1 GBP = 106.85
breaking news

ഇംഗ്ലണ്ടിലെ കോവിഡ് ലോക്ക്ഡൗൺ ലഘൂകരണത്തിന് ഇനിയും നാല് ആഴ്ച കാലതാമസം!

ഇംഗ്ലണ്ടിലെ കോവിഡ് ലോക്ക്ഡൗൺ ലഘൂകരണത്തിന് ഇനിയും നാല് ആഴ്ച കാലതാമസം!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അവസാന ഘട്ടം ജൂലൈ 19 വരെ വൈകും. ഇതിനർത്ഥം, സാമൂഹ്യ സമ്പർക്കത്തിൽ അവശേഷിക്കുന്ന മിക്ക നിയന്ത്രണങ്ങളും ജൂൺ 21 ന് അപ്പുറത്തേക്ക് തുടരും.

വിവാഹങ്ങളിൽ പങ്കെടുക്കുന്ന അതിഥികളുടെ എണ്ണത്തിലുള്ള പരിധി നീക്കംചെയ്യും, പക്ഷേ സാമൂഹ്യ അകലം പോലെയുള്ള നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

രണ്ടാഴ്ചയ്ക്കുശേഷം അവലോകനം നടക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. നിയന്ത്രണങ്ങൾ നാല് ആഴ്ചയിൽ കൂടുതൽ നീട്ടേണ്ടി വരില്ലെന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 21 ന് ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിന്റെ നാലാം ഘട്ടവുമായി മുന്നോട്ട് പോയാൽ കോവിഡ് -19 ന് ആശുപത്രിയിൽ ചികിത്സ ആവശ്യമുള്ള ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വര്ധനവുണ്ടാകുമെന്നു സർക്കാരിനെ ഉപദേശിക്കുന്ന ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ്-19 ന്റെ ഇന്ത്യയിൽ കണ്ടെത്തിയ പുതിയ ഡെൽറ്റ വകഭേദം യുകെയിൽ പടരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൌൺ എടുത്തുമാറ്റുന്നതു 4 ആഴ്ചത്തേക്ക് വൈകിപ്പിക്കാൻ തീരുമാനമെടുത്തത്.

മുൻ നിശ്ചയിച്ചത് പ്രകാരം, ജൂൺ 21 ന് നാലാം ഘട്ടവുമായി മുന്നോട്ട് പോകുന്നത് വാക്സിനുകളെ മറികടക്കാൻ വൈറസിനു വഴിയൊരുക്കുമെന്നും, ഇത് ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായേക്കുമെന്നും ജോൺസൺ പ്രസ്താവിച്ചു.

യുകെയിൽ വാക്‌സിൻ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനാൽ കോവിഡ് രോഗബാധ മൂലമുള്ള ആശുപത്രി പ്രവേശനത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ക്ഡൗൺ കാലപരിധി നീട്ടിയത് വഴി പ്രതിരോധ കുത്തിവയ്പ് നൽകാൻ എൻ‌എച്ച്‌എസിന് ‘വളരെ നിർണായകമായ 4 ആഴ്ചകൾ’ കൂടി ലഭ്യമാവുമെന്ന് പ്രത്യാശിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

“ഞങ്ങൾ എല്ലാ ദിവസവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം, അപകടസാധ്യത കുറഞ്ഞുവെന്ന് ബോധ്യപ്പെടുകയാണെകിൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള സാധ്യത തള്ളി കളയുന്നില്ല”, അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ഒരു ഘട്ടത്തിൽ, വൈറസിനൊപ്പം ജീവിക്കാനും അത് പരമാവധി കൈകാര്യം ചെയ്യാനും നമ്മൾ പഠിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിയന്ത്രണങ്ങൾ ലഘൂകരിക്കേണ്ടതില്ല എന്ന തീരുമാനം “കനത്ത ഹൃദയത്തോടെ” യാണ് എടുത്തതെന്ന് പിന്നീട് കോമൺസിൽ എം‌പിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറയുകയുണ്ടായി. പുതിയ വകഭേദങ്ങൾ അപകടസാധ്യതകളെ അടിസ്ഥാനപരമായി മാറ്റുന്നില്ല എന്ന് തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളേണ്ടിവന്നത്.

രാജ്യത്തിന്റെ കൂടുതൽ പ്രദേശങ്ങളിൽ അധിക പരിശോധന സൗകര്യങ്ങളും വാക്സിനുകൾ ലഭ്യമാക്കുമെന്നും 23, 24 വയസ് പ്രായമുള്ളവർക്ക് ചൊവ്വാഴ്ച ഇംഗ്ലണ്ടിൽ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 21 മുതൽ എന്താണ് മാറുന്നത്?

  • വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും അതിഥികളുടെ എണ്ണം ഇനി 30 ആയി പരിമിതപ്പെടുത്തില്ല
  • എന്നാൽ വേദികൾ‌ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്, കൂടാതെ ആതിഥേയർ അപകടസാധ്യത വിലയിരുത്തേണ്ടതുണ്ട്
  • ടേബിൾ സേവനം ആവശ്യമാണ് – ഒരു ടേബിളിന് ആറ് പേർ – ഇൻഡോർ ഡാൻസ് ഫ്ലോറുകളൊന്നും അനുവദിക്കില്ല
  • പുറമെയുള്ള സന്ദർശനങ്ങളിൽ നിന്ന് മടങ്ങിയതിന് ശേഷം ,ഹോം ജീവനക്കാർക്ക് 14 ദിവസത്തേക്ക് ഇനി ഏകാന്തവാസം ഇരിക്കേണ്ടതില്ല. ആശുപത്രികളിലെ രാത്രി താമസം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള യാത്രകൾ ഇതിൽ പെടുന്നില്ല.

ലോക്‌ഡോൺ നീട്ടിയതിനാൽ എത്ര പേർക്ക് കൂടിക്കാഴ്ച നടത്താമെന്നതിന്റെ പരിധി ഇപ്പോഴും നിലനിൽക്കുന്നു, 30 വരെയുള്ള ഗ്രൂപ്പുകൾക്ക് പുറമെയുള്ള ഒത്തുകൂടലുകൾക്ക് അനുവാദമുണ്ടായിരിക്കും. ആറ് ആളുകൾ, അല്ലെങ്കിൽ രണ്ട് വീട്ടിലെ കുടുംബാംഗങ്ങൾക്ക് വരെ ഒരു വീടിനുള്ളിൽ ഒത്തുകൂടലിനു അനുവാദമുണ്ടായിരിക്കും.

എന്നിരുന്നാലും, നേരത്തെ പ്ലാൻ ചെയ്തത് പോലെ യൂറോ 2020 ഗെയിമുകൾ, വിംബിൾഡൺ, കലാ -സംഗീത പരിപാടികൾ തുടങ്ങിയ 15 ഇന പൈലറ്റ് ഇവന്റുകൾ പൂർത്തീകരിക്കും. പങ്കെടുക്കുന്നവർ വാക്സിനേഷന്റെ തെളിവോ അല്ലെങ്കിൽ സമീപകാല നെഗറ്റീവ് പരിശോധനാ ഫലമോ കാണിക്കേണ്ടതുണ്ട്. മറ്റ് വേദികളിൽ ശേഷി പരിധി തുടരും. നൈറ്റ്ക്ലബ്ബുകൾ അടച്ചിരിക്കും. ലോക്ക്ഡൌൺ പിന്വലിക്കുന്നതുവരെ സാധ്യമാകുന്നിടത്തോളം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ഉപദേശം തുടരും.

നിയന്ത്രണങ്ങളുടെ വിപുലീകരണം പാർലമെൻറിൽ ബുധനാഴ്ച ചർച്ച ചെയ്തു വോട്ടെടുപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു വലിയ കൺസർവേറ്റീവ് ബാക്ക്ബെഞ്ച് കലാപത്തിന് കാരണമായേക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ! .

ജൂലൈ 19 നകം തന്നെ, മൂന്നിൽ രണ്ട് മുതിർന്ന പൗരന്മാർക്ക് രണ്ട് കൊറോണ വൈറസ് കുത്തിവെപ്പുകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ജോൺസൺ പറഞ്ഞു.

ഇംഗ്ലണ്ടിലെ 40 വയസ്സിനു മുകളിലുള്ളവർക്കുള്ള ഡോസുകൾ തമ്മിലുള്ള കാലപരിധി 12 ൽ നിന്ന് എട്ട് ആഴ്ചയായി കുറയ്ക്കും.

എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് നൽകാ നുള്ള ലക്ഷ്യം ജൂലൈ 19 നുള്ളിൽ കൈവരിക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു..

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പുതിയ വിശകലനത്തിൽ, ഫൈസർ അല്ലെങ്കിൽ അസ്ട്രാസെനെക്ക വാക്സിൻ രണ്ട് ഡോസുകൾ എടുത്തവർക്ക് കോവിഡ് ഡെൽറ്റ വേരിയന്റ് പിടിപെട്ടാൽ പോലും ആശുപത്രി പ്രവേശനം തടയുന്നതിന് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്..

മുമ്പ് യുകെയിൽ ആധിപത്യം പുലർത്തിയിരുന്ന ആൽഫ (കെന്റ്) വേരിയന്റിനെ ചെറുക്കുന്നതിനുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തിയുമായി താരതമ്യപ്പെടുത്താവുന്നതാണ് ഇതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more