അർവെൻ കൊടുങ്കാറ്റ് യുകെ യിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശുന്നു, കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു
Nov 27, 2021
സുരേന്ദ്രൻ ആരക്കോട്ട് (ന്യൂസ് എഡിറ്റർ)
അപൂർവമായ, ചുവപ്പ് നിറത്തിലുള്ള “ജീവന് അപകടം” എന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഇന്ന് പുലർച്ചെയോടെ സമാപിച്ചെങ്കിലും യുകെയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാറ്റിന്റെ ആമ്പർ, മഞ്ഞ മുന്നറിയിപ്പുകൾ നിലവിലുണ്ട്.
അർവെൻ കൊടുങ്കാറ്റ് യുകെയുടെ ചില ഭാഗങ്ങളിൽ 100 മൈൽ വേഗതയിൽ ചില പ്രദേശങ്ങളിൽ ആഞ്ഞടിച്ചു. നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു, അതേസമയം M62 ൽ 120 ലോറികൾ മഞ്ഞിൽ കുടുങ്ങിയതായി നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് പറഞ്ഞു.
പ്രധാനമായും നോർത്തംബർലാൻഡ്, കൗണ്ടി ഡർഹാം, ടൈൻ ആൻഡ് വെയർ ഏരിയകളിൽ, 55,000-ലധികം ഉപഭോക്താക്കൾക്ക് ശക്തമായ കാറ്റ് പവർ കട്ടിന് കാരണമായതായി നോർത്തേൺ പവർഗ്രിഡ് പറഞ്ഞു.
ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്‌ലൻഡിന്റെയും വടക്കുകിഴക്കൻ തീരങ്ങളിലും ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും തെക്കുപടിഞ്ഞാറൻ തീരങ്ങളിലും ആംബർ മുന്നറിയിപ്പുകൾ ഇന്ന് രാവിലെ 9 മണിക്ക് അവസാനിക്കും. ഇന്ന് വൈകുന്നേരം 6 മണി വരെ യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങൾക്കും മഞ്ഞ മുന്നറിയിപ്പ് ബാധകമാണ്.
തീർത്തും ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ മതിയെന്നാണ് ജനങ്ങൾക്കുള്ള നിർദ്ദേശ൦. ഒറ്റരാത്രികൊണ്ട് കാറ്റ് കനത്ത നാശമുണ്ടാക്കിയേക്കാം എന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
സ്കോട്ട്ലൻഡിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഭാഗങ്ങളിൽ വീണുകിടക്കുന്ന അവശിഷ്ടങ്ങൾ കാരണം റോഡുകൾ അടച്ചു, അതേസമയം ന്യൂകാസിലിന് വടക്കുള്ള LNER ട്രെയിൻ സർവീസുകളും നിലച്ചു, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉയർന്ന കാറ്റും കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു..
നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ തണുത്ത കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ന്യൂകാസിൽ ഫാൽക്കൺസും വോർസെസ്റ്റർ വാരിയേഴ്സും തമ്മിലുള്ള റഗ്ബി യൂണിയൻ പ്രീമിയർഷിപ്പ് ഗെയിം സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച വൈകുന്നേരം വരെ മാറ്റിവച്ചു.
നോർത്ത് വെയിൽസിൽ, ‘ഐ ആം എ സെലിബ്രിറ്റി’ യുടെ തത്സമയ എപ്പിസോഡിനായുള്ള പദ്ധതികൾ ഐടിവി ഉപേക്ഷിച്ചു.
വീണ മരങ്ങളും മേൽക്കൂരകളും ഘടനകളിൽ നിന്ന് പറന്നുപോകുന്നത് ഉൾപ്പെടെയുള്ള ഒട്ടേറെ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് മെർസിസൈഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് പറഞ്ഞു.
തിരമാലകളും അവശിഷ്ടങ്ങളും ജീവന് ഭീഷണിയായതിനാൽ ആളുകൾ തീരത്ത് നിന്ന് വിട്ടുനിൽക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സെപ്റ്റംബറിൽ ആരംഭിച്ച 2021/2022 സീസണിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റാണ് അർവെൻ. ഞായറാഴ്ചയോടെ നോർത്ത് സീ കടന്ന് യൂറോപ്പിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages