1 GBP = 106.65

ലോര്‍ഡ്‌സില്‍ ഇന്ത്യ പ്രതിരോധത്തില്‍; നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍

ലോര്‍ഡ്‌സില്‍ ഇന്ത്യ പ്രതിരോധത്തില്‍; നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍

ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഇന്ത്യ- ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ടെസ്റ്റില്‍ നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍. 154 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് നിലവില്‍ ഉള്ളത്. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി.

നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരുവരെയും വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചടിച്ചു. 206 പന്ത് നേരിട്ട് 45 റണ്‍സെടുത്ത പൂജാരയെ മാര്‍ക് വുഡ് പുറത്താക്കുകയായിരുന്നു. രഹാനെയെ മോയിന്‍ അലിയാണ് വീഴ്ത്തിയത്. 61 റണ്‍സാണ് രഹാനെ നേടിയത്.

അധികം വൈകാതെ രവീന്ദ്ര ജഡേജയെയും വീഴ്ത്തി മോയിന്‍ അലി ഇംഗ്ലണ്ടിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി. 14 റണ്‍സ് നേടിയ റിഷഭ് പന്തിനൊപ്പം 4 റണ്‍സുമായി ഇഷാന്ത് ശര്‍മ്മയാണ് ക്രീസിലുള്ളത്.

ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), വിരാട് കോഹ്ലി (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. മികച്ച ഫോമിലുള്ള കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് താരം ക്യാച്ച് നല്‍കുകയായിരുന്നു. രോഹിത് ഒരിക്കല്‍കൂടി മികച്ച തുടക്കത്തിന് ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു. വുഡിന്റെ തന്നെ പന്തില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ് താരം മടങ്ങുന്നത്. കോഹ്ലി കറന്റെ പന്തിലാണ് മടങ്ങുന്നത്. ഓഫ് സ്റ്റംമ്പിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു. ബട്ലര്‍ അത് കയ്യിലൊതുക്കി.

നേരത്തെ, നായകന്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് ആതിഥേയര്‍ക്ക് മത്സരത്തില്‍ ലീഡ് നേടിക്കൊടുത്തത്. 321 പന്തുകള്‍ നേരിട്ട റൂട്ട് 18 ബൗണ്ടറികള്‍ സഹിതമാണ് പുറത്താകാതെ 180 റണ്‍സ് നേടിയത്. ടെസ്റ്റ് കരിയറിലെ റൂട്ടിന്റെ 22 ആം സെഞ്ചുറിയും തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമാണിത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിലും റൂട്ട് സെഞ്ചുറി നേടിയിരുന്നു. റൂട്ടിന് പുറമെ 107 പന്തില്‍ 57 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയും 49 റണ്‍സ് നേടിയ റോറി ബേണ്‍സുമാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more