ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പുതിയ അഭിപ്രായ സർവേ ഫലം. 32 ശതമാനം വോട്ട് നേടി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം, പ്രതിപക്ഷത്ത് വലിയ ചലനങ്ങളുണ്ടാകും. കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തും.
23 ശതമാനം വോട്ടാണ് എഎപിക്ക് ലഭിക്കുക. മൂന്നാം സ്ഥാനത്തെത്തുന്ന കോണ്‍ഗ്രസിന് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സർവേയില്‍ വ്യക്തമാക്കുന്നു. എബിപി ന്യൂസ്-സിവോട്ടര്‍ സർവേ ഫലത്തിലാണ് ബിജെപി വീഴില്ല എന്ന് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.
വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് സർവേയില്‍ വ്യക്തമാക്കുന്നത്. എഎപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരെല്ലാം സമാന ചിന്താഗതിക്കാരായ വോട്ടര്‍മാരെയാണ് ലക്ഷ്യമിടുന്നത്. ഇതാണ് ബിജെപിക്ക് നേട്ടമാകുക. ബിജെപിക്ക് വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുമെന്നാണ് സൂചനകള്‍. 40 അംഗ നിയമസഭയാണ് ഗോവയിലേത്. ഇതില്‍ 21 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പുതിയ സർവേയില്‍ വ്യക്തമാക്കുന്നു.
അതേസമയം, എഎപി വലിയ മുന്നേറ്റമാണ് പ്രതിപക്ഷ നിരയില്‍ നടത്തുക. ഏഴ് സീറ്റ് വരെ എഎപിക്ക് കിട്ടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. നിലവില്‍ ഒരു സീറ്റ് പോലും എഎപിക്കില്ല. എഎപിക്ക് ഗോവയില്‍ എടുത്തുകാട്ടാന്‍ ഒരു മുഖമില്ല എന്നതാണ് വെല്ലുവിളി. കെജ്രിവാള്‍ തന്നെയാണ് ഇവിടെയും എഎപിയുടെ ബോര്‍ഡുകളില്‍ നിറയുന്നത്. എന്നിട്ടും എഎപിക്ക് കൂടുതല്‍ വോട്ട് ലഭിക്കുമെന്ന് സർവേയില്‍ പറയുന്നു.
അതേസമയം, കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേയില്‍ പറയുന്നു. ആറ് സീറ്റാണ് കോണ്‍ഗ്രസിന് ലഭിക്കുകയത്രെ. 2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 17 സീറ്റ് കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് പലപ്പോഴായി കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവയ്ക്കുകയായിരുന്നു.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ഗോവയില്‍ മല്‍സരിക്കാന്‍ എത്തുന്നത്. പക്ഷേ, വേണ്ടത്ര തിളങ്ങാന്‍ ടിഎംസിക്ക് സാധിക്കില്ലെന്നാണ് സർവേ ഫലം പറയുന്നത്. പ്രാദേശിക പാര്‍ട്ടിയായ എംജിപിയുമായി സഖ്യം ചേര്‍ന്നാണ് ടിഎംസി മല്‍സരിക്കുന്നത്. എട്ട് ശതമാനം വോട്ട് മാത്രമേ ഈ സഖ്യത്തിന് ലഭിക്കുകയുള്ളൂ. അതില്‍ 5.5 ശതമാനം എംജിപി വോട്ടുകളാണ്. ടിഎംസിക്ക് വേരുറപ്പിക്കാന്‍ സാധിക്കില്ല എന്ന് ചുരുക്കം. തൃണമൂലുമായി സഖ്യമുണ്ടാക്കിയ ശേഷം എംജിപിയുടെ ജനപ്രീതി ഇടിഞ്ഞു എന്നാണ് സർവേയില്‍ ചൂണ്ടിക്കാട്ടുന്നത്.
click on malayalam character to switch languages