ട്രാവൻകൂർ ഹൗസ് സംബന്ധിച്ച രേഖകൾ കേന്ദ്രസർക്കാർ രാജകുടുംബത്തിന് കൈമാറി. കേന്ദ്ര സർക്കാരിന്റെ ലാൻഡ് ഡെവലപ്‌മെന്റ് വിഭാഗം ആണ് രേഖകൾ രാജകുടുംബത്തിന് നൽകിയത് .
സംസ്ഥാന സർക്കാർ പട്ടയം കരസ്ഥമാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകളാണ് കൈമാറിയത്. രേഖകളിൽ ട്രാവൻകൂർ ഹൗസിന്റെയും കപൂർത്തല പ്ലോട്ടിന്റെയും ഉടമസ്ഥാവകാശം സംസ്ഥാനത്തിന് ഇല്ലെന്ന് സൂചിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന് കൈവശ അവകാശം ഉണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. രാജകുടുംബത്തിന്റെ പ്രതിനിധി ആദിത്യവർമ്മയ്ക്കാണ് കേന്ദ്രസർക്കാർ രേഖകൾ നൽകിയത്.
ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബമൊരുങ്ങുന്നതിന്റെ ഭാഗമായാണ് രേഖകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുള്ള വസ്തു വില്‍ക്കാന്‍ ചെന്നൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
രാജകുടുംബത്തിന്റെ ബെംഗളൂരുവിലെ ആസ്തിയും കൂടി ചേര്‍ത്ത് 250 കോടി രൂപയുടെ വസ്തു വില്‍ക്കാനാണ് നീക്കം. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കിട്ടുന്ന അടിസ്ഥാനത്തില്‍ ഇടപാട് നടക്കുമെന്നാണ് കരാര്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക കേന്ദ്രമാക്കാന്‍ പദ്ധതിയിട്ട സ്ഥലമാണിത്.
ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ ചെന്നൈ ആസ്ഥാനമായുള്ള സഹാന റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ബില്‍ഡേഴ്‌സ് എന്ന കമ്പനിയുമായി കഴിഞ്ഞ മാസം 29-നാണ് രാജകുടുംബം കരാറില്‍ ഏര്‍പ്പെട്ടത്. വേണുഗോപാല്‍ വര്‍മ്മയാണ് രാജകുടുംബത്തിന് വേണ്ടി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
250 കോടി രൂപയുടെ ഇടപാടാണ് ഇതുവഴി നടത്താന്‍ ശ്രമിക്കുന്നത്. പൈതൃക പാരമ്പര്യമുള്ള ട്രാവന്‍കൂര്‍ ഹൗസും അതിനോട് ചേര്‍ന്നുള്ള എട്ടേക്കര്‍ ഭൂമിയാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2019-ല്‍ തിരുവിതാംകൂര്‍ രാജകുടുംബം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയത് ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥാവകാശം സംസ്ഥാനസര്‍ക്കാറിന് തന്നെയാണെന്നായിരുന്നു.
ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടയ്ക്കാണ് തിരുവിതാംകൂര്‍ രാജകുടുംബം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാനുള്ള കരാറുണ്ടാക്കിരിക്കുന്നത്. ഈ കരാറില്‍ പറഞ്ഞിരിക്കുന്നത് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി വാങ്ങുന്ന മുറയ്ക്ക് ഇടപാട് നടക്കുമെന്നാണ്. ഈ ഇടപാടില്‍ സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്നുള്ളത് നിര്‍ണായകമാണ്. 1930-ലാണ് ഡല്‍ഹിയില്‍ ട്രാവന്‍കൂര്‍ ഹൗസ് പണികഴിപ്പിച്ചത്. പിന്നീട് സ്വാതന്ത്യം ലഭിച്ചതിന് ശേഷം ഈ വസ്തു കേന്ദ്രസര്‍ക്കാരിന് കൈമാറി. ടെറിറ്റോറിയല്‍ ആര്‍മിയ്ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് വസ്തു കൈമാറിയത്.
അതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഈ ആസ്തി സംസ്ഥാന സര്‍ക്കാരിന് കൈമാറി. അന്നു മുതല്‍ സംസ്ഥാനസര്‍ക്കാരിന്റെ കൈവശമാണ് ഈ വസ്തുവും ബന്ധപ്പെട്ടുകിടക്കുന്ന എട്ടേക്കര്‍ ഭൂമിയുമിരിക്കുന്നത്. ഈ വസ്തുവിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും സംസ്ഥാനസര്‍ക്കാരാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താനിരിക്കെയാണ് തിരുവിതാംകൂര്‍ രാജകുടുംബം ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
തങ്ങള്‍ കൈവശാവകാശം മാത്രമാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നതെന്നും ഉടമസ്ഥാവകാശം രാജകുടുംബത്തിന് തന്നെയാണെന്നുമാണ് അവരുടെ വാദം. പക്ഷെ 2019-ല്‍ ഉടമസ്ഥാവകാശം സംസ്ഥാനസര്‍ക്കാരിന് തന്നെയാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. അന്നു മുതല്‍ ഈ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് സ്വകാര്യകമ്പനിയുമായി രാജകുടുംബം കരാറിലേര്‍പ്പെട്ടിരിക്കുന്നത്. സാംസ്കാരിക കേന്ദ്രം കൊണ്ടുവരാനുള്ള പദ്ധതി പലതരത്തിലുള്ള നിയമക്കുരുക്കിലായിരുന്നു. അതുകൊണ്ടാണ് അത് പൂര്‍ത്തിയാക്കാതിരുന്നത്. അതിനിടയിലാണ് പുതിയ രാജകുടുബത്തിന്റെ ഇത്തരത്തിലുള്ള നീക്കം.
click on malayalam character to switch languages