1 GBP = 106.70
breaking news

പേരറിവാളന്‍ തീവ്രവാദി; ഇരകളെ മറന്ന് പ്രതികളെ വാഴ്ത്തുന്നുവെന്ന് തമിഴ്‌നാട് മുന്‍ എസ്പി

പേരറിവാളന്‍ തീവ്രവാദി; ഇരകളെ മറന്ന് പ്രതികളെ വാഴ്ത്തുന്നുവെന്ന് തമിഴ്‌നാട് മുന്‍ എസ്പി

ജയില്‍മോചിതനായ പേരറിവാളന്‍ തീവ്രവാദി തന്നെയെന്ന് തമിഴ്‌നാട് മുന്‍ എഡിഎസ് പി അനുസൂയ ഏണസ്റ്റ് . സ്‌ഫോടനത്തില്‍ പരുക്കേറ്റ ഇരകളെ കുറിച്ച് ആരും ആലോചിക്കുന്നില്ല. ഇരകളെ മറന്ന് പ്രതികളെ ആരാധിക്കുകയാണ് എല്ലാവരും. ഇത് തെറ്റായ കീഴ്‌വഴക്കത്തിനു തുടക്കമാകുമെന്നും മുന്‍ എസ്പി പറഞ്ഞു.

സ്‌ഫോടന സമയത്ത് രാജീവ് ഗാന്ധിയുടെ അടുത്തുണ്ടായിരുന്നു താന്‍. ഇതില്‍ തന്നെപോലുള്ള ഇരകളെ സര്‍ക്കാര്‍ കാണുന്നുപോലുമില്ല. മുഖ്യമന്ത്രിയെയും സുപ്രിംകോടതിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അനുസൂയ ഏണസ്റ്റിന്റെ പ്രതികരണം.

അന്ന് സ്‌ഫോടനത്തില്‍ എല്ലാം നഷ്ടപ്പെട്ടവരും ജീവച്ഛവമായുള്ളവരും ഉണ്ട്. ഇവരെയൊന്നും സര്‍ക്കാരോ സുപ്രിംകോടതിയോ കാണുന്നില്ല. ഒരു പ്രതിയുടെ മോചനത്തിലൂടെ തെറ്റായ സന്ദേശമാണ് സുപ്രിംകോടതി ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അനുസൂയ പറഞ്ഞു.

ഒരു തീവ്രവാദിയെ പുറത്തിറക്കിവിട്ടതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. സ്‌ഫോടനത്തില്‍ എല്ലാം നഷ്ടപ്പെട്ടവരോടു ചെയ്യുന്ന അനീതിയാണിത്. ജീവപര്യന്തം തടവെന്നാല്‍ ജീവിതകാലം മുഴുവനും അകത്തു തന്നെ കിടക്കണം. അല്ലാതെ 31 വര്‍ഷത്തെ കണക്കുപറഞ്ഞ് ഒരു കുറ്റവാളിയെ പുറത്തുവിടുകയല്ല വേണ്ടത്.

സ്‌ഫോടന സമയത്ത് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ സമീപത്തുണ്ടായിരുന്നു അനുസൂയ. അന്ന് കാഞ്ചീപുരം വിമന്‍ സെല്ലിലെ എസ്‌ഐ ആയിരുന്നു ഇവര്‍. സ്‌ഫോടനത്തില്‍ രണ്ട് വിരലുകള്‍ തകര്‍ന്നു. കാലിലും കണ്ണിലും ഇരുമ്പ് ചീളുകള്‍ തറഞ്ഞു കയറി. അതിപ്പോഴും ശരീരത്തില്‍ തന്നെയുണ്ട്. അങ്ങനെ, തന്നെപോലെ ദുരിതം പേറി ജീവിയ്ക്കുന്ന നിരവധിയാളുകള്‍ക്കുള്ള തിരിച്ചടിയാണ് പേരറിവാളന്റെ മോചനമെന്ന് അനുസൂയ വിമര്‍ശിച്ചു.

പേരറിവാളന്റെ മോചനം ആഘോഷിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും അന്നത്തെ പൊട്ടിത്തെറിയുടെ ഭാരവും പേറി ജീവിയ്ക്കുന്ന ഒരാളുടെയെങ്കിലും പേരെങ്കിലും ഓര്‍മയുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അനുസൂയ ഏണസ്റ്റ് ചോദിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more