത്വമാണ് ഉമ്മന്‍ ചാണ്ടിയില്‍ ഞാന്‍ കണ്ടത്. ഞാന്‍ മാത്രമല്ല അദ്ദേഹത്തിന്റ ശത്രുക്കളും അപമാനിച്ചവരും അത് തന്നെ പറയും. മലയാളികളുടെ പൊതുവിലുള്ള സ്വാഭാവമാണല്ലോ ജീവിച്ചിരിക്കുമ്പോള്‍ ഇകഴ്ത്തുക, മരിക്കുമ്പോള്‍ പുകഴ്ത്തുക.  

മഹാത്മാഗാന്ധി, നെഹ്റു, പട്ടേല്‍, ഡോ. അബേദ്ക്കര്‍, വി.കെ.കൃഷ്ണമേനോന്‍, മന്‍മോഹന്‍ സിംഗ് തുടങ്ങി ധാരാളം വ്യക്തിപ്രഭാവമുള്ളവരൊക്കെ ഇംഗ്ലണ്ടില്‍ നിന്ന് പഠിച്ചു പോയവരാണ്. നമ്മുടെ ഉമ്മന്‍ ചാണ്ടി ഇവിടെ വന്ന് പഠിച്ചിട്ടില്ല. അദ്ദേഹത്തില്‍ കാണുന്നത് സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനവീയത നിറഞ്ഞ ആത്മജ്ഞാനത്തിന്റ പ്രകാശവര്‍ഷങ്ങളാണ്.  മനുഷ്വത്വമുള്ളവര്‍ക്ക്  പാവങ്ങളുടെ നൊമ്പരങ്ങള്‍ കണ്ടിട്ടും കാണാതിരിക്കാന്‍ സാധിക്കില്ല.  അവര്‍ക്ക് മാത്രമെ സഹജീവികളെ സമഭാവനയോടെ കാണാന്‍ സാധിക്കു. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ജലവും നല്‍കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കില്ല.  അതിനെക്കാള്‍ പുണ്യം മനുഷ്യജീവിതത്തില്‍ മറ്റെന്താണുള്ളത്? മനുഷ്യനന്മക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആരാധകരും അനുയായികളുമുള്ളത്. അത് കെട്ടിപ്പൊക്കുന്ന ഫാന്‍സ് അസ്സോസിയേഷനല്ല. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ജനസേവകന് ആയിരകണക്കിന് ആരാധകരുള്ളത് കാണുന്നത്.   അദ്ദേഹം രാപകല്‍ നടത്തിയിട്ടുള്ള ജനസേവനമാണ്  ഐക്യ രാഷ്ട്രസഭയുടെ ജനസമ്പര്‍ക്ക പുരസ്‌ക്കാരത്തിന്  അര്‍ഹനാക്കിയത്. അതിനെ പാടിപുകഴ്ത്താന്‍  ഫേസ് ബുക്ക് ഗുണ്ടാപ്പടയില്ലാതിരുന്നത് നന്നായി. ഒരിക്കല്‍ അദ്ദേഹത്തിന്റ അമേരിക്കന്‍ യാത്രയില്‍ ലണ്ടനില്‍ കുറെ മണിക്കൂറുകളുണ്ടായിരുന്നു.  ആ കുടിക്കാഴ്ച്ചയില്‍ ഞാനൊരു ചോദ്യം ചോദിച്ചു. ഇന്ത്യന്‍ ജനപ്രതിനിധികളില്‍ പലരും   ജനസേവനത്തേക്കാള്‍ സമ്പത്തുണ്ടാക്കുന്നതിലാണല്ലോ ശ്രദ്ധിക്കുന്നത്. എനിക്ക് കിട്ടിയ ഉത്തരം. അതൊന്നും ജനസേവനമല്ല. അവരൊന്നും ഈ പണിക്ക് ഇറങ്ങരുത്. പൊതുപ്രവര്‍ത്തകര്‍ ജനത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടത്. ഞാന്‍ തിരുവനന്തപുരത്തൊരു വീടുണ്ടാക്കി. അതില്‍ അഴിമതി പണമൊന്നുമില്ല. ഭാര്യയുടെ  ധനമാണ് ഉപയോഗിച്ചത്. ആര്‍ക്കും പരിശോധിക്കാം. 

