1 GBP = 106.38
breaking news

മലയാള ഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രഥമ കണിക്കൊന്ന പുരസ്കാരം മുഖ്യമന്ത്രി മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു; പുരസ്കാര തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി യുകെ ചാപ്റ്റർ മാതൃകയായി.

മലയാള ഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രഥമ കണിക്കൊന്ന പുരസ്കാരം മുഖ്യമന്ത്രി മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു; പുരസ്കാര തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി യുകെ ചാപ്റ്റർ മാതൃകയായി.

സുജു ജോസഫ്

മലയാളഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള ശ്രമങ്ങൾക്ക് മലയാളം മിഷൻ കരുത്ത് പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ചാപ്റ്ററുകളിൽ മാതൃഭാഷാ പ്രചാരണത്തിനായി നടത്തിയിട്ടുള്ള വിവിധ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ചാപ്റ്ററിന്
നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം.

പുരസ്കാര തുകയായ ഒരു ലക്ഷം രൂപ പിറന്ന നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ഉപകരിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും പ്രവർത്തക സമിതിയുടെ അംഗീകാരത്തോടുകൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകാൻ തയ്യാറാണെന്ന് പുരസ്‌കാര സമർപ്പണ ദിവസം മലയാളം മിഷൻ ഓഫീസിൽ അറിയിച്ചിരുന്നു. ഈ വിവരം മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട പുരസ്കാര വേദിയിൽ അറിയിച്ചത് എല്ലാ യുകെ മലയാളികൾക്കും അഭിമാനമായി.

ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇന്നത്തെ സുദിനം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് വളരെയധികം സന്തോഷം പകരുന്നതാണെന്നും ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം മലയാളം ഉണ്ടാവണമെന്നാണ് ഇടതുപക്ഷ ഗവൺമെൻറ് ലക്ഷ്യമിടുന്നതെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ സൂചിപ്പിച്ചു.

കണിക്കൊന്ന പുരസ്കാരത്തിന് പുറമേ മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള നൂതന ആശയം ആവിഷ്കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന പുരസ്കാരമായ ഭാഷാ പ്രതിഭാ പുരസ്കാരത്തിന് അർഹനായ അദ്ധ്യാപകൻ പ്രവീൺ വർമ്മ എംകെ ക്ക് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആൻറണി രാജു പുരസ്കാരം നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഭാഷാ പ്രതിഭാപുരസ്കാരം.

ഭാഷയുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും മികച്ച സംഭാവന നല്‍കിയ പ്രവാസ സംഘടനയ്ക്കു നല്‍കുന്ന പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്‌ക്കാരത്തിന് ബറോഡ കേരള സമാജം അര്‍ഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ പുരസ്കാരം ബറോഡ കേരള സമാജം ഭാരവാഹികൾക്ക് നൽകിയത് ധനമന്ത്രി കെ എം ബാലഗോപാലാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും കൃഷി വകുപ്പ് മന്ത്രി ജി ആർ അനിലും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സാംസ്കാരിക കാര്യ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് , ഐ എം ജി ഡയറക്ടറും പുരസ്ക്കാര നിർണയ കമ്മിറ്റി ചെയർമാനുമായ കെ ജയകുമാർ ഐഎഎസ് എന്നിവർ ആശംസകളർപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട സ്വാഗതവും രജിസ്ട്രാർ ഇൻചാർജ് സ്വാലിഹ എം വി നന്ദിയും പറഞ്ഞു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി നേതാക്കളും സന്നിഹിതരായിരുന്നു.

മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറും മുൻ കേരള ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐ എ എസ്, പ്രമുഖ സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ, കഥാകൃത്തും നോവലിസ്റ്റും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹൻകുമാർ ഐ എ എസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരങ്ങൾ നിർണ്ണയിച്ചത്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്കാരം യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിൽ നിസ്വാർത്ഥമായ സേവനം ചെയ്യുന്ന അധ്യാപകർക്കും, ചാപ്റ്റർ ഭാരവാഹികൾക്കും, പഠിതാക്കൾക്കും അവരുടെ മാതാപിതാക്കളുമുൾപ്പെടെയുള്ള യുകെയിലെ മുഴുവൻ ഭാഷാസ്നേഹികൾക്കുമായി സമർപ്പിക്കുന്നുവെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡെന്റ് സി. എ.ജോസഫ് അറിയിച്ചു.

