1 GBP = 107.78
breaking news

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ വിലക്കി കേന്ദ്രസര്‍ക്കാര്‍

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ വിലക്കി കേന്ദ്രസര്‍ക്കാര്‍

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത്തരം ലേല നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ സ്ഥാപനത്തിനും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചു.

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ശേഷം ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കവേയാണ് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ കേന്ദ്രം വിലക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും ലേല നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പല ഘട്ടത്തിലും സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് എച്ച്എല്‍എല്‍ ലേല നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ക്കോ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചത്.

സ്വകാര്യവല്‍ക്കരണ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ അത് ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുമ്പോള്‍ അതിനുള്ള അനുമതി പോലും സംസ്ഥാനങ്ങള്‍ക്ക് വിലക്കപ്പെടുന്നു എന്ന വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. വരുംദിവസങ്ങളില്‍ വിഷയത്തില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്താനാണ് കേരളം തയാറെടുക്കുന്നത്. ലോക്‌സഭയില്‍ ഉള്‍പ്പെടെ സംസ്ഥാനം ഈ വിഷയം ഉന്നയിക്കുമെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more