സമൂഹത്തില്‍ സങ്കടപ്പെടുന്ന, ഞെരിപിരികൊള്ളുന്ന പാവങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നവരാണ് ജനസേവകര്‍. വാത്മീകി മഹര്‍ഷിയുടെ കവിത ‘മാനിഷാദ’ അനീതിക്കെതിരെയുള്ള ഇന്ത്യയിലെ ആദ്യ പോരാട്ടമായിരുന്നു. സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന സര്‍ഗ്ഗ പ്രതിഭകളടക്കം  ജനസേവകരാണ്.  ഒരു കാട്ടാളന്‍  ഇണക്കിളികളില്‍ ഒന്നിനെ കൊല്ലുമ്പോള്‍ ചോദിച്ചത്  ‘എരണംകെട്ട കാട്ടാളാ’ എന്നാണ്. ജനങ്ങള്‍ നെഞ്ചിലേറ്റിയ ഉമ്മന്‍ ചാണ്ടി നമ്മില്‍ നിന്ന് പോയി. ഇനിയും ആരാണ് ചോദിക്കുക   ‘എരണം കേട്ട ഭരണകൂടങ്ങളെ, മത -വര്‍ഗ്ഗിയ വാദികളെ’ എന്ന്. അങ്ങനെ സംഭവിച്ചാല്‍  വിശപ്പില്‍ നിന്നുള്ള ദുരം കുറയും, അധര്‍മ്മം ധര്‍മ്മമായി മാറും. ചൂഷണവും കുറയും. ഇല്ലെങ്കില്‍  നാടിന്റ ശാപം തുടരും. ഉമ്മന്‍ ചാണ്ടി ആരോടും മനസ്സ് തുറന്നാണ് സംസാരിച്ചത്. അത്  എതിരാളികള്‍ക്കുപോലും തള്ളിക്കളയാന്‍ സാധിക്കില്ല. പ്രവാസികളുടെ കാര്യത്തിലും അദ്ദേഹത്തിന്റ പങ്ക് വലുതാണ്. അതില്‍ പ്രധാനമാണ്  ഇറാക്കില്‍ ഭീകരുടെ തടവറയില്‍ കഴിഞ്ഞ നഴ്സസിനെ കേന്ദ്രസഹായത്തോടെ രക്ഷപ്പെടുത്തിയത്.  

ഉമ്മന്‍ ചാണ്ടി എനിക്ക് പ്രവാസി ഭാഷാമിത്രം സാഹിത്യപുരസ്‌കാരം തന്നതും ഈ അവസരം ഓര്‍ക്കുന്നു.   സമൂഹത്തിനാവശ്യം പാവങ്ങളുടെ നൊമ്പരമറിയുന്ന, സത്യവും നീതിയും നടപ്പാക്കുന്ന, നന്മ നിറഞ്ഞ ജനപ്രതിനിധികളെയാണ്.  യേശുക്രിസ്തു പാപികളെ പാപങ്ങളില്‍ നിന്ന് രക്ഷിച്ചതുപോലെ എതിര്‍പാര്‍ട്ടികളിലുള്ളര്‍ തന്നെ കല്ലെറിഞ്ഞപ്പോഴും അവരോട് ക്ഷമിക്കുകയാണ് ചെയ്തത്. ഗാന്ധിജിയുടെ ഈ അരുമ ശിഷ്യന്‍ കേരളത്തിലെ പാവങ്ങളുടെ ഗാന്ധിയായിരുന്നു. കേരളത്തിന്റെ വികസനനായകന് വേദനയോടെ വിട ചൊല്ലുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more