കർണാടകയിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തകരുടെ പ്രതിഷേധം. രാംദുർഗ്, ജയനഗർ, ബെൽഗാം നോർത്ത് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. ആദ്യ പട്ടികയിൽ ഉൾപ്പെടാത്ത മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കാണും.
20 സിറ്റിങ് എംഎൽഎമാരെ ആദ്യപട്ടികയിൽ നിന്നും ഒഴിവാക്കിയപ്പോൾ 52 പുതുമുഖങ്ങൾക്ക് അവസരം നൽകിയതും പ്രതിഷേധത്തിന് കാരണമായി. 2019 ഓപ്പറേഷൻ താമരയിലൂടെ ബിജെപിയിൽ എത്തിയ ഭൂരിഭാഗം പേർക്കും പട്ടികയിൽ ഇടം ലഭിച്ചു. എന്നാൽ ശങ്കർ ,റോഷൻ ബെയ്ഗ് എന്നിവർ പുറത്തായി . അശ്ലീല വീഡിയോ വിവാദത്തിൽ കുരുങ്ങിയ രമേശ് ജാർക്കി ഹോളിക്ക് സീറ്റ് നൽകിയിട്ടുണ്ട്. മുൻ ഉപ മുഖ്യമന്ത്രി ലക്ഷ്മൺ സാവടി പട്ടികയിൽ നിന്ന് പുറത്തായി. ഭിന്നത പരസ്യമായി പ്രകടിപ്പിച്ച കെ എസ് ഈശ്വരപ്പയുടെയും ജഗദീഷ് ഷെട്ടാറിൻ്റെയും മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്.
189 സ്ഥാനാർത്ഥികളുടെ പട്ടികയിൽ 52 പേർ പുതുമുഖങ്ങളാണ്. എട്ട് പേർ വനിതകളാണ്. ഒബിസി വിഭാഗത്തിൽ നിന്ന് 32 പേരും എസ്‌സിയിൽ നിന്ന് 30 പേരും എസ്ടി വിഭാഗത്തിൽ നിന്ന് 16 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 31 പിഎച്ച്‌ഡി ഹോൾഡർമാരും 31 ബിരുദാനന്തര ബിരുദധാരികളും പട്ടികയിലുണ്ട്.
വലിയ മാറ്റങ്ങളോടെയാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതെന്ന് പാർട്ടി അധ്യക്ഷൻ കെ അണ്ണാമലൈ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിറ്റിങ് മണ്ഡലമായ ഷിഗ്ഗാവിൽ നിന്ന് മത്സരിക്കും. ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര ശിക്കരിപ്പുര മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാറിനെതിരെ കനകപുര മണ്ഡലത്തിൽ ആർ അശോക ആണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്. മുൻ മുഖ്യമന്ത്രി സിദ്ധരാമ്മയ്യയ്‌ക്കെതിരെ വരുണയിൽ സോമണ്ണ ബിജെപിക്ക് വേണ്ടി മത്സരിക്കും. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തീർത്ഥഹള്ളി മണ്ഡലത്തിൽ മത്സരിക്കും. കർണാടക മന്ത്രി ഡോ.അശ്വത്‌നാരായൺ സി എൻ മല്ലേശ്വരത്ത് നിന്നും മന്ത്രി ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർത്ഥ് സിംഗ് കാംപ്ലിയിൽ നിന്നും മത്സരിക്കും.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്നും മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറലിലും രമേശ് ജാർക്കി ഹോളി തന്റെ മണ്ഡലമായ ഗോകക്കിൽ നിന്നും ജനവിധി തേടും. മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. വോട്ടെണ്ണൽ മെയ് 13 ന് നടക്കും.
click on malayalam character to switch languages