മലയാളം മിഷന്റെ ചാപ്റ്ററുകളിലെ മികച്ച മാതൃഭാഷാ പ്രചാരണ പരിപാടികൾക്കുള്ള പ്രവർത്തനത്തിനങ്ങൾക്ക് നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്കാരത്തിന് അർഹമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ മുഴുവൻ ഭാരവാഹികളെയും തന്റെ ഫേസ് ബുക്ക് പേജിലൂടെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്‌ കെ മാണി എം പി അഭിനന്ദിച്ചു. പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുവാനായുള്ള മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്നും അഭിപ്രായപ്പെട്ട ജോസ് കെ മാണി എം പി
മലയാള ഭാഷയ്ക്കായി വിദേശത്തും ഇതര സംസ്ഥാനങ്ങളിലും സമർപ്പിത സേവനം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകളും നേർന്നു.

കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പുരസ്കാരങ്ങൾ ലഭിച്ച എല്ലാവർക്കും ഹൃദയാശംസകൾ നേർന്നു. കണിക്കൊന്ന പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാനുള്ള മാതൃകാപരമായ തീരുമാനമെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും നേതൃത്വത്തിലുള്ള ചാപ്റ്റർ ഭാരവാഹികളെ തന്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി റോഷി അഗസ്റ്റിൻ ഹാർദ്ദമായി അഭിനന്ദിക്കുകയും ചെയ്തു.

യുകെയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുള്ള നിരവധി ആളുകളാണ് കേരള ഗവൺമെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്കാരം ലഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിനെയും സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി ചാപ്റ്റർ ഭാരവാഹികൾ എടുത്ത തീരുമാനത്തെയും അഭിനന്ദിക്കുന്നത്.

പ്രഥമ കണിക്കൊന്ന പുരസ്കാരം ധന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ തയ്യാറാണെന്ന് അറിയിച്ചതനുസരിച്ച് യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിനും സെക്രട്ടറി എബ്രഹാം കുര്യനും മറ്റ് ചാപ്റ്റർ ഭാരവാഹികൾക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കത്തും മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നൽകുകയുണ്ടായി. ഈ സത്കർമ്മത്തിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ലായെന്നും മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളിലൂടെ യുകെ ചാപ്റ്റർ ലോക മലയാളികൾക്ക് മാർഗദീപമായി മാറട്ടെയെന്നും കത്തിലൂടെ അദ്ദേഹം ആശംസിച്ചു.

മലയാൺമ 2022 ന്റെ ഭാഗമായി മലയാളം മിഷൻ പ്രവാസി മലയാളികൾക്കായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം മരിയ റാണി സെന്ററിൽ ഭാഷാപരമായ ശില്പശാലയും നടത്തിയിരുന്നു. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നുമെത്തിയിട്ടുള്ള ഭാരവാഹികളും അധ്യാപകരുമാണ് ഭാഷാസംബന്ധിയായ നേതൃത്വ പരിശീലന കളരിയിൽ പങ്കെടുത്തത് . ക്യാമ്പിലെ വിവിധ സെഷനുകളിലായി കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍, കഥാകൃത്ത് അശോകന്‍ ചരുവില്‍, ഭാഷാവിദഗ്ധന്‍ എം സേതുമാധവന്‍, കവി വിനോദ് വൈശാഖി, കവി വി എസ് ബിന്ദു, ഭാഷാധ്യാപകന്‍ ഡോ. ബി ബാലചന്ദ്രന്‍, നാടന്‍പാട്ട് ഗായകന്‍ ജയചന്ദ്രന്‍ കടമ്പനാട്, കവി ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ ക്‌ളാസുകള്‍ നയിച്ചു. സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.

തുടർന്ന് തിരുവിതാംകൂർ ചരിത്ര സ്മാരകങ്ങളും സാംസ്കാരിക ശേഷിപ്പുകളും ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വിജ്ഞാന യാത്രയും നടത്തി മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ -2022 ന്റെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more