ലെസ്ബിയൻ പങ്കാളിയായ അഫീഫയുടെ ജീവൻ അപകടത്തിലെന്ന് സുമയ്യ. അഫീഫ ബന്ധുക്കളിൽ നിന്ന് ശാരീരികമായും, മാനസികമായും പീഡനം നേരിടുകയാണെന്നും സുമയ്യ പറഞ്ഞു. സുമയ്യയുടെ പരാതിയിൽ വുമൻ പ്രൊട്ടക്ഷൻ സെൽ അംഗങ്ങൾ അഫീഫയുടെ വീട്ടിൽ സന്ദർശനം നടത്തി. ശാരീരിക അവശതകൾ നേരിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിഷയം മലപ്പുറം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
മൂന്നു ദിവസം മുമ്പാണ് തൻറെ ജീവൻ ഭീഷണിയിലാണെന്ന് കാട്ടി ഹഫീഫ സുമയ്യക്ക് സന്ദേശമയക്കുന്നത്. കുടുംബത്തിൻറെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും സന്ദേശങ്ങൾ അയക്കുന്നത് നിന്നാൽ തന്നെ അന്വേഷിച്ച് വീട്ടിൽ വരണമെന്നും ഹഫീഫ സുമയ്യക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
‘എസ്എംഎസ് അയക്കുന്നത് നിന്നാൽ വീട്ടിൽ പിടിച്ചുവെന്നാണ് അർത്ഥം. അപ്പോൾ വീട്ടിലേക്ക് വരണം, മീഡിയയെ കൊണ്ടുവന്നാലും കുഴപ്പമില്ല, എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് ഇറക്കണമെന്നാണ് അവൾ എന്നോട് പറഞ്ഞത്’ സുമയ്യ പറഞ്ഞു.
‘ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ട് ഉപദ്രവിക്കുകയാണ്. ഹോസ്പിറ്റലിലൊക്കെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. ചെരുപ്പ് പോലും ഇടാൻ സമ്മതിച്ചില്ല. സിസ്റ്റ്‌റിനോടൊക്കെ പൊലീസിനെ വിളിക്കാൻ കാലുപിടിച്ചു പറഞ്ഞു. അവരാരും വിളിച്ചില്ല. അവരെന്തോ ഇഞ്ചെക്ട് ചെയ്തു. അപ്പൊ ബോധമില്ലാണ്ട് കിടക്കുകയായിരുന്നു എന്നാണ് എന്നോട് പറഞ്ഞത്’ സുമയ്യ പറഞ്ഞു.
ഒന്നിച്ച് താമസിക്കുന്നതിനിടയിൽ മെയ് മുപ്പത്തിനാണ് ഹഫീഫയെ കാണാതാകുന്നത്. തുടർന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു. എന്നാൽ കുടുംബത്തോടൊപ്പം പോകണമെന്ന് പറഞ്ഞതോടെ ഹഫീഫയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ ഭീഷണിക്ക് വഴങ്ങിയാണ് അത്തരമൊരു മൊഴി നൽകിയതെന്ന് സുമയ്യക്ക് സന്ദേശമയച്ചതായി പറയുന്നു.ഹഫീഫയെ സുരക്ഷിത ഇടത്തേക്ക് മാറ്റി ജീവന് സംരക്ഷണം ഒരുക്കണമെന്നാണ് സുമയ്യയുടെ ആവശ്യം.
click on malayalam character to switch languages